ജാതിവിവേചന ചർച്ചകൾ കാണുമ്പോൾ ചിരിക്കേണ്ടിവരും !

In Editors Pick, Special Story
September 24, 2023

കൊച്ചി: ” ഓരോ ജാതിക്കാർക്കും ഇപ്പോൾ ഓരോ സംഘടനകളുണ്ട്. അവയെല്ലാം നിലനിൽക്കുന്നതും തഴച്ചുവളരുന്നതും ഇവിടത്തെ രാഷ്ട്രീയ നേതൃത്വങ്ങളുടെ അകമഴിഞ്ഞ സഹായത്തോടെയാണ്. ഇത്തരം ജാതി സംഘടനകൾ നടത്തുന്ന എല്ലാ സമ്മേളനങ്ങളിലും പരിപാടികളിലും ഇവരെല്ലാം പങ്കെടുക്കും.ജാതി ചിന്തയെ പല രീതിയിലും ഊട്ടിയുറപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലിരുന്നാണ് നമ്മുടെ മന്ത്രിമാർ ഇതേപ്പറ്റിയിങ്ങനെ വേവലാതിപ്പെടുന്നത്”

എഴുത്തുകാരനായ എൻ.ഇ. സുധീർ ഫേസ്ബുക്കിൽ . 

കിട്ടാവുന്ന ജാതി സ്റ്റേജുകളിലൊക്കെ കയറി നിരങ്ങി ആചാരവിളക്കും കൊളുത്തി പുറത്തു വന്ന് ജാതിയതെയ്ക്കെതിരെ പ്രസംഗിക്കുന്നതെന്തിന്? വിവേചനത്തെപ്പറ്റി നിലവിളിക്കുന്നതെന്തിന് ?നവോത്ഥാനം മൈക്കിനു ചുറ്റുമായി കറങ്ങിക്കൊണ്ടിരിക്കുപ്പോൾ ഇതിലപ്പുറമൊന്നും സംഭവിക്കില്ല. മാറ്റത്തിന് തുടക്കം കുറിക്കേണ്ടത് രാഷ്ട്രീയ പാർട്ടികളുടെ സമീപനത്തിലാണ്.. എൻ.ഇ. സുധീർ  തുടരുന്നു

 

 



ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം ചുവടെ:-

കേരളത്തിൻ്റെ ദേവസ്വം മന്ത്രിക്ക് ക്ഷേത്രത്തിൽ വെച്ച് ജാതിവിവേചനം നേരിടേണ്ടിവന്നതുമായ ചർച്ചകൾ കാണുമ്പോൾ സത്യത്തിൽ ചിരിക്കാനാണ് തോന്നുന്നത്.

ജാതി ചിന്തയെ പല രീതിയിലും ഊട്ടിയുറപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലിരുന്നാണ് നമ്മുടെ മന്ത്രിമാർ ഇതേപ്പറ്റിയിങ്ങനെ വേവലാതിപ്പെടുന്നത് എന്നത് വിചിത്രം തന്നെ. സംഭവത്തെ ലജ്ജിപ്പിക്കുന്നത് എന്ന് സി പി.എം സെക്രട്ടറിയേറ്റും അപലപിച്ചു കണ്ടു.പ്രതിപക്ഷ നേതാവ് ഇതിനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ എന്നാണ് വിശേഷിപ്പിച്ചത്. സത്യത്തിൽ ഇവരൊക്കെ ആരോടാണ് ഇതൊക്കെ പറയുന്നത്? കേരളത്തിലെ ഓരോ ജാതിക്കാർക്കും ഇപ്പോൾ ഓരോ സംഘടനകളുണ്ട്.

അവയെല്ലാം നിലനിൽക്കുന്നതും തഴച്ചുവളരുന്നതും ഇവിടത്തെ രാഷ്ട്രീയ നേതൃത്വങ്ങളുടെ അകമഴിഞ്ഞ സഹായത്തോടെയാണ്. ഇത്തരം ജാതി സംഘടനകൾ നടത്തുന്ന എല്ലാ സമ്മേളനങ്ങളിലും പരിപാടികളിലും ഇവരെല്ലാം പങ്കെടുക്കും. സംസ്ഥാന സമ്മേളനങ്ങൾ ഉത്ഘാടനം ചെയ്യും. അത് ചെയ്യില്ല എന്ന് പറഞ്ഞ ഏതെങ്കിലും ഒരു ഇടതുപക്ഷ മന്ത്രിയുണ്ടോ? സി.പി.എം നേതാവുണ്ടോ? വി.ഡി. സതീശനോ അദ്ദേഹത്തിൻ്റെ പാർട്ടിയിലെ മറ്റു നേതാക്കളോ അങ്ങനെയൊരു നിലപാടെടുക്കുമോ? കിട്ടാവുന്ന ജാതി സ്റ്റേജുകളിലൊക്കെ കയറി നിരങ്ങി ആചാരവിളക്കും കൊളുത്തി പുറത്തു വന്ന് ജാതിയതെയ്ക്കെതിരെ പ്രസംഗിക്കുന്നതെന്തിന്? വിവേചനത്തെപ്പറ്റി നിലവിളിക്കുന്നതെന്തിന് ?

