ന്യൂഡൽഹി: ക്യാബിനററ് പദവി ലഭിക്കാത്തതിനാൽ നരേന്ദ്ര മോദി മന്ത്രിസഭയില്‍ നിന്ന് ഞാൻ രാജിവെക്കാൻ പോകുന്നുവെന്ന നിലപാടിൽ മലക്കംമറിഞ്ഞ് സുരേഷ് ഗോപി.
ചില മാധ്യമങ്ങള്‍ തെറ്റായ വാർത്തയാണ് പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പിട്ടു.’ഇത്തരം വാർത്തകൾ തീർത്തും തെറ്റാണ്. മോദി സർക്കാരിൻ്റെ മന്ത്രിസഭയില്‍ അംഗമാകാനും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാനും സാധിച്ചത് അഭിമാനകരമായ കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേരളത്തിൻ്റെ വികസനത്തിനും സമൃദ്ധിക്കും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,” സുരേഷ് ഗോപി കുറിച്ചു.
നിലവില്‍ ലഭിച്ചിരിക്കുന്ന സഹമന്ത്രി സ്ഥാനത്തില്‍ അദ്ദേഹം അതൃപ്തനാണെന്ന റിപ്പോർട്ടുകള്‍ രാവിലെ മുതല്‍ പ്രചരിച്ചിരുന്നു.അദ്ദേഹത്തിൻ്റെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ടുകൾ.
“എനിക്ക് എംപിയായി പ്രവർത്തിക്കണം. എനിക്ക് കാബിനറ്റ് ബർത്ത് വേണ്ട എന്നായിരുന്നു നിലപാട്. എനിക്ക് കാബിനറ്റ് ബർത്ത് താല്‍പ്പര്യമില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. എനിക്ക് ഉടൻ ആശ്വാസം ലഭിക്കുമെന്ന് ഞാൻ കരുതുന്നു. എംപി എന്ന നിലയില്‍ ഞാൻ മികച്ച പ്രകടനം നടത്തുമെന്ന് തൃശ്ശൂരുകാർക്ക് നന്നായി അറിയാം. എനിക്ക് സിനിമയിലും അഭിനയിക്കണം. ബാക്കിയെല്ലാം പാർട്ടി തീരുമാനിക്കട്ടെ” സുരേഷ് ഗോപി പറഞ്ഞു.
എന്നാൽ ബി ജെ പി കേന്ദ്ര നേതൃത്വവും കേരള നേതാക്കളും അനുനയിപ്പിച്ചാണ് സുരേഷ് ഗോപിയെ ഈ നിലപാടിലേക്ക് മാററിയത്.