April 28, 2025 10:03 pm

സംഗീത മോഷണം: റഹ്മാനും മററും രണ്ട് കോടി രൂപ കെട്ടിവയ്ക്കണം

ന്യൂഡല്‍ഹി: പൊന്നിയിന്‍ സെല്‍വന്‍ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ ലംഘന കേസില്‍ പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും, സിനിമയുടെ സഹനിര്‍മ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്.

പ്രതികള്‍ കോടതിയില്‍ 2 കോടി രൂപ കെട്ടിവയ്ക്കണം.വാദിയായ ക്ലാസിക്കല്‍ ഗായകനും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ദാഗറിന് 2 ലക്ഷം രൂപ കോടതി ചെലവായി റഹ്മാനും മറ്റ് പ്രതികളും നാല് ആഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നും കോടതി വിധിച്ചു.2023 ല്‍ പുറത്തിറങ്ങിയ സിനിമയാണിത്.

റഹ്മാനും സിനിമയുടെ നിര്‍മ്മാണ കമ്പനികളായ മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവര്‍ക്കും ഏതിരെ ആണ് കേസ്.ജൂനിയര്‍ ഡാഗര്‍ സഹോദരന്മാര്‍ എന്ന് അറിയപ്പെടുന്ന അന്തരിച്ച ഉസ്താദ് എന്‍ ഫയാസുദ്ദീന്‍ ഡാഗറും, ഉസ്താദ് സാഹിറുദ്ദീന്‍ ഡാഗറും ചേര്‍ന്ന് രചിച്ച ശിവ സ്തുതി അനധികൃതമായി ഉപയോഗിച്ചുവെന്നാണ് ആരോപണം.

തന്റെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് എആര്‍ റഹ്മാന്‍ ഈ ഗാനം ചിത്രത്തില്‍ ഉപയോഗിച്ചത് എന്നാണ് ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ദാഗര്‍ പറയുന്നത്.

പകര്‍പ്പവാകാശ ലംഘനം നടത്തിയ ‘വീര രാജ വീര’ എന്ന ഗാനം യഥാര്‍ത്ഥ ഗാനത്തില്‍ നിന്നും അതിന്റെ കാതല്‍ പ്രചോദനം ഉള്‍ക്കൊണ്ടത് മാത്രമല്ല, ഒരു സാധാരണക്കാരന്റെ വീക്ഷണ കോണില്‍ നിന്ന് നോക്കുമ്പോള്‍ ഗാനം സ്വരത്തിലും ഭാവത്തിലും എല്ലാം ശിവ സ്തുതിക്ക് സമാനമാണ്.വാദിയുടെ അവകാശങ്ങളെ ലംഘിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.

എല്ലാ ഒടിടി, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ഗാനത്തോടൊപ്പമുള്ള നിലവിലുള്ള ക്രെഡിറ്റ് സ്ലൈഡ് മാറ്റാനും കോടതി നിര്‍ദ്ദേശിച്ചു. ‘ഒരു ഡാഗര്‍വാണി പാരമ്പര്യ ധ്രുപദിനെ അടിസ്ഥാനമാക്കിയുള്ള രചന’ എന്നത് മാറ്റി ‘അന്തരിച്ച ഉസ്താദ് എന്‍. ഫയാസുദ്ദീന്‍ ദാഗറിന്റെയും അന്തരിച്ച ഉസ്താദ് സാഹിറുദ്ദീന്‍ ദാഗറിന്റെയും ശിവ സ്തുതിയെ അടിസ്ഥാനമാക്കിയുള്ള രചന’ എന്നാക്കി മാറ്റണമെന്നും കോടതി നിര്‍ദേശിച്ചു.

1970 കളില്‍ ജൂനിയര്‍ ഡാഗര്‍ ബ്രദേഴ്സ് എന്നും അറിയപ്പെട്ടിരുന്ന തന്റെ അച്ഛനും അമ്മാവനും ചേര്‍ന്നാണ് ശിവ സ്തുതി രചന സൃഷ്ടിച്ചത് എന്നാണ് ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ദാഗര്‍ വാദിച്ചത്.

1989ലും 1994ലും പിതാവിന്റെയും അമ്മാവന്റെയും മരണശേഷം, നിയമപരമായ അവകാശികള്‍ക്കിടയില്‍ ഉണ്ടായ കുടുംബ ഒത്തുതീര്‍പ്പിലൂടെ പകര്‍പ്പവകാശം തനിക്ക് കൈമാറിയതായി അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News