തിരുവനന്തപുരം: മദ്യനയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി എം ബി രാജേഷ്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് എന്നിവർ പച്ചക്കള്ളം പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ.
ഇരുവരൂം രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിന് മുന്നിൽ സതീശൻ ആറ് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.
മദ്യനയത്തിൽ യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മേയ് 21-ന് ടൂറിസം വകുപ്പ് വിളിച്ച യോഗത്തിൽ ഡ്രൈ ഡേ വിഷയം ചർച്ച ആയെന്നും തുടർന്നാണ് പണപ്പിരിവ് നടന്നത്. സൂം മീറ്റിങ്ങിന്റെ ലിങ്ക് അടക്കം പുറത്തുവിട്ടാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
പ്രതിപക്ഷ നേതാവിൻ്റെ ചോദ്യങ്ങൾ ഇങ്ങനെ:
1. ടൂറിസം വകുപ്പ് എന്തിന് എക്സൈസ് വകുപ്പിനെ മറികടന്നു?
2. മന്ത്രിമാർ എന്തിന് കള്ളം പറഞ്ഞു?
3. മന്ത്രി എം.ബി. രാജേഷ് എന്തിന് ഡി.ജി.പിക്ക് പരാതി നൽകി?
4. ടൂറിസം മന്ത്രി ബാർ നയത്തിൽ തിടുക്കത്തിൽ ഇടപെട്ടത് എന്തിന്?
5. കെ.എം. മാണിക്കെതിരേ ആരോപണം വന്നപ്പോൾ സ്വീകരിച്ച വിജിലൻസ് അന്വേഷണമാതൃക എന്തുകൊണ്ട് സ്വീകരിച്ചില്ല?
6.മുഖ്യമന്ത്രി എന്തിന് മൗനം നടിക്കുന്നു?
ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത് അഴിമതി ആരോപണത്തെക്കുറിച്ചല്ല എന്ന് സതീശൻ പറഞ്ഞു. എങ്ങനെയാണ് വാർത്ത പുറത്തുവന്നു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്താൻ ശ്രമിക്കുന്നത്. ഇത് വിചിത്രമാണ്.
മുഹമ്മദ് റിയാസിൻ്റെ ടൂറിസം വകുപ്പ് വിഷയത്തിൽ അനാവശ്യ ഇടപെടൽ നടത്തിയിട്ടുണ്ട്. അബ്കാരി നയത്തിലെ മാറ്റങ്ങൾ വരുത്തേണ്ടത് എക്സൈസ് വകുപ്പാണ്. അതിൽ ടൂറിസം വകുപ്പിന് എന്താണ് കാര്യം. ടൂറിസം വകുപ്പ് എന്തിനാണ് ബാർ ഉടമകളുടെ യോഗം വിളിക്കുന്നത് ? ടൂറിസം വകുപ്പ് , എക്സൈസ് വകുപ്പിൽ കൈകടത്തി എന്ന ആക്ഷേപം മന്ത്രി രാജേഷിനുണ്ടോ ? അദ്ദേഹം ചോദിച്ചു