February 22, 2025 4:43 am

പീഡനക്കേസിൽ നടൻ സിദ്ധിക്കിന് എതിരെ ശക്തമായ തെളിവുകൾ

തിരുവനന്തപുരം: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ച കേസിൽ നടന്‍ സിദ്ദിഖിനെതിരെ തെളിവുണ്ടെന്ന് പൊലീസ്.

കേസില്‍ ദൃശ്യങ്ങളും സാക്ഷിമൊഴികളും ഉണ്ടെന്ന് പൊലീസ് പറയുന്നു. ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം കോടതിയില്‍ സമർപ്പിക്കും.

2016 ജനുവരി 28ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ചാണ് പീഡിപ്പിച്ചത്. യുവനടി ഹോട്ടലില്‍ എത്തിയ ദൃശ്യങ്ങളും സാക്ഷിമൊഴികളും ഉണ്ട്.

പീഡിപ്പിക്കപ്പെട്ട ശേഷം യുവതി എറണാകുളത്ത് ചികിത്സ തേടിയതിനും തെളിവ് ലഭിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുമ്പ് തന്നെ നടി പീഡന വിവരം പറഞ്ഞതിന് തെളിവുകള്‍ ഉണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുന്‍പുതന്നെ നടി പീഡനം വെളിപ്പെടുത്തിയതിനു സാക്ഷികളുണ്ടെന്നും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.

സംഭവം പുറത്തു പറയുമെന്നു നടി പറഞ്ഞപ്പോൾ, അവരെ ആരും വിശ്വസിക്കില്ലെന്നും താനുമായി താരതമ്യപ്പെടുത്തുമ്പോൾ അവരുടെ നില പൂജ്യമാണെന്നും പറഞ്ഞ് സിദ്ദിഖ് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.

താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള സിദ്ദിഖിന്റെ രാജിക്കു കാരണമായ പീഡനപരാതി ശരിയെന്ന് ഉറപ്പിക്കുകയാണ് പ്രത്യേക അന്വേഷണസംഘം.

‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂവിന് എത്തിയ നടിയെ സിദ്ദിഖ് ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. പ്രിവ്യൂ കാണാന്‍ നടിയെയും കുടുംബത്തെയും സിദ്ദിഖ് ക്ഷണിച്ചതിനും നടി ഹോട്ടലില്‍ എത്തിയതിനും സിദ്ദിഖ് അന്ന് അവിടെ താമസിച്ചതിനും സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളുമുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.

8 വര്‍ഷത്തിന് ശേഷമാണ് പരാതി എന്നായിരുന്നു ആരോപണം നിഷേധിക്കാന്‍ സിദ്ദിഖിന്റെ പ്രധാനമായും വാദിച്ചത്. യുവതി സമാന ആരോപണം ഉന്നയിച്ച ഫെയ്സ്ബുക് പോസ്റ്റുകളിലൊന്നും തന്‍റെ പേരില്ലെന്നും വാദിച്ചിരുന്നു.

പീഡനത്തിനു പിന്നാലെ യുവതി കൊച്ചിയിൽ ചികിത്സ തേടി. ഈ ഡോക്ടറോട് അന്നുതന്നെ പീഡനവിവരം വെളിപ്പെടുത്തിയെന്നും, ഡോക്ടര്‍ മൊഴി നല്‍കിയെന്നും അന്വേഷണസംഘം വിശദീകരിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെയെടുത്ത കേസുകളില്‍ ശക്തമായ തെളിവുള്ള കേസെന്ന വിശ്വാസത്തോടെയാണ് പ്രത്യേകസംഘം അന്വേഷണം പൂര്‍ത്തിയാക്കിയത്.

സുപ്രീം കോടതിയുടെ മുൻകൂർ ജാമ്യമുള്ളതിൽ, നേരത്തേ പൊലീസിനു മുന്നിൽ ഹാജരായ സിദ്ദിഖിനെ അറസ്റ്റ് ചെയ്ത് ഉപാധികളോടെ ജാമ്യത്തിൽ വിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News