സിനിമാ സംവിധായകൻ ‘ജി.എസ്. പണിക്കർ’ – രണ്ടാം ഓർമ്മദിനം

ആർ. ഗോപാലകൃഷ്ണൻ 
🔸🔸
സിനിമാ സംവിധായകൻ ‘ജി.എസ്. പണിക്കർ’ ഓർമ്മയായിട്ട് ഇന്ന് രണ്ടു വർഷമാകുന്നു. മലയാളത്തിലെ നവതരംഗ സിനിമ ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്ന ഈയൊരു ചലച്ചിത്രകാരനിൽ നിന്ന് കാര്യമായ സംഭാവനകൾ ലഭിച്ചില്ല എന്നു മാത്രമല്ല; അദ്ദേഹം ഏറെക്കുറെ നിശബ്ദനായി തന്നെ കടന്നുപോകുകയും ചെയ്തു!
Ekakini Malayalam Full Movie | Shobha | Indra Balan | Ravi Menon | Malayalam Old Movies
‘ഏകാകിനി’ എന്ന പ്രശസ്ത സിനിമയിലൂടെ അരങ്ങത്തു വന്ന്, ‘പ്രകൃതി മനോഹരി’ എന്ന സിനിമ ഉൾപ്പെടെ ചിലതു കൂടി ചെയ്തു; പിന്നീട്, ഏറെക്കുറെ ഏകാന്ത ജീവിതത്തിലേക്ക് കടന്നുപോയ ഈ കലാകാരൻ “ആരോടും ഒരു പരിഭവും കാണിക്കാത്ത, സിനിമയെ സ്നേഹിച്ചിരുന്ന നല്ല മനസിന്റെ ഉടമയായിരുന്നു.
അദ്ദേഹത്തിന്റെ സുഹൃത്തായ ശരത് ബേബി കുറിക്കുന്നു:
അദ്ദേഹം “മൂന്നു മാസം മുമ്പ് വിളിച്ചിരുന്നു. – ഞാൻ ചെന്നൈയിൽ വരുന്നു നമ്മുടെ കഥ ഒന്നുകൂടി ചർച്ച ചെയ്ത് സിനിമയാക്കണം. കാളിദാസനെ കിട്ടുമോ എന്നു നോക്കണം – എന്നെല്ലാം പറഞ്ഞു. ജയറാമിന്റെ മകനെ വച്ച് നല്ലൊരു തിരക്കഥ അദ്ദേഹം മെനഞ്ഞെടുത്തിരുന്നു.”
🌏
 പണിക്കർ ഏഴു സിനിമകൾ സ്വന്തമായി നിർമ്മിച്ചു, സംവിധാനം ചെയ്തു. ‘ഏകാകിനി’ യും ‘പ്രകൃതി മനോഹരി’ യും എടുത്ത 1970-കളിൽ മലയാള സിനിമാ ആസ്വാദകർക്ക് വൻപ്രതീക്ഷ നൽകിയ സംവിധായകനായിരുന്നു , പണിക്കർ എന്നു സൂചിപ്പിച്ചുവല്ലോ.
എനിക്ക്  പണിക്കരുടെ ‘ഏകാകിനി’ (1976) ഇഷ്ടമുള്ള സിനിമയാണ്; എന്നാൽ ‘പ്രകൃതി മനോഹരി’ (1980) ആണ് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം….
Director GS Panicker passes away | Malayalam Movie News - Times of India
‘ഏകാകിനി’ രവി മേനോനും ശോഭയും അഭിനയിച്ച ചിത്രം. ശോഭയുടെ ആദ്യ ഹീറോയിൻ ആയ ചിത്രം കൂടിയായിരുന്നു ഇത്.
രാജ്യത്തെ പ്രമുഖ സിനിമ പഠനകേന്ദ്രമായ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്‌ പഠിച്ചിറങ്ങി പ്രശസ്തിയിലെത്തിയവർ നിരവധി. പഠനം പൂർത്തിയാക്കി സിനിമാരംഗം ഉപേക്ഷിച്ചവരും കുറവല്ല.  പണിക്കർ എന്ന സംവിധായകൻ ഈ രണ്ടു ഗണത്തിലും പെടും.
