April 26, 2025 8:24 pm

നിലമ്പൂരിൽ പൂക്കുന്ന ഡയാലിസിസ് രാഷ്ട്രീയം

ക്ഷത്രിയൻ.

നിലമ്പൂരിൽ ഒരിടത്ത് ഡയാലിസിസ് സംവിധാനമൊരുക്കിക്കൊടുത്ത പ്രതിപക്ഷ നേതാവിൻ്റെ പ്രായോഗിക ബുദ്ധിയെ വാഴ്ത്താതെ വയ്യ. പഴയ പാത്രങ്ങൾ, ഇലക്ട്രിക്ക് ഉപകരണങ്ങൾ, പത്രക്കടലാസുകൾ വിൽക്കാനുണ്ടോ എന്നു വിളിച്ചുചോദിച്ചെത്തുന്ന ആക്രിക്കച്ചവടക്കാരെ ഇഷ്ടം പോലെ കാണാം നാട്ടിലെവിടെയും.

ആക്രികൾ വാങ്ങുകയും പ്ലാസ്റ്റിക് ബക്കറ്റുകളും അലൂമിനിയം കോപ്പകളും മറ്റും വിൽക്കുകയുമെന്നതാണ് അവരുടെ രീതി. അതുപോലെ ഡയാലിസിസ് മെഷീൻ വേണോ എന്ന് ചോദിച്ച് നിലമ്പൂരിലെത്തിയ സതീശൻ നൽകിയ മെഷീന് പകരം ഇത്തിരി വോട്ടാണ് തിരികെ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞാൽ അതിശയോക്തിയെന്നൊന്നും ആകുന്നേയില്ല.

ഡയാലിസിസ് മെഷീനുമായി നിലമ്പൂരിൽ അലയുന്നതിടെ മെഷീൻ നൽകിയാൽ പിന്തുണ തിരികെ നൽകാമെന്ന അശരീരി കേട്ടത് അംഗീകരിച്ചിട്ടുണ്ടാകുമെന്ന് മാത്രം. കോൺഗ്രസുകാരനെ തോൽപിച്ച് അഞ്ചെട്ട് വർഷം നിലമ്പൂരിലെ ജനപ്രതിനിധിയായി ജീവിച്ച സാക്ഷാൽ പി.വി.അൻവർ ആവശ്യപ്പെട്ടപ്പോഴേക്കും ഡയാലിസിസ് മെഷീനുമായി ഓടിയെത്തിയ സതീശനെ ആദരിക്കാൻ മാത്രം യുഡിഎഫ് പ്രത്യേക കൺവൻഷൻ ചേരണം. അത്രമാത്രം ഗൗരവമുള്ള സർജിക്കൽ സ്ട്രൈക്കല്ലെ അദ്ദേഹം നടത്തിയിട്ടുള്ളത്.

 

 

 

എന്തുമാത്രം കരുതലാണ് അൻവറിൻ്റെ കാര്യത്തിൽ സതീശന്. അംബൂക്കയുടെ പൂർവകാല ചരിത്രംകൂടി മനസിലാക്കിയാലേ സതീശൻറെ ഹൃദയവിശാലത വെളിവാകൂ. സ്വാതന്ത്യ സമരത്തിലൊക്കെ പങ്കെടുത്ത് മൂവർണക്കൊടിയേന്തിയ പി.വി.ഷൗക്കത്തലിയുടെ മകൻ. സ്വാഭാവികമായും യൂത്തിലും പിന്നെ മൂത്തതിലുമൊക്കെയായി കോൺഗ്രസിനൊപ്പം നീങ്ങിയ ഒരാൾ. ആര്യാടൻ മുഹമ്മദിൻറെ തട്ടകത്തിൽ അത്രയധികം മോഹങ്ങളൊന്നുമുണ്ടായിട്ടില്ല അൻവറിന്.

