രാഹുലിന്റെ സ്റ്റേ; ഇന്ന് സുപ്രീംകോടതിയില്‍

In Editors Pick, ഇന്ത്യ
August 04, 2023

ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തില്‍ സുപ്രീംകോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. ഹര്‍ജിക്കാരനായ പൂര്‍ണേഷ് മോദിയുടെയും ഗുജറാത്ത് സര്‍ക്കാരിന്റെയും നിലപാട് കൂടി അറിഞ്ഞ ശേഷം സ്റ്റേ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് കോടതിയുടെ നിലപാട്. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, പി.എസ്. നരസിംഹ,സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. മൂന്നംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായമുണ്ടായാല്‍ ഭൂരിപക്ഷ തീരുമാനമാകും നടപ്പാകുക. സ്റ്റേ ലഭിച്ചാല്‍ രാഹുലിന്റെ എം.പി. സ്ഥാനത്ത് നിന്നുള്ള അയോഗ്യത നീങ്ങും.

മാനനഷ്ടക്കേസില്‍ സൂറത്തിലെ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് രാഹുലിന് രണ്ടുവര്‍ഷം തടവ് വിധിച്ചത്. അപകീര്‍ത്തിവകുപ്പിലെ പരമാവധി ശിക്ഷയാണിത്. മോദി പരാമര്‍ശത്തില്‍ കുറ്റക്കാരനല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. പരാതിക്കാരനായ പൂര്‍ണേഷ് മോദിയുടെ സത്യവാങ്മൂലത്തിനുളള മറുപടിയിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്. മാപ്പുപറയാനായിരുന്നെങ്കില്‍ താനത് നേരത്തേ ചെയ്യുമായിരുന്നു. തെറ്ര് ചെയ്യാത്തയാളെ മാപ്പു പറയിപ്പിക്കാനുളള പൂര്‍ണേഷ് മോദിയുടെ ശ്രമം ജുഡീഷ്യല്‍ നടപടികളുടെ ദുരുപയോഗമാണെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാഹചര്യമൊരുക്കണമെന്നും രാഹുല്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

അതേസമയം, മോദി പരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്തുന്നതിന് പകരം രാഹുല്‍ ഗാന്ധി അഹങ്കാരം കാണിക്കുകയാണെന്നാണ് ഗുജറാത്തിലെ മുന്‍മന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ പൂര്‍ണേഷ് മോദി സത്യവാങ്മൂലം സമര്‍പ്പിച്ചത്. സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി സസ്‌പെന്‍ഡ് ചെയ്യാന്‍ തയ്യാറായില്ല. അഡീഷണല്‍ സെഷന്‍സ് കോടതിയെയും, ഗുജറാത്ത് ഹൈക്കോടതിയെയും രാഹുല്‍ സമീപിച്ചെങ്കിലും അനുകൂല ഉത്തവ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.