മുന്നറിയിപ്പ് നൽകി: ഒഴിവാക്കാമായിരുന്ന ദുരന്തം: അമിത് ഷാ

ന്യൂഡൽഹി: പ്രളയം ഉണ്ടാവുമെന്ന് ജുലൈ  23 നും 25 നും കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അറിയിച്ചു.

ദുരന്തത്തിന് മുൻപ് അതിശക്തമായ മഴ പെയ്തു. ദുരന്ത സാധ്യത കണ്ട് തന്നെയാണ് ഒരാഴ്ച മുൻപ് എൻ ഡി ആർ എഫിന്‍റെ 9 സംഘങ്ങളെ അയച്ചത്.

രാജ്യത്ത് നിലവിലുള്ളത് എറ്റവും ആധുനികമായ മുന്നറിയിപ്പ് സംവിധാനമാണ്. ഒരാഴ്ച മുമ്പ് മുന്നറിയിപ്പ് നൽകാനാകും.നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ദുരന്തനിവാരണ മേഖലയിൽ വലിയ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.

ഗുജറാത്തിൽ നൽകിയ കൊടുങ്കാററ് മുന്നറിയിപ്പിനെ അവർ ഗൗരവത്തോടെ കണ്ടു.അവിടെ ജീവഹാനി ഉണ്ടായില്ല.ഏഴ് ദിനം മുൻപ് മുന്നറിയിപ്പ് നൽകിയിട്ടും കേരളം എന്ത് ചെയ്തുവെന്നും അമിത് ഷാ ചോദിച്ചു.

ഇത് രാഷ്ട്രീയ വാഗ്വാദത്തിനുള്ള സമയമല്ലെന്ന ആമുഖത്തോട് കൂടിയാണ് കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടിയെടത്തിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു. ഈ ദുരന്തത്തിൽ കേരളത്തിനൊപ്പം കേന്ദ്രം ഉണ്ടാകുമെന്നും രാഷ്ട്രീയ ഭിന്നത മറന്ന് കേരളത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധ്യമായ എല്ലാ സഹായവും തുടക്കം മുതൽ നൽകി വരുന്നുവെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായും അറിയിച്ചു.