ഡോ ജോസ് ജോസഫ്
സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന അച്ഛൻ. മറുവശത്ത് അയാളെ കുടുക്കാൻ വില്ലന്മാരായി പോലീസ്. ദൃശ്യം ഒന്നിലും രണ്ടിലും കണ്ട ജോർജുകുട്ടിയുടെ അതേ വാർപ്പ് മാതൃകയിലുള്ള നായകനാണ് തുടരും എന്ന ചിത്രത്തിൽ മോഹൻ ലാൽ അവതരിപ്പിക്കുന്ന ഷണ്മുഖൻ.
ഓപ്പറേഷൻ ജാവ,സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രത്തിൽ ദൃശ്യം ചിത്രത്തിൻ്റെ കഥ മറിച്ചിട്ടാലെന്ന പോലെ ഏറിയും കുറഞ്ഞും സമാനതകൾ പലതും കാണാം. അമ്മയെയും മകളെയും പോലീസ് സ്റ്റേഷനിൽ ക്രൂരന്മാരായ പോലീസുകാർ മർദ്ദിക്കുന്നതുൾപ്പെടെ.
എന്നാൽ ദൃശ്യത്തിൽ സംവിധായകൻ ജിത്തു ജോസഫ് പ്രകടിപ്പിച്ച ബ്രില്യൻസൊന്നും തുടരും ചിത്രത്തിൽ കാണാനില്ല. മോഹൻലാലും ശോഭനയും ഒന്നിക്കുമ്പോൾ ആ കോമ്പോയിൽ നിന്നു പ്രതീക്ഷിക്കുന്ന പഴയ മാജിക്കും ചിത്രത്തിൽ ഇല്ല.
ദൃശ്യത്തിൽ മോഹൻ ലാലിൻ്റെ ജോഡിയായി വന്ന മീനയ്ക്കു ലഭിച്ച സ്ക്രീൻ പ്രസൻസ് ഈ ചിത്രത്തിൽ ശോഭനയ്ക്കില്ല. വെറുതെ ഒരു ഭാര്യ.അത്ര മാത്രം. അവസാന ഭാഗങ്ങളിലെ ഒന്നോ രണ്ടോ രംഗങ്ങളിൽ മാത്രം ശോഭന തിളങ്ങി.എന്നാൽ ദൃശ്യം മോഡൽ ത്രില്ലറുകളുടെ ആരാധകരെയും ലാലേട്ടൻ ഫാൻസിനെയും തുടരും സന്തോഷിപ്പിക്കും.
വീട്ടുകാർക്കും നാട്ടുകാർക്കും പ്രിയപ്പെട്ടവനാണ് ഷണ്മുഖൻ. മുൻ കാലങ്ങളിൽ മോഹൻ ലാൽ അവതരിപ്പിച്ച പല കഥാപാത്രങ്ങളുടെയും ഷേയ്ഡുകൾ ഒരു ഫാൻ ബോയി എന്നതു പോലെ തരുൺ മൂർത്തി, ഷണ്മുഖന് ആദ്യാവസാനം നൽകിയിട്ടുണ്ട് . ആദ്യത്തെ അര മണിക്കൂർ മുണ്ടുടുത്ത് സാധാരണക്കാരനായി എല്ലാവരോടും ലോഹ്യം പറഞ്ഞു നടക്കുന്ന വിൻ്റേജ് മോഹൻ ലാലിനെ അവതരിപ്പിക്കാനാണ് സംവിധായകൻ്റെ ശ്രമം.
മണ്ണിൽ കാലുറപ്പിച്ചു നടക്കുന്ന,കുടുംബ ബന്ധങ്ങൾക്കു സൗഹൃദങ്ങൾക്കും വില നൽകുന്ന പഴയ മോഹൻ ലാലിനെ ഇവിടെ കാണാം.എന്നാൽ ഫീൽ ഗുഡ് മൂവിയൊന്നുമല്ല തുടരും. വയലൻസും പീഡനവുമെല്ലാം ആവശ്യത്തിനു ചേർത്തിട്ടുണ്ട്.
മുണ്ടക്കയത്തിനടുത്ത് പുലക്കയത്തിൽ 2024 മെയ് മാസത്തിൽ നടന്ന ഉരുൾപൊട്ടലോടെയാണ് ചിത്രത്തിൻ്റെ തുടക്കം.രണ്ടാം പകുതിയിൽ ഈ സംഭവത്തെ കഥാഗതിയുമായി ബന്ധിപ്പിക്കുന്നുണ്ട്. സിനിമയിൽ സ്റ്റണ്ട് മാസ്റ്റർ പളനിയുടെ (ഭാരതി രാജ) അസിസ്റ്റൻ്റായിരുന്നു ബെൻസ് എന്ന് നാട്ടുകാർ വിളിക്കുന്ന ഷണ്മുഖൻ.സിനിമ വിട്ടു വന്നതിനു ശേഷം റാന്നിയിൽ സ്ഥിര താമസം. ഭാര്യ ലളിത (ശോഭന ) പവിത്രം ഫ്ലോർ മിൽസ് എന്ന പേരിൽ പൊടി മില്ല് നടത്തുന്നു.
രണ്ട് മക്കൾ. മൂത്തവൻ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥി പവി (തോമസ് മാത്യു). വിദ്യാർത്ഥിനിയായ ഇളയവൾ സോഷ്യൽ മീഡിയയിൽ ‘റീൽസ് റാണി’യായി (അമൃത വർഷിണി ) വിലസുന്നു. ന്യൂ ജെന്നോടും പഴയ തലമുറയോടും ഒരു പോലെ സൗഹൃദത്തിലാണ് ബെൻസ്.
പെർമിറ്റൊന്നും ഇല്ലെങ്കിലും പഴയ അമ്പാസ്സഡർ കാർ ടാക്സിയായി ഓടിച്ചാണ് ഷണ്മുഖൻ്റെ ഉപജീവനം. KLO3 L 4455 എന്ന ആ പഴയ മാർക്ക് 1 അമ്പാസ്സഡർ കാറിന് അയാളുടെ ഭൂതകാലവുമയി വിട്ടൊഴിയാനാവാത്ത ആത്മബന്ധമുണ്ട്. ഏയ് ഓട്ടോയിലെ സുധിക്ക് ‘സുന്ദരി’ എന്ന ഓട്ടോ പോലെയാണ് ഈ ചിത്രത്തിലെ ഷണ്മുഖന് തൻ്റെ ടാക്സി കാർ. ‘മലങ്കൾട്ട് ‘ എന്നാണ് മകൻ പവി ഷണ്മുഖൻ്റെ കാറിനെ വിശേഷിപ്പിക്കുന്നത്.
ഒരിക്കൽ കൂട്ടുകാർക്കൊപ്പം കൂടി തൻ്റെ ജീവനായ കാർ അപകടത്തിൽ പെടുത്തിയതാണ് ഷണ്മുഖൻ മകൻ പവിയോട് ദേഷ്യപ്പെടാനിടയായ ഒരേയൊരു കാരണം. ഇവിടം മുതൽ പ്രതികാര നാടകത്തിലെ വൈകാരിക സംഭവ പരമ്പരകളുടെ ചുരുളഴിയുന്നു.
ഇട്ടിച്ചൻ്റെ (മണിയൻ പിള്ള രാജു ) വർക്ക് ഷോപ്പിൽ റിപ്പയറിംഗിന് ഏൽപ്പിച്ച കാർ ഒരു കഞ്ചാവ് കേസിൽ റാന്നി പെരുനാട് പോലീസ് കസ്റ്റഡിയിൽ എടുക്കുന്നു. തനിക്ക് ബന്ധമില്ലാത്ത കേസിൽ പെടുത്തിയ കാർ വിട്ടുകിട്ടാൻ ഷണ്മുഖൻ പല മാർഗ്ഗങ്ങളും നോക്കിയെങ്കിലും പോലീസ് ഓഫീസർ ബെന്നി ( ബിനു പപ്പു) വഴങ്ങുന്നില്ല.
അവസാനം സഹൃദയനായ സി ഐ ജോർജ് സാർ (പ്രകാശ് വർമ്മ) ഒരു നിബന്ധനയിൽ കാർ വിട്ടു നൽകുന്നു. പോലീസുകാരൻ സുധീഷിൻ്റെ (ഫർഹാൻ ഫാസിൽ) സഹോദരിയുടെ വിവാഹത്തിന് എരുമേലിയിലേക്ക് യാത്ര പോകണമെന്നായിരുന്നു സി ഐ ജോർജിൻ്റെ ആവശ്യം.
ഈ യാത്ര അസാധാരണമായ ഒരു കെണിയിലേക്കാണ് ഷണ്മുഖനെ വീഴ്ത്തുന്നത്.
രാത്രിയിലെ കല്യാണ വിരുന്നിനു ശേഷം വണ്ടി എരുമേലിയിൽ നിന്നും പാഞ്ചാലിമേടിനടുത്ത് വനത്തിലേക്ക് മല കയറുന്നതോടെ കഥാഗതി ടോപ് ഗിയറിലേക്ക് മാറുന്നു. എന്താണ് മലമുകളിലേക്കുള്ള യാത്രയുടെ ലക്ഷ്യമെന്ന് പോലീസ് ഷണ്മുഖനോട് വെളിപ്പെടുത്തുന്നു.ഈ യാത്രക്ക് ഷണ്മുഖനെയും അയാളുടെ വണ്ടിയെയും പോലീസ് എന്തിന് തെരഞ്ഞെടുത്തു?
ചതിയനും കൗശലക്കാരനുമായ ജോർജ് എന്തിന് ഷണ്മുഖനെ കെണിയിൽ പെടുത്തി ? ഈ കുരുക്കിൽ നിന്ന് അയാളും കുടുംബവും എങ്ങനെ രക്ഷപെടും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് രണ്ടാം പകുതി.
ആദ്യ മണിക്കൂറിലെ ഗൃഹാന്തരീക്ഷവും നാട്ടിൻ പുറത്തെ സൗഹൃദങ്ങളും കഴിഞ്ഞാൽ തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്ന് എഴുതിയ തിരക്കഥ പ്രവചനീയമായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്.
ദൃശ്യത്തിലെ ജോർജ് കുട്ടിയെ പോലെ ബുദ്ധിപരമായ നീക്കങ്ങൾക്കൊന്നും ഷണ്മുഖൻ മുതിരുന്നില്ല. അക്രമത്തിന് അക്രമം കൊണ്ടാണ് മറുപടി.പുലിമുരുകനെ പോലെ പത്ത് – പതിനഞ്ച് പേരെ ഒറ്റയ്ക്ക് നേരിടുന്ന നായകനെ അവസാനം കാണാം.അത് ന്യായീകരിക്കാൻ അയാൾക്ക് സിനിമയിലെ സ്റ്റണ്ട് അസിസ്റ്റൻ്റ് എന്ന പട്ടം തിരക്കഥാകൃത്തുക്കൾ ആദ്യം തന്നെ ചാർത്തി കൊടുത്തിട്ടുണ്ട്.
പോലീസ് സ്റ്റേഷനിൽ ഷണ്മുഖൻ സിവിൽ വേഷത്തിലുള്ള പോലീസുകാരെ നേരിടുന്നത് പ്രിയദർശൻ്റെ ഒപ്പത്തിൽ അന്ധനായ ജയരാമൻ പോലീസുകാരുമായി നടത്തുന്ന സംഘട്ടനത്തെ ഓർമ്മിപ്പിക്കും ക്ലൈമാക്സിൽ പുതുമയൊന്നുമില്ല.
വർഷം 30000 ദുരഭിമാനകൊലകൾ രാജ്യത്ത് നടക്കുന്നു എന്ന കണക്കുമായി കഥയെ കൂട്ടിക്കെട്ടിയിട്ടുണ്ട് സംവിധായകൻ.വില്ലന്മാരായ പോലീസുകാർക്ക് നായകൻ വിധിക്കുന്ന നിഷ്കരുണമായ അന്ത്യം പ്രേക്ഷകർക്ക് വലിയ സംതൃപ്തി നൽകും. എങ്കിലും അവിടെയും പുതുമയൊന്നുമില്ല.
നായകൻ ഇളയരാജയുടെ വലിയ ആരാധകനാണ്. അതു കൊണ്ടു തന്നെ രാജ സംഗീതം നൽകിയ പാട്ടുകൾ പശ്ചാത്തലത്തിൽ കടന്നു വരുന്നുണ്ട്.സിനിമയിലെ പഴയ സ്റ്റണ്ടുകാരനായതു കൊണ്ട് കാതൽ പറവൈ, വിക്രം തുടങ്ങിയ ചിത്രങ്ങളെ കുറിച്ചുള്ള പരാമർശങ്ങളും കേൾക്കാം. മോഹൻ ലാലിൻ്റെ തന്നെ കഥാപാത്രങ്ങളെ ട്രോളുന്നുമുണ്ട് സംവിധായകൻ.
താടി ട്രിമ്മുചെയ്യുന്ന ഷണ്മുഖനോട് അതവിടെ ഇരുന്നോട്ടെയെന്നാണ് ശോഭനയുടെ കഥാപാത്രം പറയുന്നത്. ആറാട്ടിലെ എക്സ് ഏജൻ്റ്, മരക്കാറിലെ വെട്ടിയിട്ട വാഴത്തണ്ട്, ഒടിയനിലെ “കുറച്ചു കഞ്ഞി എടുക്കട്ടെ ” തുടങ്ങി പ്രേക്ഷകർ ട്രോളിയ സംഭാഷണങ്ങളും ഈ സിനിമയിൽ കേൾക്കാം.
മോഹൻ ലാലിൻ്റെ ഫാൻസിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് കൃത്യമായി മനസ്സിലാക്കിയാണ് സംവിധായകൻ ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങൾ വികസിക്കുന്നതിന് ആവശ്യമായ സ്പേസ് തിരക്കഥാകൃത്തുക്കൾ നൽകിയിട്ടുണ്ട്. എങ്കിലും കുറച്ചു കൂടി വെട്ടിച്ചുരുക്കിയിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു.
മോഹൻ ലാലിൻ്റെ കുളിസീൻ ഉൾപ്പെടെ ചേർത്തിട്ടുണ്ടെങ്കിലും അസാധാരണ പ്രകടനമൊന്നും ചിത്രത്തിൽ മോഹൻ ലാൽ നടത്തിയിട്ടില്ല. വിൻ്റേജ് മോഹൻ ലാൽ തിരിച്ചു വന്നു എന്നൊന്നും പറയാനാവില്ല.എങ്കിലും എമ്പുരാനെക്കാളും മികച്ചതാണ് ഷണ്മുഖനായുള്ള ലാലിൻ്റെ പ്രകടനം.
ബെൻസ് എന്ന ഷണ്മുഖൻ, ലാലേട്ടൻ ഫാൻസിന് സംതൃപ്തി നൽകും. ശോഭനയ്ക്ക് വീട്ടമ്മ എന്നതിനപ്പുറം ഈ ചിത്രത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. കൈയ്യടി നേടുന്ന പ്രകടനം പോലീസ് ഓഫീസർ ബെന്നിയെ അവതരിപ്പിച്ച ബിനു പപ്പു, സിഐ ജോർജ് സാറായി വന്ന പ്രകാശ് വർമ്മ എന്നിവരുടേതാണ്. ജോർജ് സാറായി വന്ന പ്രകാശ് വർമ്മ തിളങ്ങി.
മോഹൻ ലാലിൻ്റെ ഷണ്മുഖനോട് കിടപിടിക്കുന്ന മികച്ച പ്രകടനം. ചെറുതെങ്കിലും ഭാരതി രാജയുടെ സാന്നിദ്ധ്യവും ഹൃദ്യമായി. സംഗീത് പ്രതാപ്, അർജുൻ അശോക്, ആർഷ ചാന്ദ്നി ബൈജു, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ജേക്സ് ബിജോയ് ഗാനങ്ങൾക്കു നൽകിയ സംഗീതവും പശ്ചാത്തല സംഗീതവും സിനിമയുടെ മൂഡ് ഉയർത്തി, വിഷ്ണു ഗോവിന്ദിന്റെ ഓഡിയോഗ്രാഫിയും ഷാജി കുമാറിന്റെ ഛായാഗ്രഹണവും അന്തരിച്ച നിഷാദ് യൂസഫ്, ഷഫീഖ് വി ബി എന്നിവരുടെ എഡിറ്റിംഗും മികച്ചതാണ്.
പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, വസ്ത്രാലങ്കാരം നടത്തിയ സമീറ സനീഷ് എന്നിവരും മികച്ച സംഭാവനകൾ നൽകി.രജപുത്രയുടെ ബാനറിൽ എം രജ്ഞിത്താണ് തുടരും നിർമ്മിച്ചത്.
———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)