അന്ധവിശ്വാസ നിരോധന നിയമം നിയമസഭയുടെ ചവറ്റുകൊട്ടയിലെങ്കിലുമുണ്ടോ? കേരളത്തിലെ ക്ഷേത്രാചാരങ്ങൾ നവോത്ഥാന മൂല്യങ്ങളോട് , ഭരണഘടനാ മൂല്യങ്ങളോട് ചേർന്നു നിൽക്കുന്നവയല്ലെന്ന് ദേവസ്വം മന്ത്രിക്ക് അറിയില്ലെന്നാണോ? സി.പി.എമ്മിനും കോൺഗ്രസ്സിനും അറിയില്ലെന്നാണോ?


ശുദ്ധാശുദ്ധിയും അയിത്തവും ജാതിയ വിവേചനവും എല്ലാ ആരാധനാലയങ്ങളിലും നിത്യേന അരങ്ങേറുന്നുണ്ട്. ആചാരത്തിൻ്റെ പുകമറയിൽ കൊണ്ടാടപ്പെടുന്നുണ്ട്. ഇതിനെതിരെ ഒരു വാക്കു പറയാതെ, ഇതിനെപ്പറ്റി ഗൗരവമായി ഒന്നും ചെയ്യാതെ, ഒറ്റപ്പെട്ട സംഭവങ്ങളുടെ മേൽ ഒച്ചവെക്കുന്നത് വെറും ഭോഷ്ക്കാണ്.കേരളത്തിൽ ജാതീയത എത്രത്തോളമുണ്ടെന്നറിയാൻ വെറുതെ പത്രങ്ങളിലൊന്ന് നോക്കിയാൽ മാത്രം മതി. ജാതി സംഘടനകളുടെ വാർത്തകൾ, ജാതി വേർതിരിച്ചുള്ള മാട്രിമോണിയൽ പരസ്യങ്ങൾ, ജാതിപ്പേരിലുള്ള ഭക്ഷണ പരസ്യങ്ങൾ … കേരളം അടിമുടി ജാതിയലഭിരമിക്കുകയാണ്.


നവോത്ഥാനവും പുരോഗമനവും വാക്കുകളിലൊതുങ്ങിയാൽ ഇതു തന്നെയാണ് സംഭവിക്കുക. ജാതീയത യ്ക്കെതിരെ അടുത്ത കാലത്ത് നടത്തിയ എന്തെങ്കിലും ഒരു കാര്യം നമ്മുടെ പുരോഗമന സംഘടനകൾക്ക് ചൂണ്ടിക്കാണിക്കാനുണ്ടോ? നാരയണഗുരുവും അയ്യങ്കാളിയുമൊക്കെ നൂറ്റാണ്ടു മുമ്പത്തെ ആളുകളാണ്. അവരുടെ പേരിൽ നിരന്തരം ഊറ്റം കൊണ്ടാൽ അവസാനിക്കുന്ന ഒന്നല്ല, ജാതിയും ജാതിവിവേചനവും.

നവോത്ഥാനം മൈക്കിനു ചുറ്റുമായി കറങ്ങിക്കൊണ്ടിരിക്കുപ്പോൾ ഇതിലപ്പുറമൊന്നും സംഭവിക്കില്ല. മാറ്റത്തിന് തുടക്കം കുറിക്കേണ്ടത് രാഷ്ട്രീയ പാർട്ടികളുടെ സമീപനത്തിലാണ്.

വാൽക്കഷണം: പയ്യന്നൂരിൽ ഒരു പ്രോട്ടോക്കോൾ ലംഘനം നടന്നുവോ എന്നൊരു സംശയം എനിക്കുണ്ട്. മന്ത്രി പങ്കെടുത്ത ചടങ്ങിൽ എന്തിനാണ് അദ്ദേഹത്തിനു മുമ്പേ മറ്റു രണ്ടു പേർ വിളക്കു കൊളുത്തിയത്?