കൊച്ചി: ഉണ്ണി മുകുന്ദന്‍ തന്റെ കരിയറിന്റെ വളര്‍ച്ചയ്ക്കു വേണ്ടി ചില രാഷ്ട്രീയപാര്‍ട്ടികളെ സുഖിപ്പിക്കാന്‍ വേണ്ടിയാണ് ‘മാളികപ്പുറം’ പോലെയുള്ള സിനിമകളില്‍ അഭിനയിക്കുന്നത് എന്ന മൂവി സ്ട്രീറ്റില്‍ വന്ന ഒരു പോസ്റ്റ് വിവാദമായിരിക്കുകയാണ്. താരം ഈ പോസ്റ്റിനെതിരെയും ഗ്രൂപ്പിനെതിരെയും രംഗത്തെത്തിയിരിക്കുകയാണ്. മല്ലു സിങ് അല്ലാതെ മലയാളത്തില്‍ ഉണ്ണി മുകുന്ദന് മറ്റൊരു ഹിറ്റ് ചിത്രമില്ലെന്നും സ്വന്തം സ്വാര്‍ഥ താല്‍പര്യത്തിനുവേണ്ടി തീവ്രവാദ ആശയത്തെ കൂട്ടുപിടിച്ച് സിനിമ ചെയ്ത ഉണ്ണിമുകുന്ദന്റെ അജണ്ട വെളിപ്പെടുത്തുന്ന ചിത്രമാണ് അടുത്തതായി തയാറാകുന്ന ‘ജയ് ഗണേഷ്’ എന്നും ഈ പോസ്റ്റില്‍ ആരോപിക്കുന്നു.
സിനിമാ ഗ്രൂപ്പുകളില്‍ നടിമാരെയും നടന്മാരെയും വ്യക്തിഹത്യ ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും കമന്റുകളും വരാറുണ്ടെങ്കിലും അതിനെതിരെ ആരും പ്രതികരിക്കാറില്ല. പല അഭിനേതാക്കളും ഈ സിനിമാ ഗ്രൂപ്പുകളിലെ അംഗങ്ങളാണെങ്കിലും വ്യക്തിഹത്യകളും ആരോപണങ്ങളും താരങ്ങള്‍ കണ്ടില്ല എന്ന് നടിക്കുകയാണ് പതിവ്. വിവാദങ്ങള്‍ക്കു പിന്നാലെ പോകാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാകും മറുപടികള്‍ക്ക് ആരും മുതിരാതിരിക്കുന്നതും. അത്യന്തം ഗൗരവമേറിയ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചത് ഉണ്ണി മുകുന്ദനാണ്. ‘മാളികപ്പുറംഊ ഒരു അജണ്ടയുള്ള സിനിമയാണെന്ന് കരുതുന്നവര്‍ക്ക് ‘ജയ് ഗണേഷ്’ കാണാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ദാഹം ശമിപ്പിക്കാത്ത ഒരു സിനിമ താന്‍ ചെയ്തു എന്നതുകൊണ്ട് തനിക്കെതിരെ വിദ്വേഷം വളര്‍ത്താന്‍ ഉതകുന്ന ഒരു പോസ്റ്റ് അപ്പ്രൂവ് ചെയ്തതുകൊണ്ട് തന്നെ മൂവി സ്ട്രീറ്റ് സിനിമയെ പിന്തുണക്കുന്ന ഒരു ഗ്രൂപ്പ് ആയി കരുതുന്നില്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.
പ്രമുഖ സംവിധായകരടക്കം ഉണ്ണിയുടെ പോസ്റ്റില്‍ പ്രതികരണവുമായി രംഗത്തെത്തിക്കഴിഞ്ഞു.
”ഇത്തരം സ്വഭാവമുള്ള അലവലാതികള്‍ക്കു എന്തിനാണ് മറുപടി കൊടുക്കുന്നത്.. ഇതുപോലെ ഉള്ള മൂന്നാം കിട ഗ്രൂപ്പിലെ വര്‍ഗീയവാദികള്‍ എഴുതുന്ന പോസ്റ്റ് എന്തിനാണ് പങ്കുവയ്ക്കുന്നത്? ഇത് എഴുതിയവര്‍ക്കു വ്യക്തമായ വര്‍ഗീയ അജണ്ട ഉണ്ടെന്ന് അത് വായിച്ചാല്‍ തന്നെ അറിയാമല്ലോ..’മാളികപ്പറം’ എന്ന സിനിമ നല്ലതാണെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന എല്ലാവര്‍ക്കും അറിയാം.”സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍.
”ഇത്തരം ഊള പോസ്റ്റ് ഇടുന്നവര്‍ക്ക് തെറിക്കുത്തരം മുറിപ്പത്തല്‍ എന്ന രീതിയില്‍ തന്നെ മറുപടി കൊടുക്കണം, ഇതൊക്കെ അവന്മാര്‍ ചോദിച്ചു വാങ്ങുന്നതാണ്, പിന്നെ ഇങ്ങനെയാണ് ഇതുപോലുള്ള ഗ്രൂപ്പ് പ്രമാണിമാര്‍ തുടര്‍ന്നും പോസ്റ്റുകള്‍ അപ്പ്രൂവ് ചെയ്യുന്നതെങ്കില്‍ ജയ്ഗണേശന് മാളികപ്പുറത്തിന്റെ വിധി തന്നെയായിരിക്കും..ഏത്?”സംവിധായകന്‍ വ്യാസന്‍ കെ.പി.യുടെ കമന്റ്.