ന്യൂഡല്‍ഹി: ഐ.എ.എസ്, ഐ.പി.എസ്, ഫോറസ്റ്റ് സര്‍വീസ് തുടങ്ങി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരിലെ പുരുഷന്മാര്‍ക്കും കുട്ടികളെ നോക്കാന്‍ അവധി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ശമ്പളത്തോടെ രണ്ടുവര്‍ഷത്തെ (730ദിവസം) അവധിയാണ് ലഭിക്കുക. നിലവില്‍ വനിതാ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ഈ ആനുകൂല്യമുണ്ട്.
അവിവാഹിതനോ, ഭാര്യ മരിച്ചതോ, വിവാഹ മോചനം നേടിയതോ ആയ ഉദ്യോഗസ്ഥര്‍ക്ക് കുട്ടികളെ 18 വയസുവരെ വളര്‍ത്താനും, വിദ്യാഭ്യാസം നല്‍കാനും രോഗ ശുശ്രൂഷയ്ക്കും മറ്റുമായി ശമ്പളത്തോടെ അവധി നല്‍കാമെന്നാണ് 1955ലെ ഓള്‍ ഇന്ത്യ സര്‍വീസസ് ചട്ടങ്ങളില്‍ മാറ്റം വരുത്തിയുള്ള കേന്ദ്ര പഴ്സണല്‍ വകുപ്പിന്റെ ഉത്തരവ്.
അവധിക്കാലത്ത് ആദ്യ ഒരു വര്‍ഷം ശമ്പളം മുഴുവനായും രണ്ടാം വര്‍ഷം 80 ശതമാനവും ലഭിക്കും. അതേസമയം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്നില്‍ കൂടുതല്‍ തവണ അവധി അനുവദിക്കില്ല. അഞ്ചു ദിവസത്തില്‍ കുറയുകയും ചെയ്യരുത്. വനിതകള്‍ക്ക് ആറ് തവണ വരെ അവധിയെടുക്കാം. ഈ അവധിക്കായി ലീവ് അക്കൗണ്ട് പരിപാലിക്കും. ഉദ്യോഗസ്ഥന്റെ സാധാരണ അവധിയെ ബാധിക്കില്ല.
പ്രത്യേക സാഹചര്യങ്ങളിലൊഴികെ പ്രൊബേഷന്‍ കാലയളവില്‍ ശിശു സംരക്ഷണ അവധി പറ്റില്ല.