നവീന്‍ ബാബുവിൻ്റെ ആത്മഹത്യ; സി പി എം പ്രതിസന്ധിയിൽ

കൊച്ചി: സി പി എം കുടുംബത്തിൽപ്പെട്ട കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ സി പി എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യക്ക് എതിരെ സൈബര്‍ ലോകത്ത് വിമര്‍ശനം ശക്തം.

സിപിഎം കുടുംബത്തില്‍ നിന്നുള്ള നവീന്‍ ബാബുവിന്റെ ആത്മഹത്യ, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വീണ്ടും കേരളം നീങ്ങുമ്ബോഴാണ് സംഭവിക്കുന്നത്. വയനാട്ടിലേയും ചേലക്കരയിലേയും പത്തനംതിട്ടയിലേയും ഉപതിരഞ്ഞെടുപ്പുകളില്‍ ഈ ആത്മഹത്യയേയും സിപിഎമ്മിന് പ്രതിരോധിക്കേണ്ടി വരും.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിവ്യ ഇനിയും പ്രതികരിച്ചിട്ടില്ല. യാത്രയയപ്പ് യോഗത്തില്‍ തന്നെ വേണമായിരുന്നോ ഇത്തരത്തിലുള്ള ആക്ഷേപമെന്നും നിങ്ങള്‍ ക്ഷണിക്കാതെ അവിടെ ചെന്ന് എന്തെല്ലാമാണ് പറഞ്ഞതെന്നും ദിവ്യയുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ വരുന്ന കുറിപ്പുകൾ ചോദിക്കുന്നു.

അതിനിടെ മറ്റൊരു ശ്രദ്ധേയമായ കുത്തും ചര്‍ച്ചകളിലെത്തി. വാള് കൊണ്ട് മാത്രമല്ല നാക്ക് കൊണ്ടും കൊലപ്പെടുത്താമെന്ന് തെളിയിച്ചു..-ഇതാണ് ആ കമന്റ്. പ്രകാശ് കുമാറാണ് ഈ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി പോസ്റ്റിട്ടത്.ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തോട് നവീന്‍ ബാബുവിന്റെ മരണത്തേയും കൂട്ടിവായിക്കുകയാണ് ഈ പോസ്റ്റ്.

‘സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളി വിട്ടപ്പോള്‍ സന്തോഷമായില്ലേ ?അതും ക്ഷണിക്കപ്പെടാത്ത ഒരു സദസ്സിലേക്ക് വന്നിട്ട്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നാല്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രസിഡന്റ് അല്ലാ, ഒരുത്തനെ കൊലപ്പെടുത്തിയപ്പോള്‍ സമാധാനമായോ’, ഇങ്ങനെ പോകുന്നു കമന്റുകള്‍.

സൈബര്‍ സഖാക്കള്‍ പോലും ദിവ്യയെ അനുകൂലിച്ച്‌ സജീവമാകുന്നില്ല. നവീന്‍ ബാബുവിന്റേത് ഉറച്ച ഇടതുപക്ഷ കുടുംബമാണ്. അതുകൊണ്ട് തന്നെ സിപിഎമ്മും കരുതലിലാണ്. സത്യസന്ധനായ ഉദ്യോഗസ്ഥനാണ് നവീന്‍ ബാബുവെന്ന് പത്തനംതിട്ടയിലെ സിപിഎം നേതാക്കളും പ്രതികരിച്ചു കഴിഞ്ഞു.

ആന്തൂരിലെ സാജന്‍ എന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യ കണ്ണൂരില്‍ സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു. സിപിഎം അനുഭാവിയായ ആന്തൂര്‍ സാജനെ ആത്മഹത്യയിലേക്ക് തള്ളി വിട്ടത് സിപിഎമ്മിലെ ചില കേന്ദ്രങ്ങളായിരുന്നു. അതിന് ശേഷം കരുതലോടെ സിപിഎം നേതാക്കള്‍ എല്ലാ മേഖലയിലും ഇടപെടല്‍ നടത്തണമെന്ന നിര്‍ദ്ദേശം പാര്‍ട്ടി നല്‍കിയിരുന്നു.

