ന്യൂഡല്‍ഹി:ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറാകാതിരുന്നത് കൊണ്ട് ടോക്യോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് കൂടിയായ ഇന്ത്യന്‍ ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍.
ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (എന്‍എഡിഎ)യുടേതാണ് നടപടി.സോനിപത്തില്‍ നടന്ന ട്രയല്‍സിനിടെ പരിശോധനയ്ക്ക് തയ്യാറാകാതിരുന്നതിനാലാണ് സസ്‌പെന്‍ഷന്‍.
ട്രയല്‍സില്‍ രോഹിത് കുമാറിനോട് പരാജയപ്പെട്ട പുനിയ ക്ഷുഭിതനായി ട്രയല്‍സ് നടന്ന സ്‌പോര്‍ട്‌സ് അതോറിറ്റി കേന്ദ്രത്തില്‍ നിന്നിറങ്ങിപ്പോയിരുന്നു.
സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ പുനിയയ്ക്ക് ഏതെങ്കിലും ടൂര്‍ണമെന്റിലോ ട്രയല്‍സിലോ പങ്കെടുക്കാന്‍ സാധിക്കുകയില്ല. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാല്‍ ടോക്യോ ഒളിമ്പിക്‌സിലെ മെഡല്‍ ജേതാവ് എന്ന നിലയില്‍ മേയ് 31-ന് നടക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കാന്‍ പുനിയയ്ക്ക് ക്ഷണം ലഭിച്ചേക്കും.