ക്ഷത്രിയൻ
എന്നാലും ഈ ഗവർണർമാർ മുഖ്യമന്ത്രിയോട് കാണിച്ചത് കൊലച്ചതി ആയിപ്പോയി. മൂന്ന് ഗവർണർമാർക്ക് മുഖ്യമന്ത്രി ഒരുക്കിയ അത്താഴവിരുന്ന് ബഹിഷ്കരിക്കാൻമാത്രം എന്ത് അപരാധമാണ് ഇവിടെ ഉണ്ടായിട്ടുള്ളത് ?
ഈസ്റ്ററും പെസഹയുമൊക്കെ ഉൾപ്പെട്ട ആഴ്ചയിലാണ് മുഖ്യൻ ക്ഷണിച്ചതെന്നതിനാൽ അത്താഴമെന്ന് കേട്ടപ്പോൾ ഗവർണർമാരുടെ മനസിൽ അവസാനത്തെ അത്താഴം കടന്നുവന്നുവോ. ആവോ !
വിരുന്നിനെന്നല്ല, ഒരു പരിപാടിക്കും ഇപ്പോൾ നേരിട്ട് ചെന്ന് ക്ഷണിക്കുന്ന പതിവില്ല. കല്യാണക്കുറി അച്ചടിക്കുന്നത് പോലും ഇപ്പോൾ കുറവാണ്. വാട്സാപ്പിൽ അറിയിച്ചാൽ തന്നെ ആതിഥ്യം സ്വീകരിക്കാൻ അതിഥികൾ വരിവരിയായി നിൽക്കുന്ന കാലവുമാണ്.
എന്നിട്ടും മുഖ്യൻ കുടുംബസമേതം രാജ്ഭവനിലെത്തി ക്ഷണിച്ചിട്ടും കേരള ഗവർണർ അർലേക്കർ അത് നിരാകരിച്ചത് മഹാപാതകം തന്നെ. നിർമലാ സീതാരാമന് പ്രാതൽ നൽകാൻ ഡൽഹിക്ക് പോകുമ്പോൾ വിമാനത്തിൽക്കണ്ട പരിചയത്തിന് ചുമ്മാതൊന്ന് പറഞ്ഞതേയുള്ളൂ,
കേരള ഹൗസിലെത്തി പ്രാതലിൽ പങ്കെടുത്ത ഗവർണറാണ് മുഖ്യൻ കുടുംബസമേതം നേരിട്ടെത്തി ക്ഷണിച്ചിട്ടും നിഷ്കരുണം നിരാകരിച്ചതെന്നും ഓർക്കണം.
ആരോഗ്യപ്രശ്നമാണ് അത്താഴവിരുന്ന് ഒഴിവാക്കാൻ ബംഗാൾ ഗവർണർ ആനന്ദബോസ് പറഞ്ഞ കാരണമത്രെ. ക്ഷണിച്ചാലും പോകില്ലെന്ന് തീരുമാനിച്ചാൽ ഏത് മാന്യനും പറയുന്ന മാന്യമായ കാരണം തന്നെയാണ് അത്.
എന്നുവച്ച് സുഖമില്ലാത്താതല്ലേ, മലയാളിയല്ലേ എന്നും കരുതി ബോസിനെ കാണാൻ മുഖ്യൻ കുടുംബസമേതം കൊൽക്കത്തയ്ക്ക് വണ്ടി കയറാനൊന്നും തുനിയേണ്ട. സ്കൂളിൽ വരാത്തതിന് കുട്ടികളും ജോലിക്ക് വരാത്തതിന് ജീവനക്കാരുമൊക്കെ നിരത്തുന്ന കാരണം വിരുന്നിന് വരാതിരിക്കാൻ കക്ഷിയും പ്രയോഗിച്ചുവെന്ന് സമാധാനിച്ചാൽ മതി.
ഗോവ ഗവർണർ ശ്രീധരൻ പിള്ളയാണ് കേമൻ. പിള്ള ക്ഷണം സ്വീകരിച്ചോ അതോ നിരാകരിച്ചോ എന്ന് ആർക്കും പറയാൻ പറ്റാത്ത അവസ്ഥ. ഗോവയിലെ രാജ്ഭവനിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത തിരക്കിൽപ്പെട്ടതാണ് വിരുന്നിനെത്താതിരിക്കാനുള്ള കാരണമത്രെ. ഗവർണർ പദവി ഗോവയിലാണെങ്കിലും മാസത്തിൽ മുക്കാലെമുണ്ടാണി ദിവസവും കേരളത്തിൽ തെക്കുവടക്ക് പ്രത്യക്ഷപ്പെടുന്നതാണ് പിള്ള.
അവാർഡ് സ്വീകരിക്കുക, സമ്മാനിക്കുക, സ്വന്തം പുസ്തകം പ്രകാശിപ്പിക്കുക, മറ്റുള്ളവരുടെ പുസ്തകം പ്രകാശനം ചെയ്യുക, നാടമുറി, വിളക്ക് കൊളുത്തൽ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ചടങ്ങുകൾക്കായിരിക്കും കേരള പ്രദക്ഷിണം.
എല്ലായിടത്തും എല്ലായ്പ്പോഴും കാണപ്പെടുന്ന വിശിഷ്ട വ്യക്തിത്വമാണ് കേരളത്തെ സംബന്ധിച്ചെടുത്തോളം വിശിഷ്ടരിൽ വിശിഷ്ടനായ മുഖ്യൻ ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഒഴിവായത്. കലികാലം എന്നല്ലാതെന്ത് പറയാൻ.
വിരുന്നൊരുക്കുക എന്നൊക്കെപ്പറഞ്ഞാൽ നിസാര കാര്യമൊന്നുമല്ല. മെനു തയാറാക്കൽ, പാചകക്കാരനെ കണ്ടെത്തൽ. പന്തലൊരുക്കൽ എന്നിങ്ങനെ എന്തുമാത്രം തത്രപ്പാടുകളുണ്ട് ഒരു വിരുന്നൊരുക്കലിന് എന്നറിയാത്തവരൊന്നുമല്ലല്ലോ ഗവർണർമാർ.
അതിഥികളായി എത്തുന്നവർ ഗവർണർമാരാണ് എന്നതിനാൽ അവർക്ക് ഇരിക്കാനുള്ള ഇരിപ്പിടം കണ്ടെത്താൻ തന്നെ പെടാപ്പാട് പെടണം. അമേരിക്കയിലെ ടൈംസ്ക്വയറിലേത് പോലുള്ള ഇരുമ്പ് കസേരയിൽ ആസനസ്ഥരാക്കാനുള്ളവരല്ലല്ലോ ഗവർണർമാർ.
അങ്ങനെ കാക്കത്തൊള്ളായിരം തിരക്കുകൾക്കിടയിലാണ് നേരിട്ടും അല്ലാതെയും ഗവർണർമാരെ ക്ഷണിച്ചത്. അതിഥികൾ എത്തേണ്ടതും ആതിഥ്യം നൽകേണ്ടതും പൊതുജനങ്ങളുടെ ചെലവിലാണ് എന്നതിനാൽ ഇരുകൂട്ടർക്കും ധനനഷ്ടം സംഭവിക്കാത്ത ലളിതമായ ഏർപ്പാടായിരുന്നു നിശ്ചയിക്കപ്പെട്ട വിരുന്ന്. എന്നിട്ടും ഈ ഗവർണർമാർ കൊടുംചതി ചെയ്തല്ലോ എന്നതാണ് സങ്കടം.
