ശ്രീനഗര്‍: പാകിസ്ഥാൻ്റെ ഒത്താശയോടെ നടന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത കശ്മീരികളായ രണ്ട് ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം തകർത്തു.
ആക്രമണത്തില്‍ പങ്കെടുത്ത തദ്ദേശീയരായ ആസിഫ് ഷെയ്ഖ്, ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നിവരുടെ വീടുകളാണ് വ്യാഴാഴ്ച രാത്രി പൊളിച്ചത്.ആക്രമണത്തിനു പിന്നാലെ ഭീകരരുടെ കുടുംബങ്ങള്‍ വീടുകള്‍ ഒഴിഞ്ഞുപോയിരുന്നു.
സ്‌ഫോടനത്തിലാണ് വീടുകള്‍ തകര്‍ത്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇവരുടെ വീടുകള്‍ക്കുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
തദ്ദേശീയരായ ഭീകരര്‍ക്കെതിരേ കടുത്ത പ്രതിഷേധം സമീപവാസികളില്‍ നിന്നുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രാദേശിക ഭരണകൂടത്തിന്റെ നീക്കം.
ദക്ഷിണ കശ്മീരിലെ പുല്‍വാമയിലെ ത്രാലിലും അനന്ത്നാഗിലെ ബിജ്‌ബെഹരയിലുമുള്ള രണ്ട് വീടുകളാണ് തകര്‍ത്തത്. തദ്ദേശീയരായ രണ്ട് തീവ്രവാദികളുടേതടക്കമുള്ളവരുടെ രേഖാചിത്രം കഴിഞ്ഞദിവസം പോലീസ് പുറത്തുവിട്ടിരുന്നു.
അഞ്ചുപേരാണ് ഈ തീവ്രവാദി ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.
2018-ല്‍ വാഗ-അട്ടാരി അതിര്‍ത്തിയിലൂടെ പാകിസ്താനിലേക്ക് യാത്രചെയ്ത ആദില്‍ ഹുസൈന്‍ തോക്കര്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ തിരിച്ചെത്തുംമുമ്പ് തീവ്രവാദ പരിശീലനം നേടിയതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. പാകിസ്താന്‍ ഭീകരരുടെ ഗൈഡായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു.