ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടം പുറത്തിറക്കിയ സംഭവത്തില്‍ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇത്തരം പ്രവൃത്തികള്‍ ചൈനയുടെ ശീലമാണെന്നും മറ്റു രാജ്യങ്ങളുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മാപ്പ് പുറത്തിറക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.ടിവിയുമായുള്ള അഭിമുഖത്തിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അവരുടേതല്ലാത്ത പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടങ്ങള്‍ പുറത്തിറക്കാറുണ്ട്. അത് അവരുടെ പണ്ടുതൊട്ടേയുള്ള ശീലമാണ്. ഇന്ത്യയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടങ്ങള്‍ പുറത്തിറക്കി അവര്‍ക്കൊരു മാറ്റവും വരുത്താനാകില്ല. നമ്മുടെ ഭൂപ്രദേശത്തെ സംബന്ധിച്ച് കൃത്യമായ ധാരണ സര്‍ക്കാരിനുണ്ട്. മറ്റുള്ളവരുടെ പ്രദേശങ്ങള്‍ സ്വന്തമാക്കി ചിത്രീകരിച്ച് ചൈന അസംബന്ധ വാദങ്ങള്‍ ഉന്നയിക്കരുതെന്നും ജയ്ശങ്കര്‍ പറഞ്ഞു.
ചൈന ദക്ഷിണ ടിബറ്റ് എന്നവകാശപ്പെടുന്ന ഇന്ത്യയുടെ അരുണാചല്‍ പ്രദേശ്, 1962-ലെ യുദ്ധത്തില്‍ പിടിച്ചടക്കിയ അക്സായ് ചിന്‍ എന്നീ പ്രദേശങ്ങള്‍ ചൈന തങ്ങളുടെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പരമാധികാരമുള്ള രാജ്യം എന്ന് അവകാശപ്പെടുന്ന തയ്വാന്‍, സൗത്ത് ചൈനാക്കടലിന്റെ വലിയ ഭാഗമാണെന്നവകാശപ്പെടുന്ന നയന്‍ ഡാഷ് ലൈന്‍ എന്നിവയും ചൈന പുറത്തിറക്കിയ ഭൂപടത്തിലുണ്ട്.
ചൈനയുടെ അവകാശവാദത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തിയിരുന്നു. നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം ചൈന കൈവശംവെച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ ജി-20 ഉച്ചകോടിയിലേക്ക് ബി.ജെ.പി. സര്‍ക്കാര്‍ വിരുന്നൊരുക്കി സ്വീകരിക്കേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ഈ മാസം ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ മോദിയും ഷി ജിന്‍ പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തര്‍ക്കമേഖലകളിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ വിശാലവും ആഴത്തിലുള്ളതുമായ ചര്‍ച്ചകള്‍ ഇരുനേതാക്കളും നടത്തിയതായി ഇരുവരുടെയും കൂടിക്കാഴ്ചയെക്കുറിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ചൈന ഇന്ത്യയുടെ ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള ഭൂപടം പുറത്തുവിട്ടിരിക്കുന്നത്.