അല്ലെങ്കിലും ഈ മുഖ്യന് അങ്ങനെതന്നെ വേണം. പ്രോട്ടോക്കോൾ ലംഘിച്ചാൽ ഇങ്ങനെയൊക്കെ സംഭവിക്കും. പ്രാതൽ കഴിഞ്ഞയുടൻ അത്താഴം വിളമ്പുന്ന സമ്പ്രദായം ലോകത്ത് എവിടെയെങ്കിലുമുണ്ടോ. ഏറ്റവുമൊടുവിൽ മുഖ്യൻ വിളമ്പിയത് പ്രാതൽ ആയിരുന്നില്ലേ. ഡൽഹിയിൽ നിർമല സീതാരാമന് പ്രാതലൊരുക്കിയതിന് പിന്നാലെ ഗവർണർമാർക്ക് അത്താഴം നിശ്ചയിച്ചത് തെറ്റായിപ്പോയെന്ന് ഷെഫ് പിള്ളപോലും സമ്മതിക്കും.
പ്രാതൽ കഴിഞ്ഞാൻ ഉച്ചയൂണായിരുന്നു ഒരുക്കേണ്ടത്. നിതിൻ ഗഡ്കരിക്ക് നൽകിയത് പോലെ പുഴുക്കലരിച്ചോറും കുട്ടനാടൻ കരിമീൻ പൊള്ളിച്ചതും നാലുകൂട്ടം പായസവുമൊക്കെയായിരുന്നു ഒരുക്കേണ്ടിയിരുന്നത്.
ഉച്ചയൂണ് മാത്രമല്ല, ഈവനിങ്ങ് ടീ കൂടി മറികടന്നാണ് പ്രാതലിൽനിന്ന് നേരെ അത്താഴത്തിലേക്ക് നീങ്ങിയത് എന്നത് ഭക്ഷണവുമായി ബന്ധപ്പെട്ട ഒന്നാംതരം പ്രോട്ടോകോൾ ലംഘനം തന്നെയാണ്. അത്താഴത്തിന് ഗവർണറെ ക്ഷണിക്കാൻ രാജ്ഭവനിലേക്ക് പുറപ്പെടും മുൻപ് മുഖ്യൻ മറന്നാലും കമലയും മകളുമെങ്കിലും അത് ഓർക്കണമായിരുന്നു.
ഇനി അത്താഴത്തിൻറെ സൈദ്ധാന്തിക വശത്തിലേക്ക് വരാം. കാരണഭൂതനെന്നല്ല, ഭൂലോകത്തെ ഏത് ഭരണാധികാരിയും പ്രജകളെ അത്താഴമൂട്ടാൻ ശ്രദ്ധിക്കേണ്ടവർ തന്നെയാണ്. കേരളത്തിലെ ഗവർണർ എന്ന നിലയിൽ അർലേക്കറേയും മലയാളികൾ എന്നനിലയ്ക്ക് ബോസിനെയും പിള്ളയെയും ഇവിടുത്തെ പ്രജകളായിത്തന്നെ പരിഗണിക്കുകയും ചെയ്യാം.
എങ്കിലും അത്താഴമൂട്ടുന്നതിനുള്ള ആദ്യപരിഗണന നൽകേണ്ടിയിരുന്നത് അത്താഴംമുട്ടിക്കിടക്കുന്നവരെ ആയിരുന്നുവെന്നതാണ് മാനുഷികവശം. അങ്ങനെ വരുമ്പോൾ വർത്തമാനകാലത്ത് ആദ്യം പരിഗണിക്കേണ്ടിയിരുന്നത് അത്താഴമെന്നല്ല കട്ടൻ ചായ പോലും മുടങ്ങിയനിലയിൽ സെക്രട്ടറിയേറ്റ് നടയിൽ സമരം ചെയ്യുന്ന ആശമാരെയായിരുന്നു. അത്താഴപ്പട്ടിണിക്കാരെ മറന്ന് അത്താഴത്തിന് ഒരു മുടക്കവുമില്ലാതെ രാജ്ഭവനിൽ കഴിയുന്ന ഗവർണർമാരെ അത്താഴത്തിന് ക്ഷണിച്ചതിനെ എന്ത് പേരിട്ടുവിളിക്കണം?
