ഡൽഹി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 മിനിട്ടിലധികം രക്തത്തിൽ കുളിച്ച് റോഡിൽ കിടന്നിട്ടും ആരും സഹായിക്കാനായി മുന്നോട്ട് വന്നില്ല. അവിടെ കൂടിയ ആളുകൾ ചിത്രങ്ങളെടുക്കുകയും വീഡിയോ പകർത്തുകയും മാത്രമാണ് ചെയ്തത്. പിന്നീട് സംഭവസ്ഥലത്തെത്തിയ നാലുപേരാണ് പീയൂഷിനെ ആശുപത്രിയിലെത്തിച്ചത്. ഒപ്പമുണ്ടായിരുന്ന റിക്കോർഡ് ചെയ്യാൻ ഉപയോഗിച്ചിരുന്ന ‘ഗോപ്രോ’ ക്യാമറയും കാണാനില്ല.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് ഡൽഹിയിലെ പഞ്ച്ശീൽ എൻക്ളേവിനടുത്ത് അപകടമുണ്ടായത്. ചികിത്സയിലിക്കെ കഴിഞ്ഞ ദിവസമാണ് സിനിമാ നിർമാതാവായ പീയുഷ് പാൽ (30) മരിച്ചത്.നീന്തൽ പരിശീലനത്തിന് ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു പീയുഷ്. സാധാരണ സ്പീഡിലായിരുന്നു യാത്ര ചെയ്തിരുന്നത്. വളവ് തിരിയുന്നതിനിടെ മറ്റൊരു ബൈക്ക് വന്നിടിക്കുകയായിരുന്നു. ഏറെനേരം വരെ അവന്റെ ഫോണിൽ കോൾ പോകുന്നുണ്ടായിരുന്നു. പിന്നീട് കിട്ടാതെയായി.
ഗുരുഗ്രാമിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ബണ്ടി (26) എന്ന യുവാവ് യാത്ര ചെയ്യുകയായിരുന്ന ബൈക്ക് പീയുഷിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും പീയുഷിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്ന് സുഹൃത്തുക്കൾ ആരോപിക്കുന്നു.
‘വിലകൂടിയ ഹെൽമറ്റാണ് പീയൂഷ് ധരിച്ചിരുന്നത്. അപകടം നടന്ന് അരമണിക്കൂറിന് ശേഷമാണ് അവനെ ആശുപത്രിയിലെത്തിച്ചത്. കൃത്യസമയത്ത് തന്നെ ആളുകൾ അവനെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാവുമായിരുന്നു. പിതാവും മാതാവും സഹോദരിയും അടങ്ങുന്നതാണ് പിയൂഷിന്റെ കുടുംബം. ബോളിവുഡിലെ ക്രൂ അംഗങ്ങളുടെ ജീവിതം, അവർ മുംബൈയിൽ എങ്ങനെ അതിജീവിക്കുന്നു, അവരുടെ ദിനചര്യ എന്നിവയെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിർമ്മിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം’- സുഹൃത്തുക്കൾ പങ്കുവച്ചു. അപകടത്തിൽ ബണ്ടിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.