ആർ. ഗോപാലകൃഷ്ണൻ
പാർശ്വവല്‍ക്കരിക്കപ്പെട്ട പണിയാളുകളെ പടയാളികളാക്കി മാറ്റി സാമൂഹ്യപരിവര്ത്തനത്തിന് പാതയൊരുക്കിയ മഹാത്മൻ:>
അധഃസ്ഥിതരായി കണക്കാക്കിയിരുന്ന സമുദായാംഗങ്ങളെ സമൂഹത്തിന്റെ മുൻ നിരയിലേക്കു കൊണ്ടുവരാൻ അയ്യങ്കാളി നടത്തിയ ശ്രമങ്ങളെ ആരാധനയൊടെയല്ലാതെ കാണാൻ കഴിയില്ല…
പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യൻകാളി. സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻകാളി പോരാടിയത്.
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ ഗ്രാമത്തിൽ 1863 ഓഗസ്റ്റ് 28-നാണ് (കൊല്ലവർഷം 1039, ചിങ്ങം 14, അവിട്ടം നാൾ) അയ്യങ്കാളി ജനിച്ചത്. പിതാവ്: അയ്യൻ; മാതാവ്: മാല. കുട്ടിക്കാലത്ത് കാളി എന്ന് വിളിക്കപ്പെട്ടിരുന്ന ഇദ്ദേഹം, പിതൃനാമം കൂടിചേർത്തു ‘അയ്യങ്കാളി’ എന്നറിയപ്പെട്ടു.
ജന്മിമാരുടെ നെല്ലറകൾ നിറയ്ക്കാൻ അഹോരാത്രം പണിയെടുക്കുക എന്നതു മാത്രമായിരുന്നു കേരളത്തിലെ അന്നത്തെ സാമൂഹിക വ്യവസ്ഥിതി അധഃസ്ഥിതർക്കു കല്പിച്ചു നൽകിയ ധർമ്മം. മണ്ണിൽ കുഴികുത്തി അതിൽ ഇലവച്ചായിരുന്നു ഇവർക്കു ഭക്ഷണം നൽകിയിരുന്നത്. പൊതുസ്ഥലങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെട്ടു.
ഈ ഉച്ചനീചത്വങ്ങൾക്കെതിരെ അധഃസ്ഥിതരുടെ ഇടയിൽ നിന്നും ആദ്യമുയർന്ന സ്വരമായിരുന്നു അയ്യങ്കാളിയുടേത്. സ്വസമുദായത്തിൽ നിന്നുതന്നെ ഉയർന്ന എതിർപ്പുകൾ അവഗണിച്ച് മുപ്പതാം വയസിൽ കിരാത നിയമങ്ങൾക്കെതിരെ അദ്ദേഹം പോരിനിറങ്ങി. തുടക്കത്തിൽ അദ്ദേഹം ഏകനായിരുന്നു. പിന്നീട് ഏതാനും യുവാക്കളെ സംഘടിപ്പിച്ചു.
ജന്മികളുടെ തടിമിടുക്കിനോടു മല്ലിടാൻ കായികാഭ്യാസിയെ കൊണ്ടുവന്ന് അടിതടകൾ പരിശീലിപ്പിച്ചു. തന്റെ കൂടെയുള്ളവരെ ഒരു ഏറ്റുമുട്ടലിനു സജ്ജമാക്കുകയായിരുന്നു അയ്യങ്കാളി. 1898-99 കാലഘട്ടങ്ങളിൽ ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം തുടങ്ങി അദ്ദേഹത്തിന്റെ സ്വാധീനമേഖലകളിലെല്ലാം മാടമ്പികളുമായി ശക്തമായ ഏറ്റുമുട്ടലുകളുണ്ടായി.
തിരുവിതാംകൂറിൽ കാർഷികത്തൊഴിലാളി കളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യങ്കാളിയായിരുന്നു. തൊഴിൽ ചെയ്യുന്നവരുടെ അവകാശങ്ങൾ ഒരു പരിധിവരെ അംഗീകരിക്കപ്പെട്ടതോടെ 1905-ൽ സമരം ഒത്തുതീർപ്പായി.
ഐതിഹാസികമായ കേരളാ നോവോഥാന ചിത്രത്തിലെ ഒരു സുവർണ്ണ അധ്യായമാണ്, അയ്യങ്കാളിയുടെ ‘വില്ലുവണ്ടി സമരം’ 1893-ൽ വെങ്ങാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തി.1893 പുലയജാതിയിൽ ജനിച്ച അയ്യങ്കാളിക്കു് ചെറുപ്പം മുതൽ തന്നെ അനുഭവിക്കേണ്ടി വന്ന ഒരു സാമൂഹിക അസമത്വമാണ് സഞ്ചാര സ്വാതന്ത്ര്യ നിഷേധം. വിശേഷ വസ്ത്രങ്ങളണിഞ്ഞ് വില്ലുവണ്ടിയിലായിരുന്നു അക്കാലത്തെ പ്രമാണിമാരുടെ സഞ്ചാരം. ഇവരുടെ യാത്രക്കിടയിൽ ചെന്നുപെടുന്ന കീഴാളർ വഴിമാറി നടക്കേണ്ടിയിരുന്നു.
അയ്യങ്കാളി ഒരു കാളവണ്ടി (വില്ലുവണ്ടി) വാങ്ങി, മുണ്ടും മേൽമുണ്ടും വെള്ള ബനിയനും തലപ്പാവും ധരിച്ചു്, പൊതുവീഥിയിലൂടെ സാഹസിക യാത്രനടത്തി. സവർണ്ണ ജാതിക്കാർ ഈ യാത്ര തടഞ്ഞു. അയ്യങ്കാളി തന്റെ കയ്യിലുണ്ടായിരുന്ന കത്തി വലിച്ചൂരി സവർണ്ണരെ വെല്ലുവിളിച്ചു. അയ്യങ്കാളിയെ എതിരിടാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. അദ്ദേഹം ആരേയും കൂസാതെ തന്റെ വണ്ടിയിൽ യാത്ര തുടർന്നു. ആവേശഭരിതരായ അനുയായികൾ അദ്ദേഹത്തിന് അകമ്പടി സേവിച്ചു.
1915-ൽ നടന്ന ചരിത്രപ്രസിദ്ധമായ ഈ മഹാസഭയിൽവച്ച് ജാതീയതയുടെ അടയാളമായ കഴുത്തിലെ കല്ലയും മാലയും ഉപേക്ഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സാധുജനങ്ങളുടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഉയർന്ന ജാതിക്കാർ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയ്യങ്കാളിയുടെ ആഹ്വാനം കേട്ട സ്ത്രീകൾ ആവേശത്തോടെ കല്ലയും മാലയും വലിച്ചെറിഞ്ഞു. വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്. ‘കല്ലുമാല സമരം’ എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത്. അധഃസ്ഥിത സമൂഹത്തിൻ്റെ വിദ്യാഭ്യാസ അവകാശ സമരങ്ങൾ നടത്തുന്നതിൽ അയ്യങ്കാളി ചരിത്രം സൃഷ്ടിച്ചു.
1941 ജൂൺ 18-ാം തിയതി, 79-ാം വയസ്സിൽ, അയ്യങ്കാളി അന്തരിച്ചു. കേരള നവോത്ഥാനത്തിന്റെ മുന്നണി പോരാളികളിൽ പ്രമുഖനായി ഈ നാമം ആദരിക്കപ്പെടുന്നു ….
———————————————————————————————————–
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
————————————————————
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക