January 23, 2025 6:55 pm

ഉള്ളിൽ അഗ്നിപർവ്വതവും പേറി ജീവിക്കുന്ന എത്രകുട്ടികൾ!

കൊച്ചി:  ” ഉള്ളിൽ അഗ്നിപർവ്വതവും പേറി ജീവിക്കേണ്ടി വരുന്ന എത്രയോ കുട്ടികൾ നമുക്ക് ചുറ്റുമുണ്ട്? ആരാണ് അതിനു കാരണക്കാർ? ആ കുഞ്ഞുങ്ങളാണോ? ഭഗ്നഭവനങ്ങളും സ്നേഹരഹിതമായ ചുറ്റുപാടുകളും മനസ്സിലാക്കപ്പെടാത്തതിന്റെ വിങ്ങലുകളും അവഗണിത ബാല്യത്തിന്റെ മുറിപ്പാടുകളും ഒക്കെ അതിനു കാരണമാകാം.”മന്ത്രി ആർ ബിന്ദു ഫേസ്ബുക്കിലെഴുതുന്നു .
മൊബൈൽ പിടിച്ചു വച്ചതിനു കൊല്ലുമെന്ന് ഭീഷണി മുഴക്കിയ വിഡിയോയെക്കുറിച്ചാണ് ബിന്ദുവിന്റെ പ്രതികരണം.
“സാന്ത്വനത്തിന്റെ, ചേർത്തു പിടിക്കലിന്റെ ഒരു ആർദ്രസ്പർശം മതിയാകും അവനിൽ മാറ്റമുണ്ടാകാൻ എന്നു തോന്നുന്നു. ..അതിനുപകരം വീഡിയോ എടുത്തു പ്രചരിപ്പിക്കുന്നത് തീർച്ചയായും അദ്ധ്യാപകർക്ക് ചേർന്ന കാര്യമല്ല.ബിന്ദു  എഴുതുന്നു.
പോസ്റ്റിന്റെ പൂർണ രൂപം ചുവടെ

പാലക്കാട് ജില്ലയിലെ ഒരു സ്കൂളിൽ പ്ലസ് ടു വിന് പഠിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ മത്സരിച്ച് പ്രചരിപ്പിക്കുന്ന മുതിർന്നവരോട്,
ഉള്ളിൽ അഗ്നിപർവ്വതവും പേറി ജീവിക്കേണ്ടി വരുന്ന എത്രയോ കുട്ടികൾ നമുക്ക് ചുറ്റുമുണ്ട്? ആരാണ് അതിനു കാരണക്കാർ? ആ കുഞ്ഞുങ്ങളാണോ? ഭഗ്നഭവനങ്ങളും സ്നേഹരഹിതമായ ചുറ്റുപാടുകളും മനസ്സിലാക്കപ്പെടാത്തതിന്റെ വിങ്ങലുകളും അവഗണിത ബാല്യത്തിന്റെ മുറിപ്പാടുകളും ഒക്കെ അതിനു കാരണമാകാം. …
പ്രായപൂർത്തി ആകാത്ത ഒരു കുട്ടിക്ക്, തന്റെ വിദ്യാർത്ഥിക്ക് അവന്റെ വൈകാരിക സംഘർഷങ്ങളുടെ സന്ദർഭങ്ങളിൽ മനസ്സിലാക്കലിന്റെ, സാന്ത്വനത്തിന്റെ, ചേർത്തു പിടിക്കലിന്റെ ഒരു ആർദ്രസ്പർശം മതിയാകും അവനിൽ മാറ്റമുണ്ടാകാൻ എന്നു തോന്നുന്നു. ..അതിനുപകരം വീഡിയോ എടുത്തു പ്രചരിപ്പിക്കുന്നത് തീർച്ചയായും അദ്ധ്യാപകർക്ക് ചേർന്ന കാര്യമല്ല.
കേരളത്തിലെ സ്‌കൂളുകളിൽ എത്രയോ മാതൃകാപരമായ കാര്യങ്ങൾ നടക്കുന്നു. ..കുഞ്ഞുങ്ങളും അദ്ധ്യാപകരും ചേർന്ന് പഠനം പാൽപ്പായസമാക്കുന്ന, സർഗ്ഗാത്മകതയുടെ ചൈതന്യം നിറഞ്ഞ എത്രയോ വീഡിയോകൾ ബഹു വിദ്യാഭ്യാസ മന്ത്രി പങ്കു വെക്കാറുണ്ട്! അദ്ധ്യാപകക്കൂട്ടം എന്ന ഫെസ്ബുക്ക് ഗ്രൂപ്പിലും കാണാറുണ്ട് അപ്രകാരം ചില വീഡിയോകൾ. .. അവയൊന്നും ഷെയർ ചെയ്യാതെ, ഒരു കുഞ്ഞിന്റെ വിഹ്വലമുഹൂർത്തങ്ങൾ പങ്കു വെച്ച്, അവനെ ക്രിമിനലാക്കി, അത് സാമാന്യവത്ക്കരിച്ച് കേരളത്തിലെ കുഞ്ഞുങ്ങളെയാകെ മോശക്കാരായി ചിത്രീകരിക്കുന്ന മുതിർന്നവരേ, നിങ്ങളുടെ ഉള്ളിലെ സാഡിസ്റ്റിനെ കുടഞ്ഞുകളയാൻ സമയമായി എന്ന് അനുഭങ്ങളുടെ വെളിച്ചത്തിൽ വിനയപൂർവ്വം ഓർമ്മിപ്പിക്കുന്നു. …
മനുഷ്യമനസ്സുകൾ പ്രഹേളികകളാണ്. .. അവ നിർദ്ധാരണം ചെയ്യൽ എളുപ്പമല്ല. ..പക്ഷേ അതിനു ശ്രമിക്കേണ്ടത് ഉത്തരവാദിത്തപ്പെട്ട മനുഷ്യരുടെ ചുമതലയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News