🌏
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ, 1943-ൽ, ജി. സദാശിവ പണിക്കർ എന്ന ‘ജി.എസ്. പണിക്കർ’ ജനിച്ചു.
Film director GS Panicker passes away , Film director GS Panicker passes away, GS Panicker movies, latest news, Kerala news
ചെറുപ്പത്തിൽ ധാരാളം വായിക്കുകയും കവിതകൾ എഴുതുകയും ചെയ്തിരുന്നു. ചിറയൻകീഴിൽ സ്വന്തമായി അമച്വർ നാടകട്രൂപ്പുണ്ടായിരുന്നു. നാടകം എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. സ്കൂളിൽ പഠിക്കുമ്പോൾ നാട്ടിലെ ഖദീജ തിയേറററിൽ എല്ലാ വെളളിയാഴ്ചയും മോണിങ് ഷോ കാണും.
സത്യത്തിൽ ആദ്യത്തെ സിനിമാപാഠശാല അവിടെയായിരുന്നു. ബിരുദപഠനത്തിനു ശേഷം സിനിമ പഠിക്കാൻ ഒരു വർഷം ചെന്നൈയിലുണ്ടായിരുന്നു. രക്ഷപ്പെടില്ലെന്നു മനസ്സിലാക്കി നാട്ടിലേക്കു മടങ്ങി. അടുത്ത വർഷം പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം ലഭിച്ചു.
1968-ലാണ് ആണ് പണിക്കർ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്‌ ‘തിരക്കഥാ രചന- സംവിധാനം’ ഡിപ്ലോമ നേടി പുറത്തു വരുന്നത്. ജയാ ബച്ചൻ, ശത്രുഘ്ന സിൻഹ, രവി മേനോൻ തുടങ്ങിയവർ അവിടെ പണിക്കരുടെ സഹപാഠികളായിരുന്നു. പഠനാനന്തരം മൂന്നു വർഷം കാനഡയിൽ ടെലിവിഷൻ രംഗത്ത് പ്രവർത്തിച്ച ശേഷമാണ് സിനിമാ രംഗത്ത് എത്തിയത്.
പണിക്കർ ഏഴു സിനിമകൾ അദ്ദേഹം സ്വന്തമായി നിർമ്മിച്ചു സംവിധാനം ചെയ്തു. സഹപാഠി കൂടിയായ രവിമേനോനും നായികാ പദത്തിലേക്ക് ആദ്യമെത്തുന്ന ശോഭയും പ്രധാന കഥാപാത്രങ്ങളായ ‘ഏകാകിനി’ (1976) ആയിരുന്നു ആദ്യ ചിത്രം. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു. പിന്നീടുള്ള സിനിമകളും ശ്രദ്ധിക്കപ്പെട്ടു.
‘ഏകാകിനി’യുടെ കഥ (മാത്രം) എം. ടി.യുടേതാണ്.  ‘കറുത്ത സൂര്യൻ’ എന്ന ചെറുകഥയാണ് ഏകാകിനി. തിരക്കഥ: പി. രാമൻ നായർ എന്നെ റോഷൻ പണ്ഡിറ്റ്! ഛായാഗ്രഹണം: രാമചന്ദ്ര ബാബു.
കല്ലറ പാങ്ങോട് സമരവുമായി ബന്ധപ്പെട്ട ‘പ്രകൃതി മനോഹരി’ എന്ന രാഷ്ട്രീയ സിനിമയായിരുന്നു. പുതുമുഖങ്ങളായിരുന്നു അഭിനയിച്ചത്. ഇന്ത്യൻ പനോരമയിൽ ചിത്രം ഇടം നേടി. പശ്ചാത്തല സംഗീതം: എം. ബി. ശ്രീനിവാസൻ. (ഗാനങ്ങൾ ഇല്ല…)
‘രോമാഞ്ചന’ എന്ന കന്നഡ ചിത്രമായിരുന്നു അടുത്തത്; 1991-ൽ സാഹിത്യകാരൻ സേതുവിന്റെ പ്രശസ്ത നോവലായ ‘പാണ്ഡവപുരം’ സിനിമയാക്കി. വൈലോപ്പിളളി ശ്രീധരമേനോന്റെ ‘സഹ്യന്റെ മകൻ’ എന്ന കവിതയെ അവലംബിച്ച് ബാലചിത്രവുമൊരുക്കിയിട്ടുണ്ട് അദ്ദേഹം. അവസാനം ഡോക്യുഫിക്ഷൻ ചിത്രമായ ‘വാസരശയ്യ’. കാൽ നൂറ്റാണ്ടിലെ ഇടവേളക്കുശേഷം ‘ഭൂതപ്പാണ്ടി’ (2016) എന്നൊരു ചിത്രം കൂടി ചെയ്തു.
🌏
🔸‘ഏകാകിനി’യുടെ പിറവി: പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്‌ സിനിമാ സംവിധാനം എന്ന കല ഇവിടെ നിന്നും പഠിച്ചിറങ്ങിയപ്പോൾ മനസ്സിൽ നിറയെ വലിയ പ്രതീക്ഷകളായിരുന്നു.  എൻ.എഫ്.ഡി.സി.യുടെ കീഴിൽ സിനിമ ചെയ്യാൻ വേണ്ടി ഏതാനും തിരക്കഥകൾ സമർപ്പിച്ചു. എന്നാൽ നിരാശയായിരുന്നു ഫലം.
പിന്നീട് കാനഡയിൽ ടെലിവിഷൻ മേഖലയിൽ ജോലി ചെയ്തു. മൂന്നു വർഷത്തെ സമ്പാദ്യവുമായി നാട്ടിൽ തിരിച്ചെത്തി. അങ്ങനെയാണ് ‘ഏകാകിനി’ പിറക്കുന്നത്…. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ തിരക്കഥ പഠനത്തിൽ ഗസ്റ്റ് ഫാക്കൽറ്റിയായിരുന്ന എം.ടി. വാസുദേവൻ നായരുടെ ‘കറുത്ത ചന്ദ്രൻ’ എന്ന ചെറുകഥയാണ് സിനിമയാക്കിയത്. അദ്ദേഹവും ചിത്രസംയോജകൻ രാമൻ നായരും (‘റോഷൻ പണ്ഡിറ്റ്’ എന്നാണ് പേര് വച്ചിട്ടുള്ളത്!) ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
പണിക്കർ പറയുന്നു: “ഒരു പക്ഷേ, എം.ടി.യുടെ കഥയ്ക്ക് മറ്റൊരാൾ തിരക്കഥ രചിക്കുന്നത് തന്നെ ആദ്യമായിരിക്കും. അദ്ദേഹത്തിന് ഞങ്ങളിൽ വിശ്വാസമുണ്ടായിരുന്നു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ രവിമേനോൻ സഹപാഠിയായിരുന്നു. രവി വേഷം ചെയ്യാൻ സമ്മതിച്ചു. ശോഭയും അഭിനയിക്കാമെന്നേറ്റു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയറായിരുന്ന രാമചന്ദ്ര ബാബു ആയിരുന്നു ഛായാഗ്രാഹകൻ.
ഒന്നേകാൽ ലക്ഷം രൂപയായിരുന്നു ‘ഏകാകിനി’യുടെ നിർമ്മാണച്ചെലവ്. ശോഭയുടെ മരണത്തോടെ ഈ ചിത്രം തിയറ്ററുകളിലും ശ്രദ്ധിക്കപ്പെട്ടു. മുടക്കുമുതലും അതിൽക്കൂടുതലും തിരിച്ചു പിടിക്കാൻ സാധിച്ചു…..
“ഇന്ന് പലരും റോഡ് മൂവി എന്ന പേരിൽ പടമെടുക്കുന്നുണ്ട്. ഒരു പക്ഷേ, മലയാളത്തിലെ ആദ്യത്തെ ‘റോഡ് മൂവി’ ഏകാകിനിയായിരിക്കും. ഭാര്യയും ഭർത്താവും ചേർന്നുള്ള ഒരു യാത്രയിരുന്നു ഈ സിനിമയുടെ പ്രമേയം. സിനിമയ്ക്ക് ആദിമധ്യാന്തമുള്ള കഥവേണമെന്ന നിയമമുണ്ടായിരുന്ന ഒരുകാലത്താണ് കഥയില്ലാത്ത ‘ഏകാകിനി’ ഞാൻ ഒരുക്കിയത്. ഏകാകിനിയിൽ സാഹചര്യങ്ങൾക്കും സംഭവങ്ങൾക്കുമായിരുന്നു മുൻതൂക്കം.”
