ഭാരത് നെറ്റ്: 1.39 ലക്ഷം കോടിക്ക് അംഗീകാരം

In Editors Pick, ഇന്ത്യ
August 06, 2023

ന്യൂഡല്‍ഹി: രാജ്യത്തെ 6.4 ലക്ഷം ഗ്രാമങ്ങളില്‍ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി എത്തിക്കുന്ന ഭാരത് നെറ്റിന്റെ അടുത്ത ഘട്ടത്തിന് 1.39 ലക്ഷം കോടി രൂപ ചെലവഴിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിലവില്‍ ഭാരത് നെറ്റ് പദ്ധതിക്ക് കീഴില്‍ ഏകദേശം 1.94 ലക്ഷം ഗ്രാമങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ട്, രണ്ടര വര്‍ഷത്തിനുള്ളില്‍ ബാക്കി ഗ്രാമങ്ങളെ കൂടി ഡിജിറ്റല്‍ കണക്റ്റിവിറ്റിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ രാജ്യത്ത് 2.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

6.4 ലക്ഷം ഗ്രാമങ്ങളിലേക്ക് റിംഗ് ടോപ്പോളജി സംവിധാനത്തിലൂടെ എത്തിച്ചേരുകയാണ് ലക്ഷ്യമെന്ന് വാര്‍ത്താവിനിമയ, ഇലക്ട്രോണിക്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. രാജ്യത്തെ വിദൂര പ്രദേശങ്ങളില്‍പോലും ഇന്റര്‍നെറ്റ് സൗകര്യം ഇതോടെ ലഭ്യമാകും. പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലിന്റെ ഉപകമ്പനിയായ ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്ക് ലിമിറ്റഡ് (ബി.ബി.എന്‍.എല്‍) ഗ്രാമീണ തലത്തിലെ സംരംഭകരുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

60,000 ഗ്രാമങ്ങളില്‍ 3,800 സംരംഭങ്ങളിലൂടെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയത്. 3.51 ലക്ഷം ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ നല്‍കി. പ്രതിമാസം ശരാശരി 175 ജിഗാബൈറ്റ് ഡാറ്റ ഉപഭോഗം ഈ കണക്ഷനുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പരീക്ഷണം വിജയകരമായതോടെ കൂടുതല്‍ ഭാഗങ്ങളിലേക്ക് ഭാരത് നെറ്റ് കണക്ഷന്‍ എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ബി.എസ്.എന്‍.എല്ലിനും ഗ്രാമീണ സംരംഭങ്ങള്‍ക്കും ഇടയില്‍ 50 ശതമാനം വീതം വരുമാനം പങ്കിടുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രതിമാസ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ വില 399 രൂപ മുതലാണ് ആരംഭിക്കുന്നത്. രാജ്യത്ത് 37 ലക്ഷം റൂട്ട് കിലോമീറ്റര്‍ (ആര്‍.കെ.എം) ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ (ഒ.എഫ്.സി) സ്ഥാപിച്ചിട്ടുണ്ടെന്നും അതില്‍ ബി.ബി.എന്‍.എല്‍ 7.7 ലക്ഷം റൂട്ട് കിലോമീറ്റര്‍ സംഭാവന ചെയ്‌തെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.