ദില്ലി : വിമത സ്വരങ്ങൾ ഒഴിവാക്കാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യക്ക് വഴങ്ങി ബി.ജെ.പി നേതൃത്വം. ഇന്നലെ പുറത്തിറക്കിയ രണ്ടാം പട്ടികയിൽ വസുന്ധരയ്ക്കും അനുയായികൾക്കും സീറ്റ് നൽകി. ആദ്യ പട്ടികയിൽ തഴഞ്ഞ സിറ്റിംഗ് എം.എൽ.എമാരെ 83 പേരുടെ രണ്ടാം പട്ടികയിൽ ഉൾപ്പെടുത്തി. മദ്ധ്യപ്രദേശിലേതു പോലെ കേന്ദ്രമന്ത്രിമാരെ ഇറക്കിയുള്ള പരീക്ഷണം കണ്ടില്ല. 41 പേരുടെ ആദ്യ പട്ടികയിൽ ഏഴ് എം.പിമാരുണ്ടായിരുന്നു.
70 സിറ്റിംഗ് എം.എൽ.എമാരിൽ ഭൂരിഭാഗം പേർക്കും ബി.ജെ.പി ടിക്കറ്റു നൽകി. വസുന്ധര 2003 മുതൽ അഞ്ചു തവണ ജയിച്ചുവരുന്ന ജല്‌രാപട്ടനിൽ തുടർന്നും മത്സരിക്കും. രാജ്‌സമന്ദ് എം.പിയും രാജകുടുംബാംഗവുമായ ദിയാ കുമാരിക്കായി വിധായധർ നഗർ സീറ്റിൽ നിന്ന് ഒഴിവാക്കിയ നർപത് സിംഗ് രാജ്‌വിക്ക് ചിറ്റോർഗഡിൽ നിന്ന് ടിക്കറ്റ് ലഭിച്ചു. മുൻ ഉപരാഷ്ട്രപതിയും ബി.ജെ.പി നേതാവുമായ ഭൈറോൺ സിംഗ് ഷെഖാവത്തിന്റെ മരുമകനും രാജെയുടെ വിശ്വസ്‌തനുമാണ് രാജ്‌വി. വസുന്ധരയുമായുള്ള അടുപ്പം മൂലമാണ് സിറ്റിംഗ് സീറ്റ് നിഷേധിച്ചതെന്ന് അഭ്യൂഹമുണ്ടായിരുന്നു. തുടർന്ന് അദ്ദേഹം അതൃപ്‌തി പരസ്യമാക്കി. 1993, 2003 തിരഞ്ഞെടുപ്പിൽ ചിറ്റോർഗഡിൽ നിന്നാണ് ഇദ്ദേഹം ജയിച്ചത്.
വെള്ളിയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയും പാർട്ടി അദ്ധ്യക്ഷൻ ജെ.പി. നദ്ദയും പങ്കെടുത്ത കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വസുന്ധരയുടെ ജനപ്രീതി കുറച്ചു കാണേണ്ടെന്ന് വിലയിരുത്തിയിരുന്നു.
വസുന്ധരയുടെ വിശ്വസ്തർക്കും സീറ്റ്
വസുന്ധരയുടെ വിശ്വസ്‌തരും സിറ്റിംഗ് എം.എൽ.എമാരുമായ പ്രതാപ് സിംഗ്‌വി (ഛബ്ര), കാളിചരൺ സറഫ് (മാൾവ്യ നഗർ) സിദ്ധി കുമാരി (ബിക്കാനീർ ഈസ്റ്റ്), രാംസ്വരൂപ് ലാംബ (നസിറാബാദ്) എന്നിവർക്കും സീറ്റുണ്ട്. ഹേം സിംഗ് ഭദാന, വാസുദേവ് ദേവ്‌നാനി, അനിതാ ഭാദേൽ, പുഷ്പേന്ദ്ര സിംഗ് റണാവത്ത്, ഒതാറാം ദേവസി, ശ്രീചന്ദ് കൃപലാനി എന്നീ മുൻ മന്ത്രിമാരും ജനവിധി തേടും. അതേസമയം വസുന്ധരെയുടെ വിശ്വസ്‌തൻ അശോക് ലഹോട്ടി (സംഗനീർ), സൂര്യകാന്ത വ്യാസ് (സൂർസാഗർ) എന്നിവർക്ക് സീറ്റില്ല.
പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ് സിറ്റിംഗ് സീറ്റായ ചുരുവിന് പകരം മുൻ മണ്ഡലമായ താരാനഗറിൽ മത്സരിക്കും. ആംബേറിൽ മുൻ സംസ്ഥാന അദ്ധ്യക്ഷൻ സതീഷ് പൂനിയയെയും അസം ഗവർണറായി നിയമിതനായ മുതിർന്ന നേതാവ് ഗുലാബ് ചന്ദ് കട്ടാരിയയുടെ സിറ്റിംഗ് സീറ്റായ ഉദയ്പൂരിൽ താരാചന്ദ് ജെയിനെയും ഉൾപ്പെടുത്തി. അടുത്തിടെ പാർട്ടിയിൽ ചേർന്ന ഉദയ്പൂർ മുൻ രാജകുടുംബാംഗം വിശ്വരാജ് സിംഗ് മേവാർ നഗൗറിൽ സിറ്റിംഗ് കോൺഗ്രസ് എം.എൽ.എയും നിയമസഭാ സ്പീക്കറുമായ സി.പി. ജോഷിയെ നേരിടും.