ഇതിനിടെ, നവീൻ ബാബുവിന്റെ മരണത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നവീൻ ബാബുവിനെ താമസിക്കുന്ന പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വിരമിക്കാന്‍ ഏഴുമാസം മാത്രം ശേഷിക്കെയാണ് അദ്ദേഹത്തിന്‍റെ മരണം.

നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

കളക്ടറുടെ റിപ്പോർട്ട് വേഗതയിൽ ലഭ്യമാക്കും. റവന്യൂ വകുപ്പിന് അദ്ദേഹത്തെക്കുറിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ല. അത് വ്യക്തിപരമായ തന്റെ ബോധ്യമാണ്. പൊതുപ്രവർത്തകർ ഇടപെടലുകളിൽ പക്വത കാണിക്കണമെന്നും യാത്രയയപ്പ് വേളയിൽ ദിവ്യ നടത്തിയ അഴിമതിയാരോപണം സംബന്ധിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.

പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് യോഗത്തിലാണ് ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിയില്‍ പെട്രോള്‍ പമ്ബിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ചെന്നാണ് യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ തന്നെ എത്തിയ അവർ കുറ്റപ്പെടുത്തിയത്.സ്ഥലം മാറ്റത്തിന് രണ്ടു ദിവസം മുമ്ബ് അനുമതി നല്‍കിയെന്നും, അത് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയാമെന്നുമാണ് ദിവ്യ പറഞ്ഞത്.ജില്ലാ കലക്ടറുടെ സാന്നിധ്യത്തിലായിരുന്നു ഈ ആരോപണം.

ഇന്ന് പത്തനംതിട്ടയില്‍ ജോലിക്ക് കയറേണ്ടിയിരുന്ന നവീന്‍ ബാബു ട്രെയിനില്‍ കയറിയില്ലെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് ദിവ്യക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഒരു പാവപ്പെട്ടവനെ കൊലക്ക് കൊടുത്തെന്നാണ് ആരോപണം.

ദിവ്യയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍:

”ഒരു തവണ ഞാന്‍ എഡിഎമ്മിനെ വിളിച്ചിട്ടുണ്ട്. ഒരു സംരംഭകന്റെ ചെങ്ങളായിയിലെ ഒരു പെട്രോള്‍ പമ്ബിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ട്. സൈറ്റ് പോയി നോക്കണമെന്ന് പറഞ്ഞു. ആ സംരംഭകന്‍ ഒരു തീരുമാനവുമായില്ലല്ലോ എന്ന് പറഞ്ഞ് പല തവണ എന്നെ കാണാന്‍ വന്നു. കഴിഞ്ഞ ദിവസം എന്‍ഒസി കിട്ടിയെന്ന് പറഞ്ഞു. ഏതായാലും നന്നായി. ആ എന്‍ഒസി എങ്ങനെയാണ് കിട്ടിയതെന്ന് എനിക്ക് അറിയാം. ആ എന്‍ഒസി കൊടുത്തതില്‍ പ്രത്യേക നന്ദി പറയാനാണ് ഞാനീ പരിപാടിക്ക് എത്തിയത്. ജീവിതത്തില്‍ സത്യസന്ധത വേണം. കണ്ണൂരില്‍ നടത്തിയത് പോലെയായിരിക്കരുത് പുതിയ സ്ഥലത്ത്. മെച്ചപ്പെട്ട രീതിയില്‍ നിങ്ങള്‍ ആളുകളെ സഹായിക്കണം. ചുറ്റുമുള്ള ആളുകളെ പരിഗണിക്കണം. സര്‍ക്കാര്‍ സര്‍വ്വീസാണെന്ന് ഓര്‍ക്കണം. ഉപഹാരം സമര്‍പ്പിക്കുമ്ബോള്‍ ഞാനിവിടെ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നു. അതിന് പ്രത്യേക കാരണങ്ങളുണ്ട്. ആ കാരണങ്ങള്‍ രണ്ട് ദിവസം കൊണ്ട് നിങ്ങളെല്ലാം അറിയും.”