കത്തിയെരിയുന്ന സൂര്യനാണ് പിണറായി എന്ന് മുൻ പ്രൈവറ്റ് സെക്രട്ടറി കൂടിയായ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ഇന്നലെ വിശേഷിപ്പിച്ചത് വെറുതെയല്ല. ആശമാരുടെ വയറ് കത്തുമ്പോൾ കത്തിയെരിയുക തന്നെയല്ലേ കാരണഭൂതൻ!
ഗവർണർ സംവിധാനത്തെക്കുറിച്ച് വിപ്ലവപ്പാർട്ടിയുടെ ഇക്കാലമത്രയുമുള്ള നിലപാട് എന്താണെന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. ഒന്നാം ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിടാൻ ഉതകുന്ന റിപ്പോർട്ട് തയാറാക്കിയ ബർഗുള രാമകൃഷ്ണ റാവു തൊട്ട് ഒരു ഗവർണറുടെയും അസ്ഥിത്വം അംഗീകരിക്കാൻ തയാറായവരല്ല വിപ്ലവപ്പാർട്ടിക്കാർ. ഗവർണർസ്ഥാനമെന്നത് തന്നെ അജഗളസ്തനം എന്നതാണ് പാർട്ടി കാഴ്ചപ്പാട്.
എന്നിട്ടുമെന്തേ വിരുന്നൊരുക്കി ക്ഷണിക്കാൻ മാത്രം വൈശിഷ്ട്യം അർലേക്കർക്കും ബോസിനും പിള്ളയ്ക്കും ലഭിച്ചുവെന്നിടത്താണ് ചിന്തിക്കുന്നവർ പല ദൃഷ്ടാന്തങ്ങളും കാണുക.
സാമ്രാജ്യത്വമെന്നൊക്കെ കുറ്റപ്പെടുത്തുമെങ്കിലും അമേരിക്കയിലെ ചില സംഗതികളോട് വലിയ മതിപ്പാണിപ്പോൾ മുഖ്യനും കൂട്ടർക്കുമെന്ന് തോന്നുന്നു.
വിരുന്ന സൽക്കാര സമ്പ്രദായം കടംകൊണ്ടതും അമേരിക്കയിൽനിന്നാണെന്നാണ് പാണന്മാർ പാടി നടക്കുന്നത്. ഭരണത്തിലെ രണ്ടാംവരവ് കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് ഡോണൾഡ് ട്രംപ്. അതിന് കണ്ടെത്തിയ വഴിയും വിരുന്ന് തന്നെ. മേയ് 22ന് ട്രംപ് കേമൻ വിരുന്നൊരുക്കുന്നുണ്ട്.
തൻറെ പേരിൽ പുറത്തിറക്കിയ ക്രിപ്റ്റോ കറൻസിയായ ട്രംപ് കോയിൻ ഏറ്റവും കൂടുതൽ സ്വന്തമാക്കിയവർക്ക് ട്രംപിനൊപ്പം അത്താഴമുണ്ണാം. അവിടെ 220 പേരെങ്കിൽ ഇവിടെ 3 ഗവർണർമാർ എന്ന വ്യത്യാസം മാത്രം.
ക്ഷണിച്ചപ്പോൾ തന്നെ ഗവർണർമാർ പ്രയാസം അറിയിച്ചിരുന്നോ എന്നറിയില്ല. ഗവർണർമാർ വരില്ലെന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ പഹൽഗാം സംഭവത്തിൻറെ പേരും പറഞ്ഞ് ആതിഥേയന് തന്നെ വിരുന്ന് മാറ്റിവയ്ക്കാമായിരുന്നു.
അതിനും അവസരം നൽകിയില്ലല്ലോ ഗവർണർമാർ. കേസിൽപ്പെട്ട് ഉഴലാൻ വിധിക്കപ്പെട്ട മകളുടെ അച്ഛൻ്റെ മനോവേദന മനസിലാക്കാൻ കഴിയാത്തവരാണ് ഗവർണർമാർ എന്നുവരുന്നത് അതീവ സങ്കടകരംതന്നെ.