🌏
‘ഏകാകിനി’ക്കു ശേഷം പണിക്കർ സംവിധാനം ചെയ്ത ചിത്രം ‘കല്ലറ പാങ്ങോട് സമര’വുമായി ബന്ധപ്പെട്ട ‘പ്രകൃതി മനോഹരി’ എന്ന രാഷ്ട്രീയ സിനിമയായിരുന്നു. പുതുമുഖങ്ങളായിരുന്നു അഭിനയിച്ചത്. ഇന്ത്യൻ പനോരമയിൽ ചിത്രം ഇടം നേടി.
🌏
തുടർന്ന് 1982-ൽ വൈലോപ്പിളളി ശ്രീധരമേനോന്റെ ‘സഹ്യന്റെ മകൻ’ എന്ന കവിതയെ അവലംബിച്ച് ബാലചിത്രം സംവിധാനം ചെയ്തു. ഇതിനും കേരള സംസ്ഥാന പുരസ്കാരം ലഭിച്ചു.
അടുത്ത സിനിമ, 1985-ൽ പുറത്തിറങ്ങിയ ‘രോമാഞ്ചന’ എന്ന കന്നഡ ചിത്രമായിരുന്നു. റാണിപദ്മിനിയും ശിവകുമാറുമായിരുന്നു അഭിനേതാക്കൾ. ഈ ചിത്രത്തിന് ഗാനമെഴുതി ഈണം പകർന്നത് ജ്ഞാനപീഠ പുരസ്കാര ജേതാവ് ചന്ദ്രശേഖര കമ്പാർ ആയിരുന്നു.
തുടർന്ന് 1986-ൽ സേതുവിന്റെ പ്രശസ്ത നോവൽ ‘പാണ്ഡവപുരം’ സിനിമയാക്കി. മുരളി മേനോനും ജമീല മാലിക്കുമായിരുന്നു അഭിനേതാക്കൾ. ഇന്ത്യൻ പനോരമയിലും വിവിധ ചലച്ചിത്ര മേളകളിലും ഇത് പ്രദർശിപ്പിച്ചു. എല്ലാ ചിത്രങ്ങളും പണിക്കർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുത്തു; ഇല്ലങ്കിൽ ബ്രേക്ക് ഈവൻ ആയി.
എന്നാൽ, 1990-ൽ നിർമ്മിച്ചു സംവിധാനം ചെയ്ത ‘വാസരശയ്യ’ പരീക്ഷണ ചിത്രമായിരുന്നെങ്കിലും ലൈംഗിക ദൃശ്യങ്ങളുടെ പേരിൽ രാജ്യം മുഴുവനുള്ള തിേയറ്ററുകളിൽ തകർത്തോടി. ഡോക്യുഫിക്ഷൻ രീതിയിലായിരുന്നു ചിത്രം തയ്യാറാക്കിയത്. ജനനം മുതൽ മരണം വരെ മനുഷ്യ മനസ്സിലുണ്ടാക്കുന്ന ലൈംഗിക ചോദനകളായിരുന്നു പ്രമേയം.
ശാസ്ത്രീയമായ രീതിയിലാണ് ഇതിനെ സമീപിച്ചിരുന്നത്. ഇതിൽ സെക്സുണ്ടായിരുന്നു. എന്നാൽ ഒരിക്കലും അതിരുവിട്ടുള്ള ഒരു രംഗം പോലും ചേർക്കാൻ ശ്രമിച്ചില്ല. (എന്നാൽ തിയേറററുകളിൽ എത്തിയപ്പോൾ ആവശ്യമുള്ള ചേരുവകൾ ചേർത്താണ് അവർ ചിത്രം പ്രദർശിപ്പിച്ചത്.) ഒമ്പതു ലക്ഷം രൂപയ്ക്കാണ് ചിത്രം നിർമ്മിച്ചത്.
വിതരണക്കാർക്ക് 90 ലക്ഷം രൂപ ലാഭം കിട്ടി. ചെന്നൈയിൽ മാത്രം 18 ലക്ഷം രൂപ കളക്ഷൻ നേടി. പല ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തി. 1991-ൽ തുർഗിനോവിന്റെ നോവലിനെ ആസ്പദമാക്കി ‘നീല വസന്തം’ എന്ന ടെലിഫിലിം ചെയ്തു.
