ന്യൂഡല്‍ഹി: കളിക്കാരന്റെ കുപ്പായത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നിത്തിളങ്ങിയ മുന്‍ നായകന്‍ ടോം ജോസഫിനെത്തേടി ഇന്ത്യയുടെ സഹ പരിശീലകന്റെ ചുമതലയെത്തി. സെപ്തംബറില്‍ ചൈനയിലെ ഹന്‍ചോയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകനായാണ് 43കാരനായ ടോമിന്റെ നിയമിച്ചിരിക്കുന്നത്. അടുത്തിടെ രൂപം നല്‍കിയ വോളിബാള്‍ ഫെഡറേഷന്‍ ഒാഫ് ഇന്ത്യയുടെ അഡ്‌ഹോക്ക് കമ്മറ്റിയാണ് 28 അംഗടീമിനെയും ഏഴ് പരിശീലകരെയും കോച്ചിംഗ് ക്യാമ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഏഷ്യന്‍ ഗെയിംസുകളില്‍ പങ്കെടുത്ത താരമാണ് ടോം ജോസഫ്. 2002ല്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത് ഫിനിഷ്‌ചെയ്ത ബുസാന്‍ ഏഷ്യന്‍ ഗെയിംസിലും 2006ലെ ദോഹ ഏഷ്യന്‍ ഗെയിംസിലുമാണ് യൂണിവേഴ്‌സല്‍ ആള്‍റൗണ്ടര്‍ റോളില്‍ ടോം കളിച്ചത്. സാഫ് ഗെയിംസുകളിലും ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റുകളിലും അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലും 14കൊല്ലത്തോളം ഇന്ത്യയെ പ്രതിനിധീകരിച്ച ടോം ജോസഫ് കേരളത്തിനായി നിരവധി ദേശീയ ചാമ്പ്യന്‍ഷിപ്പുകളിലും ഫെഡറേഷന്‍ കപ്പുകളിലും കളിച്ചിട്ടുണ്ട്.2014ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചു.
ഇന്റര്‍നാഷണല്‍ വോളിബാള്‍ ഫെഡറേഷന്റെ ലെവല്‍ വണ്‍ കോച്ചിംഗ് സര്‍ട്ടിഫക്കറ്റ് നേടിയ ടോം കളിക്കുപ്പായമഴിച്ചുവച്ചശേഷം ബി.പി.സി.എല്‍ ടീമിന്റെ ഹെഡ് കോച്ചായി. നിരവധി ടൂര്‍ണമെന്റുകളിലാണ് ബി.പി.സി.എല്‍ ഇക്കാലയളവില്‍ ജേതാക്കളായത്. ഇതിനിടയില്‍ പ്രൈം വോളിബാള്‍ ടൂര്‍ണമെന്റില്‍ ഹൈദരാബാദ് ബ്‌ളാക്ക്ഹാക്‌സിന്റെ സഹപരിശീലകനും മുഖ്യ പരിശീലകനുമായി. കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരള ടീമിന്റെ പരിശീലകനായിരുന്നു.