നവീൻ ബാബു പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിനായി പമ്പുടമയിൽനിന്ന് കൈക്കൂലി വാങ്ങിയിരുന്നതായി ആരോപണമുണ്ട്. ഇതു സംബന്ധിച്ച് പമ്പ് ഉടമ മുഖ്യമന്ത്രിക്ക് നൽകിയ പരാതി പുറത്തുവന്നു. കണ്ണൂർ നിടുവാലൂരിൽ ടി വി പ്രശാന്തൻ എന്നയാളിൽനിന്ന് പമ്പ് ഔട്ട്‌ലെറ്റിന്റെ എൻഒസി ലഭിക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും 98,500 രൂപ കൈപ്പറ്റുകയും ചെയ്തെന്നാണ് പരാതി.

പമ്പിന്റെ അനുമതിക്കായി നവീൻ ബാബുവിന് അപേക്ഷ സമർപ്പിച്ചെങ്കിലും അദ്ദേഹം അത് വൈകിപ്പിച്ചതായി പ്രശാന്തന്റെ പരാതിയിൽ പറയുന്നു. തുടർന്ന് ഒക്ടോബർ 6ന് നവീൻ ബാബു താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. നൽകിയില്ലെങ്കിൽ ഈ ജന്മത്തിൽ അനുമതി നൽകില്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും ചെയ്യുന്ന മറ്റു ബിസിനസുകളിലും ജോലികളിലും തടസ്സം സൃഷ്ടിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ.

പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ നവീന്‍ ബാബു സി പി എം സംഘടനാംഗമാണ്. നവീനും കുടുംബവും സി പി എം അനുഭാവികളും. ഓമല്ലൂര്‍ സി പി എം ലോക്കല്‍ കമ്മറ്റി അംഗമായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടയാളാണ് നവീന്റെ ഭാര്യാപിതാവായ ബാലകൃഷ്ണന്‍ നായര്‍. അമ്മ രത്നമ്മ മലയാലപ്പുഴ പഞ്ചായത്തിലെ 12-ാം വാർഡിൽ നിന്ന് മൂന്നു തവണ സിപിഎം ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നവീന്‌റെ ഭാര്യ കോന്നി ഡെപ്യൂട്ടി തഹസില്‍ദാരായ മഞ്ജുഷ സി പി എം സംഘടനയുടെ മുന്‍ ഭാരവാഹിയാണ്.

പത്തനംതിട്ടയില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ചാണ് കാസര്‍ഗോഡേക്ക് പോയത്. തിരഞ്ഞെടുപ്പ് സമയത്ത് കണ്ണൂരിലേക്ക് സ്ഥലം മാറ്റമായി.

നവീന്‍ ബാബു സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരുന്നുവെന്ന് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.ആദ്യം ഒന്നും നടന്നില്ല, പാര്‍ട്ടി വഴി ഇടപെട്ടപ്പോള്‍ അവന്‍ നല്ലൊരാളാണ് ഇപ്പോള്‍ സ്ഥലം മാറ്റേണ്ടെന്ന് സഖാക്കള്‍ പറഞ്ഞു. ഒരു ഫയലും തടഞ്ഞുവയ്ക്കുന്നവനല്ല. ജോലിയില്‍ കൃത്യതയും സത്യസന്ധതയും പുലര്‍ത്തിയിരുന്നയാളാണ്.ദിവ്യയുടെ പരാമര്‍ശത്തോടെ കടുത്ത മാനസിക വിഷമം ഉണ്ടായിട്ടുണ്ടാകണം. കൈക്കൂലിക്കാരാണെങ്കില്‍ അങ്ങനെ വിഷമം ഉണ്ടാകില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞു.