ബെംഗളൂരു: രണ്ടാഴ്ചക്കിടെ നാലുതവണ ദുബായ് യാത്ര നടത്തിയ കന്നഡ സിനിമ നടി രന്യ റാവു 14.2 കിലോ സ്വര്‍ണവുമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ)പിടിയിലായി.ഇതിന് 12.56 കോടി രൂപ വിലവരും
2014-ലാണ് രന്യ റാവു കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മാണിക്യ എന്ന കന്നഡ ചിത്രത്തിലായിരുന്നു തുടക്കം. എമിറേറ്റ്‌സ് വിമാനത്തിലാണ് അവർ ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിലെത്തിയത്. സുരക്ഷാപരിശോധനകള്‍ കഴിഞ്ഞ് പുറത്തിറങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് കുടുങ്ങിയത്.
പിന്നാലെ ബെംഗളൂരു ലാവല്ലെ റോഡിലെ നടിയുടെ വീട്ടിലും തിരച്ചിൽ നടത്തി.പരിശോധനയില്‍ 2.06 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 2.67 കോടി രൂപയും പിടിച്ചെടുത്തു. ഭര്‍ത്താവിനൊപ്പമാണ് അവർ താമസിച്ചിരുന്നത്.ദുബായ് യാത്രകളിൽ ഒരേ വസ്ത്രം തന്നെയാണ് നടി ധരിച്ചിരുന്നത്. ഇതും സംശയത്തിന് കാരണമായി.
മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായ കെ. രാമചന്ദ്ര റാവുവിന്റെ രണ്ടാംഭാര്യയുടെ മകളാണ് രന്യ റാവു. ആദ്യഭാര്യ മരിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം രണ്ടുപെണ്‍മക്കളുള്ള മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത്. ഈ സ്ത്രീയുടെ ആദ്യവിവാഹത്തിലെ രണ്ടുമക്കളില്‍ ഒരാളാണ് രന്യ റാവു. അതേസമയം, രന്യയുമായി നിലവില്‍ ബന്ധമില്ലെന്ന് രാമചന്ദ്ര റാവു പറഞ്ഞു. വിവാഹശേഷം മകള്‍ തങ്ങളെ കാണാനെത്തിയിട്ടില്ലെന്നും മകളുടെ ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.