ദളിതരുടെ പ്രവർത്തനങ്ങളെ വർഗീയതയായി കമ്മ്യൂണിസം ഉയർത്തി കാട്ടി

In Featured, Special Story
June 18, 2024
“ദളിതരുടെ മാത്രം സമുദായ പ്രവർത്തനങ്ങളെ വർഗീയതയായി സ്ഥാപിച്ചെടുക്കുന്നതിൽ അക്കാലത്തെ സവർണ്ണ കമ്മ്യൂണിസം വിജയം വരിച്ചിട്ടുണ്ട് ..മുൻകാലങ്ങളിൽ ഉണ്ടായിരുന്നത് ശാരീരിക അടിമത്വം മാത്രമായിരുന്നുവെങ്കിൽ,
ആത്മീയ അടിമത്വം കൂടി സ്വീകരിച്ച് ദളിതർ അവരുടെ സാമുദായിക മുന്നേറ്റത്തെ പലയിടങ്ങളിലും നിശ്ചലമാക്കിയിട്ടുണ്ട്…അയ്യൻകാളിയുടെ ചരമദിനത്തിൽ   ഡോക്ടർ എ കെ വാസു ഫേസ്ബുക്കിലെഴുതുന്നു.
അറുപതോളം വരുന്ന സമാന ജാതികൾ ചേർന്ന് നായർ സർവീസ് സൊസൈറ്റിയും, ഈഴവ തീയ്യ ബില്ലവ തുടങ്ങിയ വിഭാഗങ്ങൾ ചേർന്ന് എസ് എൻ ഡി പിയും സമുദായമായി വികസിച്ചപ്പോൾ, ദളിത് സമുദായം വീണ്ടും പാറയിൽ ഇടിച്ച കപ്പൽപോലെ തകർന്നുപോയി .
എ കെ വാസു തുടരുന്നു..

 

 

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ :———-

ഹാത്മാ അയ്യൻകാളിയുടെ അന്ത്യകാലം ഒട്ടും മനസമാധാനത്തിന്റേതായിരുന്നില്ല…… അദ്ദേഹം ജീവിതംകൊടുത്തു നിർമ്മിച്ച, സാധുജന പരിപാലനസംഘമെന്ന ആത്മാഭിമാനപ്രസ്ഥാനം പലതരത്തിൽ ശിഥിലമായിരുന്നു.അപര മനുഷ്യരെയെല്ലാം ഉൾച്ചേർത്ത് അദ്ദേഹം നിർമ്മിച്ച സംഘടന ഉപജാതികളായി ശിഥിലമാകാൻ തുടക്കമിട്ടിരുന്നു.അത് ശിഥിലമാക്കാനുള്ള അഭിജാത അതിബുദ്ധിഇടപാടുകൾ വിജയിച്ചു
എന്നുവേണം പറയാൻ.
അറുപതോളം വരുന്ന സമാന ജാതികൾ ചേർന്ന് നായർ സർവീസ് സൊസൈറ്റിയും,
ഈഴവ തീയ്യ ബില്ലവ തുടങ്ങിയ വിഭാഗങ്ങൾ ചേർന്ന് എസ് എൻ ഡി പിയും സമുദായമായി വികസിച്ചപ്പോൾ,
ദളിത് സമുദായം വീണ്ടും പാറയിൽ ഇടിച്ച കപ്പൽപോലെ തകർന്നുപോയി .
ദളിതരുടെ മാത്രം സമുദായ പ്രവർത്തനങ്ങളെ വർഗീയതയായി സ്ഥാപിച്ചെടുക്കുന്നതിൽ അക്കാലത്തെ സവർണ്ണ കമ്മ്യൂണിസം വിജയം വരിച്ചിട്ടുണ്ട്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ,
മുടിയനായ പുത്രൻ തുടങ്ങിയ
തോപ്പിൽ ഭാസിയുടെ നാടകങ്ങളിൽ ഇക്കാര്യം വ്യക്തമാണ് .

