ഒരു ദളിതനെയും ദ്രോഹിച്ചിട്ടില്ല സ്വത്തുക്കള്‍ കവര്‍ന്നിട്ടില്ല; സുരേഷ് ഗോപി

In Editors Pick, Special Story
October 11, 2023

കൊച്ചി: ഞാന്‍ ഒരു ദളിതനെയും ദ്രോഹിച്ചിട്ടില്ല. അവരുടെ സ്വത്തുക്കള്‍ കവര്‍ന്നിട്ടില്ല. ദളിതന്റെ പേരില്‍ വോട്ട് വാങ്ങിയവര്‍ ആകാശവാഹിനികളില്‍ പറക്കുകയും ചിക്കമംഗളുരുവില്‍ തോട്ടം വാങ്ങുകയുമാണ്. പ്രൊഫ. എം.കെ സാനുവിന്റെ കാലില്‍ ശിരസ്സ് തൊട്ടുകൊണ്ട് പുരസ്‌കാരം സ്വീകരിക്കുന്നു. അമ്മയുടെ ഗുരുനാഥനായിരുന്നു സാനുമാഷ്. അമ്മയ്ക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്തത്..  സുരേഷ് ഗോപി പ്രതികരിച്ചു.

കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദിയുടെ പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍  പങ്കെടുക്കുന്നതില്‍നിന്ന് പ്രൊഫ. എം.കെ. സാനുവിനെ പുരോഗമന കലാസാഹിത്യ സംഘം വിലക്കി. ഇതേത്തുടര്‍ന്ന് എം.കെ. സാനു പരിപാടിയില്‍ നിന്ന് പിന്മാറി.

പാവക്കുളം ക്ഷേത്രം ഓഡിറ്റോറിയമായിരുന്നു വേദി. എന്നാല്‍, ചടങ്ങിന് കുറച്ചുദിവസം മുന്‍പ് സാനു മാഷ് വരാനാകില്ലെന്ന് സംഘാടകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എഴുത്തുകാരന്‍ സി. രാധാകൃഷ്ണനെ ഉദ്ഘാടകനാക്കി.

പു.ക.സ. ഭാരവാഹികള്‍ നേരിട്ടുചെന്ന് സാനു മാഷിനോട് ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കണം എന്നാവശ്യപ്പെടുകയായിരുന്നുവെന്നാണ് സൂചന. എന്നാല്‍, ഇതേപ്പറ്റി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പണ്ഡിറ്റ് കറുപ്പന്റെ പേരില്‍ ഇതുവരെ ആരും കേള്‍ക്കാത്ത ഒരു സംഘടനയാണ് പുരസ്‌കാരം പ്രഖ്യാപിച്ചതെന്നും സുരേഷ് ഗോപിയുടെ പാര്‍ട്ടി പണ്ഡിറ്റ് കറുപ്പന്റെ ആശയങ്ങള്‍ക്ക് നിരക്കാത്തതാണെന്നും സാനു മാഷിനെ അറിയിച്ചിരുന്നതായി പു.ക.സ. ജില്ലാ സെക്രട്ടറി ജോഷി ഡോണ്‍ബോസ്‌കോ പറഞ്ഞു. പങ്കെടുക്കരുതെന്നു പറഞ്ഞിട്ടില്ല. തീരുമാനം സാനു മാഷ് സ്വയം എടുക്കുകയായിരുന്നുവെന്നും പു.ക.സ. നേതൃത്വം അവകാശപ്പെട്ടു .

” പുരസ്‌കാരം പ്രഖ്യാപിച്ചതുമുതല്‍ ഒരു ഗൂഢസംഘം തന്റെ പേരിന് കളങ്കം ചാര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് സുരേഷി ഗോപി പുരസ്‌കാരവേദിയില്‍ പറഞ്ഞു. തുരന്നെടുക്കല്‍ മാത്രം ലക്ഷ്യമിടുന്ന രാഷ്ട്രീയവൃന്ദത്തിന്റെ കുടില തന്ത്രമാണിത്. അവരുടെ പ്രവര്‍ത്തനഫലമായാണ് അവാര്‍ഡ് വിതരണച്ചടങ്ങില്‍ നിന്ന് പ്രൊഫ. എം.കെ സാനുവിന് ഒഴിഞ്ഞുനില്‍ക്കേണ്ടി വന്നത്”.

രാഷ്ട്രീയം ഉപജീവനം മാത്രമായതാണ് നാടിന്റെ ദുരന്തമെന്ന് സുരേഷ് ഗോപിക്ക് പുരസ്‌കാരം നല്‍കിക്കൊണ്ട് സി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.