അയോധ്യ: സാമ്പത്തിക ഞെരുക്കവും രൂപകല്പനയിൽ വരുത്തിയ മാററവും മൂലം ധനിപൂരിലെ മുഹമ്മദ് ബിന്‍ അബ്ദുല്ല മുസ്ലിം പള്ളിയുടെ നിര്‍മാണം വൈകുന്നു.
രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിലെ വിധിയില്‍ ധനിപൂരില്‍ പള്ളി പണിയാമെന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. പണി മെയ് മാസത്തില്‍ ആരംഭിക്കുമെന്ന് ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ചീഫ് ട്രസ്റ്റി സുഫര്‍ ഫാറൂഖി അറിയിച്ചു. ഇതിനായി ധന സമാഹരണം ഫെബ്രുവരിയിൽ ആരംഭിക്കും.
2019 നവംബര്‍ 9 നാണ് ബാബാറി മസ്ജിദ് – രാമജന്മഭൂമി കേസിൽ സുപ്രീംകോടതി വിധി പറഞ്ഞത്. അയോധ്യയിലെ തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം പണിയുകയും പകരം മറ്റൊരു സ്ഥലത്ത് പള്ളി പണിയാനായി സ്ഥലം കണ്ടെത്തണമെന്നുമായിരുന്നു വിധി.
ഫെബ്രുവരി പകുതിയോടെ മസ്ജിദിന്റെ അന്തിമ രൂപരേഖ തയ്യാറാക്കുമെന്നും പിന്നീട് ഭരണാനുമതി തേടുമെന്നും ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ഫാറൂഖി പറഞ്ഞു.
നേരത്തെ ഇന്ത്യയില്‍ നിര്‍മ്മിച്ചവയെ അടിസ്ഥാനമാക്കിയായിരുന്നു മസ്ജിദിന്റെ പ്രാരംഭ രൂപകല്പന. എന്നാല്‍,അത് വേണ്ടെന്ന് വെച്ച് പുതിയ രൂപരേഖ തയ്യാറാക്കി. 15,000 ചതുരശ്ര അടിയുള്ള സമുച്ചയം പണിയാനായിരുന്നു ആദ്യ പദ്ധതി. അതിനു പകരം പകരം 40,000 ചതുരശ്ര അടിയിലാണ് മസ്ജിദ് നിര്‍മിക്കുകയെന്നും അദ്ദേഹം പറഞ്ഞു.