ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ആഴക്കടൽ മനുഷ്യ ദൗത്യമായ ‘സമുദ്രയാൻ” പദ്ധതി 2026ൽ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു രാജ്യസഭയെ അറിയിച്ചു. ‘മത്സ്യ 6000″ എന്ന സബ്‌മേഴ്‌സിബിൾ വാഹനത്തിലാണ് മൂന്നുപേരെ 6000 മീറ്റർ താഴ്ചയിലേക്കയക്കുന്നത്. ആഴക്കടൽ വിഭവങ്ങളെക്കുറിച്ചും ജൈവ വൈവിദ്ധ്യത്തെക്കുറിച്ചും പഠിക്കുകയാണ് ലക്ഷ്യം. ആവാസവ്യവസ്ഥയെ തടസപ്പെടുത്താതെയാകും പഠനം. അഞ്ച് വർഷത്തേക്ക് 4,077 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യൻ ടെക്‌നോളജി (എൻ.ഐ.ഒ.ടി) രൂപകല്പന ചെയ്‌ത് വികസിപ്പിച്ചതാണ് ‘മത്‌സ്യ 6000″.