പത്തനംതിട്ട: ആരോഗ്യവകുപ്പിലും നോർക്കയിലും ദേവസ്വം ബോർഡിലും ഉൾപ്പടെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ പത്തനംതിട്ട വള്ളിക്കോട് സ്വദേശി അഖിൽ സജീവൻ എന്ന അപ്പു ചെറിയ മീനല്ല. സി.ഐ.ടി.യുവിലെയും സി.പി.എമ്മിലെയും ജില്ലയിലെ ഉന്നതരുടെ വിശ്വസ്തനുമായിരുന്നു.ഇക്കഴിഞ്ഞ ജൂണിൽ പത്തനംതിട്ട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുമെന്ന ഘട്ടമെത്തിയപ്പോൾ, “ഞാൻ കുടുങ്ങിയാൽ എല്ലാവരെയുംകുടുക്കും” എന്ന് അഖിൽ സജീവൻ മൊബൈലിൽ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതിനു പിന്നാലെ ഇയാൾ നാടുവിട്ടു. ഇതോടെ കേസ് അന്വേഷണത്തിന്റെ കാറ്റ് പോയി.
സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് മൂന്നേ മുക്കാൽ ലക്ഷത്തോളം തട്ടിയെടുത്ത കേസിൽ പത്തനംതിട്ട പൊലീസ് 2022 ജൂലായിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നിലച്ചത് അഖിൽ സജീവന്റെ ഭീഷണി കാരണമെന്നാണ് സൂചന. നഷ്ടപ്പെട്ട പണത്തിന്റെ മുക്കാൽ ഭാഗവും അഖിലിൽ നിന്ന് തിരിച്ചുകിട്ടിയതിനാൽ സി.ഐ.ടി.യു പിൻവലിഞ്ഞു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അഖിൽ സജീവനെ പുറത്താക്കി പാർട്ടിയും മൗനം പാലിച്ചു.
അഖിലിന്റെ അച്ഛനും അമ്മയും മരിച്ച ശേഷം ഭാര്യ കുഞ്ഞുമായി അവരുടെ വീട്ടിലേക്ക് പോയിരുന്നു. വിവാഹ മോചനക്കേസിൽ കോടതി നോട്ടീസ് കൈപ്പറ്റാത്തതിനാൽ ഇയാളുടെ വീടിന്റെ ഭിത്തിയിൽ പതിച്ചിട്ടുണ്ട്.ബിസിനസ് ആവശ്യത്തിനായി വള്ളിക്കോട്ടെ സുഹൃത്തിൽ നിന്ന് അഖിൽ സജീവൻ മൂന്ന് ലക്ഷം രൂപ വാങ്ങിയിരുന്നു. തിരിച്ചു കിട്ടാതെ വന്നപ്പോൾ, സുഹൃത്ത് പൂട്ടിക്കിടന്ന അഖിലിന്റെ വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്തു കയറി വിലപിടിപ്പുള്ള സാധനങ്ങൾ കൊണ്ടുപോയി. വള്ളിക്കോട്ട് ഇയാൾ മീൻ, പച്ചക്കറി കച്ചവടം നടത്തിയിരുന്നു. ഉന്നത ബന്ധങ്ങൾ മറയാക്കി തട്ടിപ്പിലേക്ക് തിരിഞ്ഞപ്പോൾ കച്ചവടം നിറുത്തി. അഖിൽ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞ സമയത്തും ഇയാൾ വള്ളിക്കോട്ടെ സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് പണം കടം ചോദിച്ചിരുന്നു.