കൊച്ചി : ‘ആദ്യമേ പറയട്ടെ, ഞാന്‍ ഒരു ദൈവത്തോടും പ്രാര്‍ഥിക്കാറില്ല. ഞാന്‍ ശ്രീരാമന്റെ പാത പിന്തുടരുന്നില്ല. ഒരുപക്ഷേ അദ്ദേഹത്തിന്റെ പിതാവ് ദശരഥന്റെ പാത ഞാന്‍ പിന്തുടരും.’- കമല്‍ പറഞ്ഞു. ‘തഗ് ലൈഫ് ‘എന്ന പുതിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള പ്രചാര പരിപാടിയില്‍ തന്റെ വിവാഹങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു കമൽ .
പ്രൊമോഷന്‍ പരിപാടിക്കിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ നടി തൃഷയോട് വിവാഹത്തെ കുറിച്ച് ചോദിച്ചു. അത് നടന്നാലും നടന്നില്ലെങ്കിലും ‘ഓക്കെ’യാണ് എന്നാണ് തൃഷ പറഞ്ഞത്. ഇതിന് അനുബന്ധമായാണ് കമല്‍ ഹാസന്‍ വിവാഹവുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ജോണ്‍ ബ്രിട്ടാസിന് നല്‍കിയ പഴയൊരു അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങളാണ് അദ്ദേഹം ഓര്‍ത്തെടുത്തത്.
‘ ബ്രാഹ്‌മണ കുടുംബത്തില്‍ നിന്ന് വരുന്നയാളായിട്ടുപോലും ഞാന്‍ എന്തുകൊണ്ടാണ് രണ്ടുതവണ വിവാഹം ചെയ്തത് എന്ന്, ഒരിക്കല്‍ എന്റെ സുഹൃത്ത് എംപി ജോണ്‍ ബ്രിട്ടാസ് എന്നോട് ചോദിച്ചു. കുടുംബമഹിമയും വിവാഹത്തിനും തമ്മില്‍ എന്താണ് ബന്ധമെന്ന് ഞാന്‍ അദ്ദേഹത്തോട് തിരിച്ച് ചോദിച്ചു. ഒരു ഭാര്യ മാത്രമുണ്ടായിരുന്ന ശ്രീരാമന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി ബ്രിട്ടാസ് വീണ്ടും ചോദിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് ഇങ്ങനെ മറുപടി നല്‍കി.’ -കമല്‍ ഹാസന്‍ പറഞ്ഞു.
കൗസല്യ, സുമിത്ര, കൈകേയി എന്നീ മൂന്ന് ഭാര്യമാരാണ് ദശരഥന് ഉണ്ടായിരുന്നത്. ഇക്കാര്യം തന്റെ വിവാഹങ്ങളുമായി ബന്ധപ്പെടുത്തിയാണ് കമല്‍ രസകരമായി മറുപടി നല്‍കിയത്.
വാണി ഗണപതിയാണ് കമല്‍ ഹാസന്റെ ആദ്യഭാര്യ. 1978-ലായിരുന്നു ഇവരുടെ വിവാഹം. 1988-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് സരിക ഠാക്കൂറിനെ കമല്‍ ഹാസന്‍ വിവാഹം ചെയ്തു. 2004 വരെയാണ് ആ ബന്ധം നീണ്ടത്. ഇതിനുശേഷം 2005 മുതല്‍ 2016 വരെ ഗൗതമിയായിരുന്നു കമലിന്റെ ജീവിതപങ്കാളി. എന്നാല്‍ ഇവര്‍ വിവാഹിതരായിരുന്നില്ല.
മണി രത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് ജൂണ്‍ അഞ്ചിനാണ് തിയേറ്ററുകളിലെത്തുക. എ.ആര്‍. റഹ്‌മാനാണ് സംഗീതം.