
••••••••••••••••••••••
ആർ. ഗോപാലകൃഷ്ണൻ


ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അഖിലേന്ത്യാ പ്രസിഡണ്ട് പദവിയിൽ എത്തിച്ചേർന്ന ഏക മലയാളിയാണ് സർ ചേറ്റൂർ ശങ്കരൻ നായർ. അദ്ദേഹത്തിൻ്റെ 91-ാം ചരമവാർഷിക ദിനമാണിന്ന്.
1897-ൽ അമരാവതിയിൽ വെച്ചു കൂടിയ കോൺഗ്രസിന്റെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ശങ്കരൻ നായർ ആയിരുന്നു. കോൺഗ്രസ് പാർട്ടിയുടെ പതിമൂന്നാമത്തെ ദേശീയ അധ്യക്ഷനായിരുന്നു ചേറ്റൂർ….

സ്വാതന്ത്ര്യസമര കാലത്ത് അതിൽ പങ്കാളിത്തമൊന്നുമില്ലാത്ത ചില കൂട്ടർ, ഇദ്ദേഹത്തെ ‘ചരിത്രത്തിനിന്ന് ദത്തെടുക്കാനുള്ള’ പ്രക്രിയ നടന്നുവരുന്നുണ്ട് ! . ഒറ്റപ്പാലകാർക്ക് ഭാഗ്യമുണ്ടെങ്കിൽ കൂറ്റൻ പ്രതിമ ലഭിക്കുമായിരിക്കും !


പാലക്കാട്, ‘മങ്കര’യിലെ ചേറ്റൂർ തറവാട്ടിൽ 1857 ജൂലായ് 15-ന് ജനിച്ചു. മദ്രാസ് സർക്കാറിൻ്റെ തഹസീൽദാരായിരുന്ന, മന്മയിൽ രാമുണ്ണിപ്പണിക്കരും ചേറ്റൂർ പാർവ്വതിയമ്മയുമായിരുന്നു മാതാപിതാക്കൾ.

കോഴിക്കോട്ടും മദ്രാസിലുമായി വിദ്യാഭ്യാസം പൂർത്തിയക്കി. 1879-ൽ നിയമബിരുദം നേടി അഭിഭാഷകനായ അദ്ദേഹം പിന്നീട് മുൻസിഫ് ആയും ജോലി നോക്കി. മദ്രാസ് സർക്കാരിന്റെ മലബാർ അന്വേഷണ കമ്മിറ്റിയംഗം, മദ്രാസ് നിയമസഭാംഗം, മദ്രാസ് ഹൈക്കോടതി ജഡ്ജി, ഇൻഡ്യൻ യൂണിവേഴ്സിറ്റി കമ്മീഷൻ അംഗം, സൈമൺ കമ്മീഷനുമായി സഹകരിക്കാനുള്ള ഇൻഡ്യൻ സെൻട്രൽ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ, തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു.
ഭാരതത്തിൽ തഹസിൽദാരുടെ പദവിക്ക് മുകളിൽ ഭാരതീയർക്കെത്തിപ്പെടാൻ സാധിക്കാത്ത ഒരു കാലത്താണ് ഇക്കാര്യം സംഭവിക്കുന്നതെന്നത് ചെറിയ കാര്യമല്ല…

1904-ൽ ‘കമാൻഡർ ഓഫ് ഇൻഡ്യൻ എമ്പയർ’ എന്ന ബഹുമതി അദ്ദേഹത്തിനു നൽകിയ ബ്രിട്ടീഷ് സർക്കാർ, തുടർന്ന് 1912-ൽ സർ പദവിയും നൽകി.

വിദേശ മേധാവിത്വത്തെ ഏറ്റവും അധികം വിമർശിക്കുകയും ഇൻഡ്യക്ക് പുത്രികാരാജ്യ പദവിയോടുകൂടി സ്വയം ഭരണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു.
1919-ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് ആ ദേശസ്നേഹി വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൌൺസിലിൽ നിന്നു രാജി വച്ചു. ജാലിയൻവാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറൽ മൈക്കിൾ ഡയറിനെതിരെയും, ക്രൂരമായ മാർഷൽ നിയമത്തിനെതിരെയും സർ ചേറ്റൂർ ശങ്കരൻ നായർ ഇംഗ്ളണ്ടിൽ ചെന്ന് കേസ് വാദിക്കുകയുണ്ടായി.

