ആലപ്പുഴ: തനിക്കെതിരായുണ്ടായ എളമരം കമ്മീഷന് അന്വേഷണത്തില്‍ പ്രതികരണവുമായി മുന്‍മന്ത്രി ജി.സുധാകരന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഇടത് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പരാതി അന്വേഷിച്ച എളമരം കമ്മീഷന് താന്‍ ഒന്നും ചെയ്തില്ലെന്ന് റിപ്പോര്‍ട്ടില്‍ എഴുതിവച്ചു. തന്റെ വിശദീകരണത്തിന്റെ ഒരുവരി പോലും അംഗീകരിച്ചില്ല. അപ്പോള്‍ ചിലത് മനസിലായി. എന്നാല്‍ മനസിലായത് ഇപ്പോള്‍ പറയുന്നില്ലെന്നും സുധാകാരന് കൂട്ടിച്ചേർത്തു.
നേരത്തെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ ആദ്യഘട്ടത്തില്‍ സുധാകരന് പ്രചാരണത്തില്‍ നിന്നും വിട്ടുനിന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ജി.സുധാകരന് പകരം സിപിഎം ജില്ലാ കമ്മിറ്റിയംഗം എച്ച്.സലാം ആയിരുന്നു അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
രണ്ട് തവണ മത്സരിച്ച നേതാക്കള്‍ക്ക് മൂന്നാം ഊഴം നല്‍കേണ്ട എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. തെരഞ്ഞെടുപ്പ് കാലത്ത്, സലാം എസ്ഡിപിഐക്കാരന് എന്ന നിലയില്‍ പോസ്റ്റര്‍ പ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സുധാകരന് ഈ വിഷയത്തില്‍ ആദ്യം പ്രതികരിച്ചിരുന്നില്ല.സുധാകരന് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി രണ്ടംഗം കമ്മീഷനെ നിയോഗിച്ചിരുന്നു. എളമരം കരീമും കെ. ജെ. തോമസുമായിരുന്നു കമ്മീഷന് അംഗങ്ങള്‍.
മന്ത്രി സജി ചെറിയാനും എ.എം. ആരിഫ് എംപിയും ആ സമയം സുധാകരനെതിരേ നിലപാട് എടുത്തിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സുധാകരന് തന്നെയും കുടുംബത്തെയും ദ്രോഹിച്ചെന്ന് അദ്ദേഹത്തിന്റെ മുന്‍ സ്റ്റാഫ് അംഗം വേണുഗോപാലും പരാതിപ്പെട്ടിരുന്നതായി വാര്‍ത്തകൾ പുറത്തുവന്നിരുന്നു. ഈ വിഷയത്തിലാണ് ജി. സുധാകരന് പരസ്യപ്രതികരണവുമായി ഇപ്പോൾ രംഗത്തെത്തിയത്.
കരുവന്നൂര്‍ സഹകരണബാങ്ക് വിവാദത്തിലും സുധാകരന് പ്രതികരിച്ചു. പാര്‍ട്ടി അന്വേഷണത്തില്‍ പിഴവുണ്ടായതായി അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നു. തെറ്റുകാര്‍ ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
കരുവന്നൂര്‍ കേസില്‍ കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണം. കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ തടയാനാകില്ല. പിഴവുണ്ടെങ്കില്‍ പരിശോധിക്കുന്നതില്‍ തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.
എം.കെ. കണ്ണന് കാര്യങ്ങള്‍ ഇഡിയെ ബോധ്യപ്പെടുത്തണം. അല്ലാതെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടതെന്നും സുധാകരന് ഓര്‍മിപ്പിച്ചു.