ഇസ്രായേല്‍ – പലസ്തീൻ; വിശദീകരണവുമായി മുൻ മന്ത്രി കെ.കെ. ശൈലജ

In Editors Pick, Special Story
October 13, 2023

കൊച്ചി : ഇസ്രായേല്‍ – പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട  ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മുൻ മന്ത്രി കെ.കെ. ശൈലജ.  ഹമാസിനെ ഭീകരരായി ചിത്രീകരിച്ചതിനെതിരെയായിരുന്നു ആദ്യം വിമര്‍ശനം ഉയര്‍ന്നിരുന്നത്. ഇതോടെ ഇസ്രായേല്‍ – പലസ്തീൻ വിഷയത്തില്‍ തന്‍റെ നിലപാട് ഒന്നുകൂടി വ്യക്തമാക്കി എത്തിയിരിക്കുകയാണ് ശൈലജ. 

യുദ്ധത്തെക്കുറിച്ച് താന്‍ എഴുതിയ പോസ്റ്റ്‌ പല രീതിയിൽ ചർച്ച ചെയ്യപ്പെടുന്നതായി കാണുന്നു.1948 മുതൽ പലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകൾക്ക് കാരണക്കാർ ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തികളുമാണെന്നാണ് പോസ്റ്റിൽ എഴുതിയത് എന്ന് ശൈലജ പറഞ്ഞു. ഇടതുപക്ഷം എപ്പോഴും പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവരാണ്. അവരുടെ ഭൂമിയിൽ കയ്യേറ്റം നടത്തുന്ന ഇസ്രയേലിന്റെ നടപടിയെ  വിമർശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ യുദ്ധതടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരത ന്യായീകരിക്കാൻ കഴിയുന്നതല്ല എന്നാണ് പോസ്റ്റില്‍ എഴുതിയിരുന്നത്. യുദ്ധങ്ങൾ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്. ഏത് യുദ്ധത്തിലും വർഗീയ ലഹളകളിലും നരകയാതനകൾക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കും എന്നും ശൈലജ കൂട്ടിച്ചേര്‍ത്തു


ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ഇസ്രയേൽ_പലസ്തീൻ യുദ്ധത്തെക്കുറിച്ച് ഞാൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്‌ പല രീതിയിൽ ചർച്ച ചെയ്യപ്പെടുന്നതായി കാണുന്നു.1948 മുതൽ പലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകൾക്ക് കാരണക്കാർ ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തികളുമാണെന്നാണ് പോസ്റ്റിൽ എഴുതിയത്.ഇടതുപക്ഷം എപ്പോഴും പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയിൽ കയ്യേറ്റം നടത്തുന്ന ഇസ്രയേലിന്റെ നടപടിയെ  വിമർശിക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ യുദ്ധതടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ല എന്നും പോസ്റ്റിൽ എഴുതിയിരുന്നു.

പലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രയേൽ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്ന് പോസ്റ്റിൽ എഴുതിയിരുന്നു.യുദ്ധങ്ങൾ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്.ഇസ്രയേൽ ഇപ്പോൾപ്രഖ്യാപിച്ച കരയുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കിൽ ഇതിനെക്കാൾ വലിയ ഭീകരതകൾക്കാണ് നാം സാക്ഷ്യം വഹിക്കേണ്ടി വരിക.ഏത് യുദ്ധത്തിലും വർഗീയ ലഹളകളിലും നരകയാതനകൾക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കും.