പത്തു വയസുള്ള കുട്ടികളെ ഓസ്‌ട്രേലിയയിൽ ജയിലിലടയ്ക്കും

സിഡ്നി: മനുഷ്യാവകാശ സംഘടനകൾ എതിർത്തിട്ടും, കുറ്റവാളികളെ ജയിലില്‍ അടയ്ക്കാനുള്ള കുറഞ്ഞ പ്രായം പന്ത്രണ്ടായി ഉയര്‍ത്താനുള്ള മുന്‍ ഭരണകൂടത്തിന്റെ തീരുമാനത്തില്‍ മാറ്റം വരുത്തി ഓസ്‌ട്രേലിയന്‍ നോര്‍ത്തേണ്‍ ടെറിട്ടറി.

താമസിയാതെ കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവരുടെ ഏറ്റവും കുറഞ്ഞ പ്രായപരിധി പത്ത് ആക്കി മാറ്റും. ഓഗസ്റ്റില്‍ തിരഞ്ഞെടുക്കപ്പെട്ട കണ്‍ട്രി ലിബറല്‍ പാര്‍ട്ടി സര്‍ക്കാരാണ് പ്രായപരിധി പഴയപടിയാക്കാന്‍ തീരുമാനമെടുത്തത്. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ഇത് അനിവാര്യമാണെന്ന് ഭരണകൂടം കരുതുന്നു.

മനുഷ്യാവകാശ സംഘടനകളും തദ്ദേശീയ ഗ്രൂപ്പുകളും ഡോക്ടര്‍മാരും ഈ തീരുമാനത്തിന് എതിരാണെങ്കിലും ജയിലടയ്ക്കുന്നവരുടെ പ്രായപരിധി പത്ത് വയസാക്കുന്നത് ആത്യന്തികമായി കുട്ടികളെ സംരക്ഷിക്കുമെന്നാണ് ഭരണകൂടം വാദിക്കുന്നത്.

ഓസ്‌ട്രേലിയയിലെ മറ്റ് അധികാര പരിധികളേക്കാള്‍ 11 ശതമാനം കൂടുതല്‍ കുട്ടികള്‍ ജയില്‍ ശിക്ഷയ്ക്ക് വിധേയമാക്കപ്പെടുന്ന ഇടമാണ് ഓസ്ട്രേലിയന്‍ നോര്‍ത്തേണ്‍ ടെറിട്ടറി. പുതിയ നിയമം കുറ്റകൃത്യങ്ങള്‍ കുറയ്ക്കില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

മറിച്ച്‌ ഇത് ആദിവാസികളെയും ടോറസ് സ്ട്രെയിറ്റ് ഐലന്‍ഡര്‍ കുട്ടികളെയുമാണ് ബാധിക്കുകയെന്നും അവര്‍ പറയുന്നു.പുതിയ മാറ്റം എപ്പോള്‍ നിലവില്‍ വരുമെന്ന കാര്യം വ്യക്തമല്ല. മുന്‍ ഭരണകൂടത്തിന് കീഴില്‍ ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടറി മാത്രമാണ് പ്രായപരിധി പത്തിന് മുകളിലേക്ക് ഉയര്‍ത്താനുള്ള തീരുമാനമെടുത്തിരുന്നത്.