ട്രംപിന് കുരുക്ക് മുറുകുന്നു

In Editors Pick, ഇന്ത്യ
August 03, 2023

വാഷിംഗ്ടണ്‍: 2020ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നാല് കുറ്റങ്ങള്‍ ചുമത്തി. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ട്രംപ് ഇന്ന് വാഷിംഗ്ടണിലെ കോടതിയില്‍ ഹാജരാകും.

2021 ജനുവരി ആറിന് നടന്ന ക്യാപിറ്റല്‍ ആക്രമണ കേസില്‍ ട്രംപിനുള്ള പങ്ക് സംബന്ധിച്ച അന്വേഷണമാണ് കുറ്റംചുമത്തലില്‍ എത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ട്രംപ് മത്സരിക്കുന്നുണ്ട്. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിഷേധിച്ച ട്രംപ്, അവ പരിഹാസ്യമാണെന്ന് പ്രതികരിച്ചു.

45 പേജുള്ള കുറ്റപത്രത്തില്‍ ട്രംപിനൊപ്പം ആറ് സഹഗൂഢാലോചനക്കാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2020 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിരുന്ന ജോ ബൈഡനോട് പരാജയപ്പെട്ടത് മുതല്‍ ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ കാപിറ്റലിന് നേരെ ആക്രമണം നടത്തിയത് വരെയുള്ള രണ്ട് മാസക്കാലയളവിലെ ട്രംപിന്റെ നീക്കങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പരാജയം സമ്മതിക്കാന്‍ ട്രംപ് തയാറായിരുന്നില്ല. ബൈഡന്റെ വിജയം തള്ളാന്‍ അന്നത്തെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് ആവശ്യപ്പെട്ട ട്രംപ് കാപിറ്റലിലേക്ക് മാര്‍ച്ച് നടത്തണമെന്ന് അണികളോട് ആഹ്വാനവും ചെയ്തിരുന്നു.