ബംഗളൂരു: കര്‍ണാടക മുന്‍ ഡിജിപി ഓംപ്രകാശിനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഭാര്യ പല്ലവിയെ പോലീസ് ചോദ്യം ചെയ്തു വരുന്നു.
നഗരത്തിലെ എച്ച്എസ്ആര്‍ ലേഔട്ടിലുള്ള വീടിന്റെ താഴത്തെ നിലയില്‍ തറയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ കുത്തേറ്റാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി സെന്റ ജോണ്‍സ് ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച വൈകുന്നേരം 5.30 ഓടെ ഭാര്യയായ പല്ലവി തന്റെ സുഹൃത്തിനെ വിളിച്ച് ഓം പ്രകാശ് മരിച്ചതായി അറിയിക്കുകയായിരുന്നു. സുഹൃത്താണ് ഉടന്‍ തന്നെ പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്.
പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഒന്നിലധികം കുത്തുകളേറ്റ നിലയിലാണ് ഓം പ്രകാശിനെ കണ്ടെത്തിയത്. വീട്ടില്‍ ബലപ്രയോഗത്തിലൂടെ മറ്റൊരാള്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്താനുമായില്ല. തുടര്‍ന്ന് ഭാര്യയെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവര്‍ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.
2015 മാര്‍ച്ചിലാണ് ഓം പ്രകാശ് കര്‍ണാടക ഡിജിപിയായി ചുമതലയേറ്റത്. അതിന് മുമ്പ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസിന്റെയും ഹോം ഗാര്‍ഡ്സിന്റെയും ചുമതല വഹിച്ചിരുന്നു.
ബിഹാറിലെ ചമ്പാരന്‍ സ്വദേശിയായ ഓംപ്രകാശ് 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്.