കോഴിക്കോട് : സിനിമ നടി ഹണി റോസ് നൽകിയ പരാതിയിൽ അറസ്റ്റിലായതിനു ശേഷം ആദ്യമായി പൊതുവേദിയിൽ വ്യവസായി ബോബി ചെമ്മണൂർ എത്തുമ്പോൾ, മഹാകുംഭമേളയിൽ വൈറലായ മോണാലിസ ഒപ്പമുണ്ടാവും.
വാലന്റൈൻസ് ദിനമായ ഫെബ്രുവരി പതിനാലിന് കോഴിക്കോടാണ് സംഭവം. മഹാകുംഭമേളയിൽ രുദ്രാക്ഷം വിൽക്കാൻ എത്തിയതായിരുന്നു 16 വയസുകാരിയായ മോണി ബോസ്ലെ എന്ന മൊണാലിസ.
മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ മൊണാലിസയുടെ സൗന്ദര്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആകര്‍ഷണീയമായ ചാരകണ്ണും മടഞ്ഞിട്ട മുടിയും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു. ഇതോടെ ‘ബ്രൗണ്‍ ബ്യൂട്ടി’ എന്ന പേരിൽ ഈ 16-കാരി അറിയപ്പെട്ടു.
ഇതിനു പിന്നാലെ കുംഭമേളയ്ക്ക് എത്തുന്നവർ ഈ പെൺകുട്ടിയുടെ വീഡിയോയും ചിത്രങ്ങളും പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. എന്നാൽ വൈറലായ മൊണാലിസ പെട്ടെന്ന് സ്വന്തം ദേശത്തേക്ക് തിരിച്ചുപോകുന്ന കാഴ്ചയാണ് കണ്ടത്.
ബോബി ചെമ്മണൂരാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ബോച്ചേ പങ്കുവച്ച വീഡിയോയിൽ താൻ കോഴിക്കോട് എത്തുന്നു എന്ന് മോണാലിസ വ്യക്തമാക്കുന്നുണ്ട്.
യൂട്യൂബ് വ്ളോഗർമാരുടെ ശല്യം രൂക്ഷമായതോടെയാണ് പിതാവ്, മൊണാലിസയെ ഇൻഡോറിലേക്ക് തിരിച്ചയച്ചത്. എന്നാൽ തിരിച്ചെത്തിയ താരത്തിനെ തേടി നിരവധി അവസരങ്ങൾ എത്തുന്ന കാഴ്ചയാണ് കണ്ടത്.
ഇതിനിടെയിൽ ബോളിവുഡിലേക്ക് താരത്തിന് എന്‍ട്രിയും ലഭിച്ചു. സംവിധായകന്‍ സനോജ് മിശ്രയാണ് അടുത്ത ചിത്രത്തില്‍ മോണാലിസയാകും നായിക എന്ന് പ്രഖ്യാപിച്ചത്.സനോജ് മിശ്ര അവളെ അക്ഷരമാല പഠിപ്പിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.