ഇതിഹാസ താരമായി യുവരാജ് സിംഗ് ബിജെപി അംഗത്വം സ്വീകരിച്ചേക്കും. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച് താരം ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും. സിറ്റിംഗ് എംപി സണ്ണി ഡിയോളിന് പകരക്കാരനായാണ് ലോകകപ്പ് ജേതാവിനെ പരിഗണിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
യുവരാജ് സിംഗ് അടുത്തിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടികാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നിലവില്‍ ഇതേക്കുറിച്ച് താരമോ പാര്‍ട്ടി വൃത്തങ്ങളോ ഔദ്യോഗിക പ്രഖ്യാനം നടത്തിയിട്ടില്ല. വൈകാതെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2017 ടി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യക്ക് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് യുവരാജ്. അര്‍ബുദത്തെ ചെറുത്ത് തോല്‍പ്പിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ താരം കരിയറിലും വലിയ തിരിച്ചുവരവുകള്‍ നടത്തിയിട്ടുണ്ട്. അതേസമയം മുന്‍ ഇന്ത്യന്‍ ഓപ്പണറും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിംഗ് സിദ്ധു ബിജെപിയിലേക്ക് മടങ്ങിയെത്തിയേക്കും.