(വിദ്യാഭ്യാസം നേടിയ സമുദായിക നേതാവ്, ശാസ്ത്രികളെ പരിഹാസ്യനും പെണ്ണുപിടിയനുമായി തോപ്പിൽഭാസി അവതരിപ്പിച്ചിട്ടുണ്ട് )
അയ്യങ്കാളിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘തൊഴിലാളി ‘ എന്ന പത്രംനടത്തിപ്പിനാൽ ,
വലിയ കടങ്ങൾ പെരുകുന്നതും .
അനുജൻ പലതരം പ്രശ്നങ്ങളിൽപ്പെട്ട് തകരുന്നതുമൊക്കെ അയ്യൻകാളിയെ അവസാന കാലത്ത് വലിയ പ്രതിസന്ധിയിലാക്കിയ കാര്യം
ടി എച്ച്പി ചെന്താരശ്ശേരി മാഷ് ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞത് ഓർക്കുന്നു .
ബ്രാഹ്മണിസത്തിൽ അധിഷ്ഠിതമായ ജാതിസവർണ്ണത അയ്യൻകാളിക്ക് മുന്നിൽ കുറച്ചുകാലം പത്തിതാഴ്ത്തിയെങ്കിലും നവോത്ഥാനാനന്തരം അത് പലതരത്തിൽ ഫണമുയർത്തി നിൽക്കുന്നത് വ്യക്തമാണ്. മുൻകാലങ്ങളിൽ ഉണ്ടായിരുന്നത് ശാരീരിക അടിമത്വം മാത്രമായിരുന്നുവെങ്കിൽ,
ആത്മീയ അടിമത്വം കൂടി സ്വീകരിച്ച് ദളിതർ അവരുടെ സാമുദായിക മുന്നേറ്റത്തെ പലയിടങ്ങളിലും നിശ്ചലമാക്കിയിട്ടുണ്ട്.
അയ്യൻകാളിയുടെ കാലത്തുണ്ടായ സ്വാശ്രയത്വത്തിൽ നിന്നും പരാശ്രയത്തിലേക്ക് പിന്നീട് ദലിത് ജനത കൂപ്പുകുത്തുന്നതാണ് കാണുന്നത്. ബുദ്ധിയായി വികസിക്കേണ്ട സാമുദായിക വിഭാഗം ബുദ്ധിയില്ലാത്ത കൈകൾ മാത്രമായി മാറുന്നതാണ് ശേഷമുള്ളകാലം.
നവോത്ഥാനാനന്തരം അവർക്കുള്ളത് സവർണ്ണ നേതാക്കളെ ഒളിപ്പിച്ചുപിടിച്ചതിന്റെ കാല്പനികകഥകൾ മാത്രമാണ്.
ഒളിവിലെ ഓർമ്മകളിലെ
ഒളിച്ചിരുന്ന ഇരുട്ടിലാണ് ആ ജനത ഇപ്പോഴുമുള്ളത്.
ഭൂപരിഷ്കരണം വഴി ഇതര വിഭാഗങ്ങൾക്ക് കൃഷിഭൂമികൾ കിട്ടിയപ്പോൾ ദലിത് വിഭാഗത്തിന്
ആരാലുംആക്ഷേപിക്കപ്പെടുന്ന
5 സെൻറ്”ഹരിജൻകോളനികൾ “
കിട്ടിയതിനേക്കാൾ വലിയ ഉദാഹരണം ഇക്കാര്യത്തിൽ മുന്നോട്ടുവെക്കേണ്ടതില്ല .

ഭൂമിക്കുവേണ്ടി പിന്നീടുണ്ടായ സമരങ്ങളെയെല്ലാം ” തീവ്രവാദം ” എന്ന് മുദ്രകുത്തി പിന്നോട്ടടിപ്പിച്ചതും ഇടത് വലത് ഭേദമില്ലാത്ത സവർണ്ണ രാഷ്ട്രീയത്തിന്റെ വിജയം തന്നെയാണ്.
അയ്യൻകാളിയുടെ ചരമദിനത്തെ ഓർത്തുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറയുമ്പോൾ അയ്യൻകാളി ഏറ്റെടുത്ത സ്വാഭിമാനമെന്ന രാഷ്ട്രീയ വിഷയത്തിൽ ഓരോരുത്തരുടെയും നിലപാട് എന്തെന്ന് ആത്മ പരിശോധന നടത്തേണ്ടതുണ്ടെന്ന് പ്രത്യാശിക്കുന്നു .
മരണമടുത്തെത്തിയ തൊട്ടടുത്ത കാലങ്ങളിൽ ആ മഹാ മനുഷ്യൻ ചിന്തിച്ചുകൂട്ടിയ അത്മദുഃഖങ്ങളെ വഴിമുട്ടലുകളെ ഓർത്തെടുക്കുന്നു ഓർമ്മിപ്പിക്കുന്നു……..
അയ്യൻകാളിയുടെ ഓർമ്മകൾ മാത്രമല്ല ,
ചരിത്ര പാഠങ്ങളുമാണ് അപരവൽക്കരിക്കപ്പെട്ട സാമൂഹ്യവിഭാഗങ്ങൾ ഏറ്റെടുക്കേണ്ടത്.
(ചിത്രത്തിന് EV അനിലിനോട് കടപ്പാട് )