ബാബറി മസ്ജിദ് : നരസിംഹ റാവു മൗനാനുവാദം നൽകിയോ ?

കൊച്ചി: അയോധ്യയിലെ വിവാദ മന്ദിരമായ ബാബറി മസ്ജിദ് പൊളിച്ചെന്ന വാര്‍ത്ത മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന് ഞെട്ടലുണ്ടാക്കിയെന്ന് സി ആർ പി എഫ് മുന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ വി മധുസൂദനന്‍. റാവുവിന് സംരക്ഷണ വലയം ഒരുക്കിയിരുന്ന എസ്.പി. ജി സംഘത്തിൻ്റെ തലവനായിരുന്നു അദ്ദേഹം.

മസ്ജിദ് പൊളിക്കാന്‍ റാവു മൗനാനുവാദം നല്‍കിയെന്ന ആരോപണം തെറ്റാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ എക്സ്പ്രസ് ഡയലോഗ്സില്‍  അദ്ദേഹം പറഞ്ഞു.

‘ബാബറി മസ്ജിദ് പൊളിച്ച 1992 ഡിസംബര്‍ ആറിന് ഒരുപാട് കാര്യങ്ങള്‍  പ്രധാനമന്ത്രിയുടെ  വസതിയിൽ   സംഭവിച്ചു. ഇന്റലിജന്‍സ് ബ്യൂറോ ചീഫും മറ്റുള്ളവരും വരുകയും പോവുകയും ചെയ്തു. എന്റെ അറിവില്‍ നരസിംഹ റാവുവും ഞെട്ടലോടെയാണ്  ഈ വാർത്ത കേട്ടത്.

സാധാരണ ഞായറാഴ്ചയായിരുന്നു അത്. റേസ് കോഴ്‌സ് റോഡിലെ വസതിയില്‍ വിശ്രമിക്കുകയായിരുന്നു  പ്രധാനമന്ത്രി.  പെട്ടെന്നാണ് ടിവിയില്‍ ഫ്ലാഷ് പോയത്. അദ്ദേഹത്തിന്റെ പിഎ ആയ പാണ്ഡെ, പ്രധാനമന്ത്രിയുടെ മുറിയില്‍ പോയി കാര്യം പറഞ്ഞു.

സാധാരണ പ്രധാനമന്ത്രി പിഎയുടെ റൂമില്‍ വരാറില്ല. ആ ദിവസം അദ്ദേഹം പിഎയുടെ മുറിയിലേക്ക് വരികയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയേയും മറ്റും ഫോണ്‍ വിളിക്കുകയും ചെയ്തു. അതില്‍ നിന്ന് എനിക്ക് മനസിലായത് അദ്ദേഹത്തിനും അത് ഞെട്ടലുണ്ടാക്കി എന്നാണ്.’

‘നരസിംഹ റാവുവിന്റെ മൗനാനുവാദത്തോടെയാണ് ബാബറി മസ്ജിദ് പൊളിച്ചത് എന്നാണ് ആരോപണം. എന്നാല്‍ അങ്ങനെ പറയുന്നത് ശരിയല്ല. ഇത്തരം സാഹചര്യങ്ങളില്‍ അദ്ദേഹം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചില്ലെന്ന് പറയാം. എന്റെ അറിവില്‍ അദ്ദേഹം തെറ്റുകാരനല്ല. ഇതിലൊന്നും അദ്ദേഹം വിശദീകരണം നല്‍കിയിരുന്നില്ല. അത് അദ്ദേഹത്തിന്റെ രീതിയാണ്.

മുന്‍കൈയെടുത്ത് കാര്യങ്ങള്‍ ചെയ്യാതിരിക്കുക എന്നത് അദ്ദേഹത്തിന്റെ പൊതു സ്വഭാവമായിരുന്നു. ‘പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വന്ന് അവിടത്തെ സര്‍ക്കാരിനെ താഴെയിറക്കാന്‍ അഭ്യര്‍ത്ഥിക്കും. അദ്ദേഹംഅവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കും.

എന്നിട്ട് അവരോട് പറയും: ‘ഞാന്‍ അത് ചെയ്യാന്‍ പോകുന്നില്ല. അവര്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്. കഠിനാധ്വാനം ചെയ്യുക, അവരുടെ കാലാവധി അവസാനിക്കുന്നതുവരെ കാത്തിരിക്കുക.’ നിരാശരായ നേതാക്കള്‍ അദ്ദേഹം നിഷ്‌ക്രിയനാണെന്നും പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപിക്കും.’- മധുസൂദനന്‍ പറഞ്ഞു.