വളർന്ന് വലുതായപ്പോൾ ജനസേവനത്തിന് ജനപ്രതിനിധിയാകണമെന്ന് തോന്നിപ്പോയി. പച്ചപ്പാർട്ടിയുടെ നിഴലിൽ പിടിച്ചുനിൽക്കാൻ ആര്യാടൻ തന്നെ പെടാപാട് പെടുന്നിടത്ത് അൻവറിന് ഒരിടം നൽകാൻ കോൺഗ്രസ് എന്നല്ല, ഐക്യരാഷ്ട്രസഭ വിചാരിച്ചാലും സാധിക്കാത്ത അവസ്ഥ. അൻവറൊന്ന് മുരണ്ടു. എതിർപക്ഷത്ത് നിന്നുള്ള ഏത് മുരൾച്ചയും സ്വരരാഗസുധയായി കണക്കാക്കുന്ന വിപ്ലവപ്പാർട്ടി നീട്ടിയ കരത്തിൽ അൻവറങ്ങ് പിടിച്ചു.

പേരിന് പിറകിൽ എംഎൽഎ എന്നുകൂടി ആയതോടെ അൻവർ അംബൂക്കയായി വളർന്നു. ഗാന്ധിപ്പാർട്ടിയെ സെമികേഡറാക്കാൻ കുമ്പക്കുടി രൂപരേഖ തയാറാക്കുന്നതിന് മുൻപെ ഫുൾകേഡർ സ്വഭാവമുള്ള വിപ്ലവപ്പാർട്ടിയുടെ എംഎൽഎ ആയതാണ് അൻവർ. പയ്യെപ്പയ്യെ അൻവറാണോ വലുത്, വിപ്ലവപ്പാർട്ടിയാണോ വലുതെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയുമായി.

ഗാന്ധിപ്പാർട്ടിയിലായിരുന്നപ്പോൾ മലപ്പുറത്തെ പാവം കോൺഗ്രസ് നേതാക്കളെ പരിഗണിച്ചത് പോലെ മതി വിപ്ലവപ്പാർട്ടിയിലെ നേതാക്കളോടുമെന്നും തീരുമാനിച്ച അൻവർ ചെന്നുപെട്ടത് വലിയ അപകടത്തിലും. കൊത്തിക്കൊത്തി മുറത്തിൽ കയറിക്കൊത്തിയപ്പോൾ കളി കാരണഭൂതനും അൻവറും തമ്മിലായി. വിപ്ലവപ്പാർട്ടിയോട് മൊഴിചൊല്ലുകയല്ലാതെ വഴിയില്ലാന്നായപ്പോൾ എംഎൽഎ സ്ഥാനം രാജിവക്കാനും തീരുമാനമായി.

എംഎൽഎയുടെ ശമ്പളം കിട്ടിയിട്ടുവേണം ജീവിക്കാൻ എന്ന ഗതികേടൊന്നും അൻവറിന് ഇല്ല. എന്നാലും പിടിച്ച് നിൽക്കാൻ അടവുകൾ പതിനെട്ട് പോരാ, പൂഴിക്കടകനും വേണ്ടിവരുമെന്ന് അൻവർ തിരിച്ചറിഞ്ഞത് മുൻ എംഎൽഎ ആയപ്പോഴാണ്.

കോണിയെന്നത് പച്ചപ്പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാണെങ്കിലും സ്വന്തം കോണി ചാരിവെക്കാൻ ചുമര് തേടിയുള്ള ഓട്ടത്തിലായി അൻവർ. അതിനൊരു പാർട്ടിവേണം. അയൽക്കാരല്ലേ, സഹായിക്കാതിരിക്കില്ല എന്ന ഉറപ്പിൽ വണ്ടി ആദ്യംവിട്ടത് തമിഴ്‌നാട്ടിലേക്ക്. അവിടെ നല്ല വിപണിമൂല്യമുള്ള ഡിഎംകെ ഷോപ്പിൽ കയറി കച്ചവടം തരപ്പെടുത്താൻ നോക്കി. ബ്രാൻഡഡ് ഉത്പന്നങ്ങൾക്കെല്ലാം കോപ്പി ലഭിക്കുന്ന കാലമാണിത്.