ഗാന്ധിയുടെ നിയമലംഘന സമരമുറയെ ശങ്കരൻ നായർക്ക് അംഗീകരിക്കാനായില്ല. അന്നു നിലവിലുണ്ടായിരുന്ന കൊളോണിയൽ നിയമാധിഷ്ഠിത മാർഗ്ഗങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ മമത.
‘ഗാന്ധി ആൻഡ് അനാർക്കി’ (Gandhi and Anarchy) എന്ന പേരിൽ എഴുതിയ ഗ്രന്ഥത്തിൽ ഗാന്ധിയൻ രീതികളെ ശക്തിയായി വിമർശിച്ചിരിക്കുന്നു. മഹാത്മജിയുടെ നിസ്സഹകരണ സമരത്തെയും ഖിലാഫത്ത് സമരം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്തിയതിനെയും ഈ പുസ്തകത്തിൽ കഠിനമായി എതിർക്കുന്നുണ്ട്/

‘ദ കേസ് ദാറ്റ് ഷുക്ക് ദ എംപയർ’ എന്ന രഘു പാലാട്ടിന്റെയും അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ പാലാട്ടിന്റെയും പുസ്തകം ഇതിനെക്കുറിച്ച് ഉള്ളതാണ്. സർ സി. ശങ്കരൻ നായരുടെ കൊച്ചുമകനാണ് രഘു പാലാട്ട്.

ശങ്കരൻ നായരുടെ ഭാരൂ ലേഡി ശങ്കരൻ നായർ ബദരീനാഥ ക്‌ഷേത്ര പരിസരത്തു വെച്ച് വന്യജീവി ആക്രമണത്തിൽ ജീവൻ വെടിഞ്ഞു, എന്നാണ് കേട്ടിട്ടുള്ളത്. ലേഡി ശങ്കരൻ നായരുയുടെ ഓർമ്മക്കായി വീട്ടുകാർ തന്നെ സ്ഥലവും സൗകര്യങ്ങളും ഒരുക്കി, 1938-ൽ ആരംഭിച്ച ‘ലേഡി ശങ്കരൻ നായർ സ്കൂൾ’ (വേട്ടക്കാരൻ ടെംപിൾ റോഡ്, പൂളക്കപ്പറമ്പ്, ഒറ്റപ്പാലം) ഇന്ന് ഒരു ഹയർ സെക്കന്ററി സ്കൂളാണ്.

ശങ്കരൻ നായർ, 1934 ഏപ്രിൽ 22-ന്, 76-ാം വയസ്സിൽ, അന്തരിച്ചു എന്നാണ് രേഖകളിൽ ഉള്ളത്…
ശങ്കരൻ നായരുടെ മകൾ സരസ്വതിയുടെ ഭർത്താവാണ് ഇന്ത്യയുടെ അംബാസിഡർ ആയിരുന്ന കെ.പി.എസ്. മേനോൻ (സീനിയർ); ചേറ്റൂർ ശങ്കരൻ നായർ എന്നറിയപ്പെട്ട മുൻകാല ഹൈക്കോടതി ജഡ്ജിയും ഇദ്ദേഹത്തിൻ്റെ പിൻതലമുറയിൽ ഉൾപ്പെട്ട വ്യക്തിയാണ്.
———————————————————————————————————————-
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
______________________________ _____________________________
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 82
One Response
സ്വാതന്ത്ര്യ സമരകാലത്ത് “അതിൽ പങ്കാളികളല്ലാത്ത ചിലർ “ എന്ന പ്രയോഗം?
ചേറ്റൂർ ശങ്കരൻനായർ എന്ന കോൺഗ്രസ് പ്രസിഡന്റിനെ കോൺഗ്രസ് കൾക്കുപോലും പുതിയ അറിവായിരിക്കും