സതീഷ് കുമാർ വിശാഖപട്ടണം
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും കാരുണ്യത്തിന്റെ പ്രകാശഗോപുരവുമായിരുന്ന ഫ്രാൻസിസ് മാർപാപ്പ സ്വർഗ്ഗസ്ഥനായിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുന്നിൽ നടന്ന ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യശ്രൂഷയിൽ പങ്കെടുക്കാൻ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു അടക്കം ഒട്ടേറെ ലോക നേതാക്കൾ എത്തി ആ മഹാത്മാവിന് അന്ത്യോപചാരം അർപ്പിക്കുകയുണ്ടായി.
1936 ഡിസംബർ 17- ന് അർജൻ്റീനയിലെ ബ്യൂണസ് ഐറിസിൽ ജനിച്ച ഹോർഹെ മാരിയോ ബെർഗോളിയോ ആണ് ഫ്രാൻസിസ് മാർപാപ്പ എന്ന പേരിൽ ലോക മനസ്സുകളെ കീഴടക്കി ആത്മീയതയുടെ പൊൻവെളിച്ചം പകർന്ന് വിശ്വാസികളുടെ പ്രിയപ്പെട്ട ഇടയനായി മാറിയത് .
ആഡംബരങ്ങളും സമ്പത്തും എല്ലാം ഉപേക്ഷിച്ച് വിശക്കുന്നവൻ്റെയും ദരിദ്രൻ്റെയും ഒപ്പം സഞ്ചരിച്ച് അവരിലൊരാളായി മാറിയ അസീസ്സിയിലെ ഫ്രാൻസിസിൻ്റെ പേർ സ്വീകരിച്ചുകൊണ്ട് അദ്ദേഹം ആധുനിക പരിഷ്കൃത ലോകത്തിന് ഒരു വലിയ മാതൃകയായി മാറി.
വിശുദ്ധിയുടെ വെൺമേഘമെന്നും ആത്മീയ ശക്തിയുടെ വിശുദ്ധ വെളിച്ചമെന്നും വിശേഷിപ്പിക്കപ്പെടുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് ദൈവത്തിൻറെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളം സന്ദർശിക്കാൻ കഴിഞ്ഞില്ല. എങ്കിലും അദ്ദേഹത്തെ ഒരു മലയാള ചലച്ചിത്രത്തിലെ പാട്ടുരംഗത്ത് ചിത്രീകരിക്കാനും അതിലൂടെ മലയാള സിനിമയുടെ വെള്ളിത്തിരകളിൽ ഒരു സാന്നിധ്യമാക്കാനും കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യത്തിലാണ് പത്രപ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ ബെന്നി ആശംസ.
2017-ൽ റിലീസ് ചെയ്ത സിനിമയായിരുന്നു മധുവും കെ പി എ സി ലളിതയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച “ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ് ” എന്ന ചലച്ചിത്രം. വിഴിഞ്ഞം തുറമുഖം മാനേജിംഗ് ഡയറക്ടർ ദിവ്യ എസ് അയ്യർ ആയിരുന്നു ഈ ചിത്രത്തിലെ നായിക.
ദിവ്യ എസ് അയ്യർ
ബെന്നി ആശംസ കഥയും തിരക്കഥയും സംഭാഷണവും എഴുതി അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ ചിത്രത്തിൻ്റെ ഒട്ടേറെ ഭാഗങ്ങൾ ജർമ്മനിയിലും വത്തിക്കാനിലുമാണ് ചിത്രീകരിച്ചത്. അമ്മയുടെ കൈവശമുള്ള സ്വത്തുക്കൾ തട്ടിയെടുക്കാൻ മക്കൾ കാണിക്കുന്ന ആക്രാന്തത്തിന്റെ നേർക്കാഴ്ചയായിരുന്നു ഈ ചിത്രം.
അതിനായി മാർപാപ്പയിൽ നിന്നും നേരിട്ട് അനുഗ്രഹം വാങ്ങിത്തരാം എന്ന് അമ്മയെ പറഞ്ഞു പറ്റിച്ചുകൊണ്ട് മക്കൾ വത്തിക്കാനിലേക്ക് കൊണ്ടുപോകുന്ന ഒരു രംഗം ഈ ചിത്രത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു.
ഇതിനായി കേരളത്തിൽ താമസിക്കുന്ന ഏതെങ്കിലും ഒരു സായിപ്പിനെ മാർപാപ്പയുടെ വേഷത്തിൽ ചിത്രീകരിക്കാനായിരുന്നു നിർമ്മാതാക്കൾ ആദ്യം തീരുമാനിച്ചത്. എന്നാൽ സംവിധായകൻ ബെന്നി ആശംസയ്ക്ക് ആ അഭിപ്രായത്തോട് യോജിപ്പുണ്ടായിരുന്നില്ല. അദ്ദേഹം ആ രംഗം നേരിട്ട് വത്തിക്കാനിൽ പോയി ചിത്രീകരിക്കാം എന്നു പറഞ്ഞപ്പോൾ അമ്പരന്നത് സിനിമയുടെ സാങ്കേതിക പ്രവർത്തകരായിരുന്നു.