ദ്രാവിഡ മുന്നേററഴകത്തിൻ്റെ (ഡിഎംകെ) കോപ്പിയും വാങ്ങി തിരിച്ചെത്തി. കെഎഫ്സിക്ക് കെൻറുക്കി ഫ്രൈഡ് ചിക്കൻ എന്നും കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എന്നും വ്യാഖ്യാനമുള്ളത് പോലെ എം.കെ.സ്റ്റാലിൻറെ ഡിഎംകെയ്ക്ക് ഒന്നും അൻവൻ്റെ ഡിഎംകെയ്ക്ക് മറ്റൊന്നുമായി മലയാളം.
സംഗതി ലാഭമാകില്ലെന്ന തിരിച്ചറിവിൽ കൊൽക്കത്തയ്ക്ക് വണ്ടികയറിയ അൻവർ മമത ബാനർജിയുടെ തൃണമുൽ കോൺഗ്രസിൻറെ ഫ്രാഞ്ചൈസിയുമെടുത്ത് തിരിച്ചുവരുന്നതാണ് പിന്നെ കേരളം കണ്ടത്.

എന്നിട്ടും കാര്യങ്ങൾ എളുപ്പമല്ലെന്ന സ്ഥിതി തുടരുന്നതിനിടെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാകുന്നത്. എത്രയും പെട്ടെന്നൊരു തീരുമാനമായില്ലെങ്കിൽ അൻവറിൻ്റെ ഭാവി അവതാളത്തിലാകുമെന്ന് അൻവറിനോളം അറിയുന്നയാൾ അൻവർ അല്ലാതെ മറ്റാരും ഇല്ലതന്നെ.

നിലമ്പൂരിൽ ജയിക്കാൻ അൻവർ വേണോ വേണ്ടയോ എന്നതാണ് യുഡിഎഫിലെ ചർച്ച. വേണ്ടണം എന്ന മട്ടിലാണ് കാര്യങ്ങൾ. അതിനിടെയാണ് ഡയാലിസിസ് യന്ത്രവുമായി സതീശൻ എത്തിയിട്ടുള്ളത്. കേരളത്തിലിപ്പോൾ പ്രചുരപ്രചാരത്തിലുള്ള മെഡിക്കൽ ഉപകരണമാണ് ഡയാലിസിസ് മെഷിൻ. ഭരണത്തിൻറെ മികവ് കൊണ്ട് ഇടതുപക്ഷം ജയിക്കാൻ ഒരു കാരണവും കാണാനില്ലെങ്കിലും സ്ഥാനാർഥിയെച്ചൊല്ലിയുള്ള അടക്കം പറച്ചിലുൾപ്പെടെയുള്ള അങ്കലാപ്പ് കോൺഗ്രസിൽ ഇല്ലെന്ന് പറഞ്ഞുകൂടാ.

അൻവറിനാണെങ്കിൽ നിലനിൽപ് ഉറപ്പിക്കാനുള്ള വ്യഗ്രതയും. പ്രാഥമിക പരിശോധനയിലെ ലക്ഷണം കണ്ടാൽ പാർട്ടിക്കും മുന്നണിക്കും ഭാവിയിൽ ഡയാലിസിസൊക്കെ വേണ്ടിവരുമോയെന്ന ശങ്ക സതീശനെയും പിടികൂടിയെന്ന് തോന്നുന്നു. അവിടെയാണ് ഡയാലിസിസ് രാഷ്ട്രീയത്തിൻറെ പ്രാധാന്യം.

രാഷ്ട്രീയം അങ്ങനെ പലവിധമുണ്ട്. പ്രത്യേകിച്ച് നവകേരളത്തിൽ. കേരൾസ് മുഖ്യനും കേന്ദ്ര ധനമന്ത്രിയും തമ്മിൽ ഡൽഹിയിൽ നടത്തിയ പ്രാതൽ രാഷ്ട്രീയം പോലെ, വിപ്ലവപ്പാർട്ടിക്കാരും ശ്രീ എമ്മും നടത്തിയ ചർച്ചപോലെ പലതും. അക്കൂട്ടത്തിൽ ഡയാലിസിസ് രാഷ്ട്രീയം എന്ന പുതിയൊരെണ്ണം നിലമ്പൂരിലും മുളച്ചുവെന്ന് കരുതിയാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News