ന്യൂഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിൻ്റെ ഷുഗർ അളവ് നിയന്ത്രിക്കാനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ പരിഗണിക്കാനും ഇൻസുലിൻ ആവശ്യമുണ്ടോ എന്ന് നിർണ്ണയിക്കാൻ ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനോട് (എയിംസ്) കോടതി നിർദ്ദേശിച്ചു.
വീഡിയോ കോളിലൂടെ കുടുംബ ഡോക്ടറുമായി ദിവസവും കൂടിയാലോചന നടത്തണമെന്ന ജയിലിൽ കഴിയുന്ന
കേജ്രിവാളിൻ്റെ ഹർജി ഡൽഹി കോടതി തിങ്കളാഴ്ച തള്ളി.
കേജ്രിവാളിന് ആവശ്യമായ വൈദ്യചികിത്സ നൽകണമെന്ന് നിർദേശിച്ച് സിബിഐ, ഇഡി കേസുകൾക്കുള്ള പ്രത്യേക ജഡ്ജി കാവേരി ബവേജ ഉത്തരവിട്ടു. എയിംസ് മെഡിക്കൽ ബോർഡിൽ മുതിർന്ന എൻഡോക്രൈനോളജിസ്റ്റുകളും ഡയബറ്റോളജിസ്റ്റുകളും ഉൾപ്പെടുമെന്നും ബവേജ വ്യക്തമാക്കി.
ഇപ്പോൾ റദ്ദാക്കിയ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഏപ്രിൽ 1 മുതൽ തടവിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രിക്ക് തിഹാർ ജയിലിൽ ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന എഎപിയുടെ ആരോപണങ്ങൾക്കിടയിലാണ് കോടതി ഉത്തരവ്.