🌏
കന്നഡ ചിത്രമായ ‘രോമാഞ്ചന’ എന്നിവയ്ക്ക് ശേഷം വലിയ ഇടവേളയായിരുന്നു. ഏതാണ്ട് 25 വർഷത്തെ ഇടവേള…. ഏറ്റവും അവസാനം ‘ഭൂതപ്പാണ്ടി’ (2016) എന്ന ചിത്രവും എടുത്തു.
ഏറെക്കാലം സിനിമയിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം 2018-ൽ ‘മിഡ് സമ്മർ ഡ്രീംസ്’ എന്ന പേരിൽ ഒരു ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു.
🌏
സംവിധാനരംഗത്തു നിന്നും തത്‌കാലം മാറിനിന്നെങ്കിലും രണ്ടരപ്പതിറ്റാണ്ടു കാലം പണിക്കർ സിനിമയിലെ മാറ്റങ്ങൾ കൃത്യമായി പിന്തുടരുന്നിരുന്നു. മലയാളം ഉൾപ്പെടെ എല്ലാ ഭാഷകളിലും പുറത്തിറങ്ങുന്ന പുതിയ സിനിമകൾ കാണും. സാങ്കേതികതയെക്കുറിച്ചും പഠനം നടത്തിയിരുന്നു. വായന മുറിഞ്ഞു പോകാതെ സൂക്ഷിച്ചിരുന്നു. വർഷത്തിൽ ഒരു തിരക്കഥയെങ്കിലും എഴുതി പൂർത്തിയാക്കും എന്ന രീതി തുടർന്നിരുന്നു.
മനസ്സിൽ സിനിമകൾ രൂപപ്പെട്ടു കൊണ്ടേയിരിക്കുമെന്നാണ് പണിക്കർ പറഞ്ഞിരുന്നു. “സിനിമയിൽ മാറ്റങ്ങൾ നല്ലതിനാണ്. എന്നാൽ പലതും ദഹിക്കുന്നില്ലെന്നും” അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. “എത്ര പരീക്ഷണങ്ങൾ അവകാശപ്പെടുന്ന ചിത്രമായാലും സിനിമയുടെ ഗ്രാമർ പരിധി വിട്ട് തെറ്റിച്ചാൽ അത് സിനിമയാവില്ല എന്നു കൂടി മനസ്സിലാക്കണം.”
 പണിക്കർ അപ്പോൾ തൃശ്ശൂർ പേരാമംഗലത്തായിരുന്നു താമസം. പിന്നീട് ചികിത്സയ്ക്കായി ചെന്നെയിലേക്ക് പോയി. അർബുദ ബാധിതനായി ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം . 2022 ഓഗസ്റ്റ് നാല് രാവിലെ ചെന്നൈയിലെ സുന്ദരം മെഡിക്കൽ കോളേജിൽ വച്ച് അന്തരിച്ചു. ഷീലാദേവിയാണ് ഭാര്യ. മകൻ സനിൽ പണിക്കർ ചെന്നൈയിൽ കമ്പനി സെക്രട്ടറിയായി ജോലി ചെയ്യുന്നു. കലാമണ്ഡലത്തിൽ നിന്നും പഠിച്ചിറങ്ങിയ മകൾ സനിത ശ്രീജിൽ നർത്തകിയാണ്.
………………..
🔸ജി.എസ്.പണിക്കർ സംവിധാനം ചെയ്ത സിനിമകൾ:
‘ഏകാകിനി’ (1976); പ്രകൃതീ മനോഹരി (1980); സഹ്യന്റെ മകൻ (1982); ‘രോമാഞ്ചന’ (1985) ‘പാണ്ഡവപുരം’ (1986); വാസരശയ്യ (1993); ‘നീല വസന്തം’ (1991)-ടെലിഫിലിം, ‘ഭൂതപ്പാണ്ടി’ (2016)
======================================================================

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)

___________________________________________________________

കൂടുതല്‍ വാര്‍ത്തകള്‍ക്കായി

http://www.newsboardindia.com
സന്ദര്‍ശിക്കുക