സൂര്യ ടി വി യിലെ രാജുവിന്റെ സഹോദരനും പ്രശസ്ത സംവിധായകൻ ഭരതന്റെ സഹോദരി പുത്രൻ രഞ്ജിത്തും ഭാര്യയും റോമിലെ ബിസിനസുകാരനായ ബെൻസിയുമെല്ലാം ബെന്നി ആശംസയെ ഈ കാര്യത്തിൽ സഹായിക്കാൻ മുന്നോട്ടുവന്നു.
മാർപാപ്പയെ നേരിട്ടു കാണണമെങ്കിൽ ഇന്ത്യൻ എംബസി വഴി അപേക്ഷ സമർപ്പിച്ചാൽ മാത്രമേ നടക്കുകയുള്ളൂ. സമയവും പണവും നഷ്ടപ്പെടുത്താതെ മാർപാപ്പ എല്ലാ മാസവും നടത്താറുള്ള പൊതുജന സമ്പർക്കവും വിശ്വാസികൾക്ക് അനുഗ്രഹം നൽകുന്ന രംഗങ്ങളും ചിത്രീകരിക്കാൻ ബെന്നി ആശംസ റോമിൽ നിന്ന് അനുമതി നേടിയെടുത്തു.
അങ്ങനെ വത്തിക്കാനിലെ സെൻ്റ് മേരിസ് ദേവാലയത്തിനു മുന്നിലൂടെ ഫ്രാൻസിസ് മാർപാപ്പ തൻറെ പ്രിയപ്പെട്ട വിശ്വാസികളെ സന്ദർശിക്കുന്ന വേളയിൽ മലയാളത്തിന്റെ പ്രിയ നടി കെ പി എ സി ലളിതയും മാർപാപ്പയുടെ അനുഗ്രഹം വാങ്ങാനുള്ള നിരയിൽ ഉണ്ടായിരുന്നു.
ഒരു സിനിമാ ചിത്രീകരണത്തിന്റെ യാതൊരു ടെൻഷനും ഇല്ലാതെ ബെന്നി ആശംസ മനോഹരമായ ആ രംഗം തൻറെ ക്യാമറയിൽ ഒപ്പിയെടുത്തു . ഒരു സൂര്യതേജസ് കടന്നു പോകുന്നതു പോലെയായിരുന്നു മാർപ്പാപ്പയെ കണ്ട അനുഭവമെന്ന് ലളിതചേച്ചി ഒരു ചാനൽ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത് ഈ ലേഖകൻ ഇപ്പോഴും ഓർക്കുന്നു.
ഈ സിനിമയിൽ ഡോക്ടർ വേണുഗോപാൽ എഴുതി വിനുആനന്ദ് സംഗീതം പകർന്ന്
വൃന്ദ മോഹൻ പാടിയ
“പോകുവതെങ്ങു നീ മോഹമരീചിക തേടി … “
എന്ന ഗാനം ബിനു ആനന്ദിന്റെ സംഗീതത്തിലും വൃന്ദ മോഹന്റെ ആലാപനത്തിലും വളരെ ആസ്വാദ്യകരമായിരുന്നു. ഈ ഗാനരംഗത്ത് ഏകദേശം അര മിനിറ്റോളം നേരം മാർപാപ്പ ഒരു ദിവ്യ ജ്യോതിസ് പോലെ പ്രത്യക്ഷപ്പെടുന്നുണ്ട്.
ബെന്നി ആശംസ
എന്നാൽ ചിത്രം സാമ്പത്തിക വിജയം നേടാത്തതിന്റെ പേരിൽ ഈ ഗാനം സംഗീത പ്രേമികളുടെ മനസ്സിലേക്ക് അർഹിക്കുന്ന രീതിയിൽ എത്തിച്ചേർന്നില്ല .
എന്തായാലും ഈ നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഫ്രാൻസിസ് മാർപാപ്പ സ്വർഗ്ഗസ്ഥനായ അവസരത്തിൽ ഒരു മലയാള സിനിമയിലെ ഗാനരംഗത്തിലൂടെ ലോകത്തിന്റെ ആരാധ്യനായ ഫ്രാൻസിസ് മാർപാപ്പയെ തൻറെ ക്യാമറയിലൂടെ ചിത്രീകരിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഒരു മഹാഭാഗ്യമായിട്ടാണ് ബെന്നി ആശംസ എന്ന സംവിധായകൻ ഇന്നും ഓർമ്മിക്കുന്നത് .
—————————————————————————
(സതീഷ് കുമാർ : 9030758774)
——————————
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക