എസ്‌എഫ്‌ഐ ജയത്തിനു റീക്കൗണ്ടിംഗ്!

In Editors Pick, Special Story
November 03, 2023

തൃശൂർ: കേരളവർമ്മ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയെ വിജയിപ്പിക്കാൻ പോളിംഗ് ചുമതലയുണ്ടായിരുന്ന അദ്ധ്യാപകൻ റീക്കൗണ്ടിംഗ് അട്ടിമറിച്ചെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടന് 896ഉം എസ്‌എഫ്‌ഐക്ക് 895 വോട്ടുമാണ് ലഭിച്ചത്. എന്നാൽ, കേരളവർമ്മയിലെ സഖാക്കളായ ‘അദ്ധ്യാപഹയന്മാർ’ റീക്കൗണ്ടിംഗിലൂടെ 895 ആണ് വലുതെന്ന് സ്ഥാപിച്ചെടുത്തുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.

കേരളവർമ കോളേജിൽ റീക്കൗണ്ടിംഗ് കെഎസ്‌യു ബഹിഷ്കരിച്ചിരുന്നു. സുതാര്യതയില്ലെന്ന് ആരോപിച്ചാണ് ബഹിഷ്കരണം. എസ്‌എഫ്‌ഐയും അദ്ധ്യാപക സംഘടനകളും ചേർന്ന് റീക്കൗണ്ടിംഗിൽ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നുവെന്ന് ചെയർപേഴ്‌സൺ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഉൾപ്പെടെയുള്ളവർ നേരത്തേ തന്നെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി വൈകിയും തുടർന്ന റീക്കൗണ്ടിംഗ് കെഎസ്‌യു ബഹിഷ്കരിച്ചത്. ശേഷം കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിൽ നിന്നും മടങ്ങുകയും ചെയ്തിരുന്നു. സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കെഎസ്‌യു.


രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

കേരളവർമ്മയിലെ സഖാക്കളായ ‘അധ്യാപഹയന്മാരോടാണ്’ 895നെക്കാൾ വലുത് 896 തന്നെയാണ്.

കാഴ്ച്ചയ്ക്ക് പരിമിതിയുണ്ടായിട്ടും ഹൃദയം കൊണ്ട് ആ കലാലയത്തെ കണ്ടറിഞ്ഞ ശ്രീക്കുട്ടന് SFl യുടെ 895നു മുകളിൽ 896 വോട്ട് നല്കി തന്നെയാണ് കേരളവർമ്മയിലെ കുട്ടികൾ SFI യുടെ ഏകാധിപത്യ കോട്ട പൊളിച്ചത്. എന്നാൽ CPM രാഷ്ട്രീയത്താൽ അന്ധത ബാധിച്ച കേരളവർമ്മയിലെ ‘അധ്യാപഹയർ’ റികൗണ്ടിംഗ് നടത്തി 895 ആണ് വലുത് എന്ന് സ്ഥാപിച്ചെടുത്തു. അതിനു വേണ്ടി ആദ്യമെണ്ണിയപ്പോൾ ‘സാധുവായിരുന്ന’ ശ്രീക്കുട്ടന്റെ വോട്ടുകൾ പൊടുന്നനെ അസാധുവാകുന്നു!!

കേരളവർമ്മയിലെ ‘സഖാക്കളായ അധ്യാപഹയരുടെ’ ജനാധിപത്യവിരുദ്ധതയും, പാർട്ടി അടിമത്വവും, കള്ളക്കളികളും പ്രത്യേകം പറയണ്ടതില്ലല്ലോ….

SFI നേതാക്കളുടെ പതിവ് യോഗ്യതകളായ വ്യാജ സർട്ടിഫിക്കറ്റുമായിട്ടോ കോപ്പിയടിച്ച് പരീക്ഷ ജയിച്ചതോ അല്ലാത്ത ‘അധ്യാപഹരില്ലാത്തത്’ കൊണ്ട് വീണ്ടും പറയുന്നു 895നേക്കാൾ വലുതാണ് 896….!

കാലചക്രമിനിയുമുരുളും…..

ഞങ്ങളിവിടെത്തന്നെയുണ്ടാകും….

മറക്കരുത്…..