February 22, 2025 11:09 pm

നിയമലംഘനം : ബി.ബി.സി ക്കും ഡയറക്ടര്‍മാര്‍ക്കും ഇ ഡി പിഴയിട്ടു

ന്യൂഡല്‍ഹി: വിദേശ വിനിമയ ചട്ടത്തിന്റെ ലംഘനത്തിന് ബി.ബി.സി. ഇന്ത്യയ്ക്കും അതിന്റെ ഡയറക്ടര്‍മാര്‍ക്കും എൻഫോഴ്സ്മെൻ്റ് (ഇ.ഡി) പിഴ ശിക്ഷ വിധിച്ചു.

ബി.ബി.സി. ഇന്ത്യയ്ക്ക് 3.44 കോടി രൂപയാണ് പിഴ. ഡയറക്ടര്‍മാരായിരുന്ന ഗിലെസ് ആന്റണി ഹണ്ട്, ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കിള്‍ ഗിബ്ബണ്‍സ് എന്നിവര്‍ ഓരോരുത്തര്‍ക്കും 1,14,82,950 രൂപ വീതമാണ് പിഴയിട്ടത്. നിയമലംഘനം നടന്ന കാലയളവില്‍ കമ്പനിയുടെ തലപ്പത്തുണ്ടായിരുന്നവര്‍ ഇവരായിരുന്നു..

ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുള്ള വിദേശഫണ്ടിന്റെ പരിധി 26 ശതമാനമാണെന്ന ചട്ടം ലംഘിച്ചതിനാണ് പിഴയിട്ടതെന്നും ഇ.ഡി. വ്യക്തമാക്കി. 2021 ഒക്ടോബര്‍ 15 മുതല്‍ ഓരോ ദിവസവും 5000 രൂപ എന്ന കണക്കിനാണ് ബി.ബി.സി. ഇന്ത്യയ്ക്ക് പിഴ. 3,44,48,850 രൂപയാണ് കൃത്യം പിഴത്തുക.

വിദേശ വിനിമയ ചട്ടം അനുസരിച്ച് 2023 ഏപ്രിലിലാണ് കേസെടുത്തത്. നികുതി വെട്ടിപ്പിനും വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചതിനുമായിരുന്നു കേസ്.

ആ വർഷം ഫെബ്രുവരിയില്‍ ബി.ബി.സി യുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇ.ഡിയും കേസ് രജിസ്റ്റര്‍ ചെയ്തത്. പിടിച്ചെടുത്ത നികുതിരേഖകളും ലാപ്‌ടോപ്പുകളും വിശദമായി പരിശോധിച്ച ശേഷമായിരുന്നു കേസ്.

ആദായനികുതി സംബന്ധിച്ച ഇന്ത്യയിലെ നിയമങ്ങള്‍ ബിബിസി, പാലിക്കുന്നില്ലെന്ന് ആദായനികുതി വകുപ്പ് ആരോപിച്ചിരുന്നു. ലാഭവിഹിതം രാജ്യത്തുനിന്ന് പുറത്തുകൊണ്ടുപോകുമ്പോഴുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ല. നോട്ടീസുകള്‍ക്ക് മറുപടി നല്‍കിയില്ലെന്നും വകുപ്പ് കുററപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News