വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പിൻ്റെ ഭരണ പരിഷ്ക്കാരങ്ങൾ തലതിരിഞ്ഞതാണെന്ന് ആരോപിച്ച് അമേരിക്കയിലുടനീളം രണ്ടാം തവണയും വ്യാപകമായ രീതിയിൽ പ്രകടനങ്ങൾ. ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി.
വൈറ്റ് ഹൗസിന് മുമ്പിൽ തുടങ്ങി ടെസ്‌ല ഡീലർഷിപ്പുകൾക്ക് മുമ്പിൽ വരെ ആളുകൾ പ്രതിഷേധവുമായി അണിനിരന്നു. അമേരിക്കൻ വിപ്ലവത്തിന്റെ 250-ാം വാർഷികദിനത്തിലാണ് പ്രതിഷേധമുണ്ടായതെന്നും ശ്രദ്ധേയമാണ്.
50501 ഗ്രൂപ്പ് എന്ന പേരിലാണ് പ്രതിഷേധം. 50 സ്റ്റേറ്റുകളിൽ 50 പ്രതിഷേധങ്ങൾ ഒരൊറ്റ ലക്ഷ്യം എന്ന സൂചിപ്പിക്കുന്നതിനാണ് പ്രതിഷേധത്തിന് 50501 എന്ന പേരിട്ടിരിക്കുന്നത്. 50501 ഗ്രൂപ്പ് രാജ്യത്തുടനീളം ഏകദേശം 400 പ്രകടനങ്ങൾ ആസൂത്രണം ചെയ്തിരുന്നു.
ട്രംപിനും അദ്ദേഹത്തിന്റെ ഭരണകൂടത്തിനുമെതിരെ അമേരിക്കയിലുടനീളം ഇത്തരം പ്രകടനങ്ങൾ നടക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇതിനുമുമ്പ്, ഏപ്രിൽ 5ന് സമാനമായ പ്രതിഷേധങ്ങൾ നടന്നിരുന്നു, അതിൽ വലിയ ജനപങ്കാളിത്തവും ഉണ്ടായിരുന്നു.
കുടിയേററക്കാരെ വ്യാപകമായി നാടുകടത്തുന്ന ട്രംപിന്റെ നയത്തിനെതിരെയാണ് പ്രധാനമായും പ്രതിഷേധം. സാമ്പത്തിക നയങ്ങൾക്കെതിരെയും വിമർശനം ശക്തമാവുന്നുണ്ട്.അധിക തീരുവ ചുമത്തിയുള്ള നയവും എതിർപ്പിനു കാരണമായിരുന്നു.
ട്രംപിന്റെ ജനസമ്മതി കുറയുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 47 ശതമാനത്തിൽ നിന്ന് 43 ശതമാനമായാണ് ജനപ്രീതി ഇടിഞ്ഞത്. സാമ്പത്തികനയങ്ങളെ അനുകൂലിക്കുന്നവരുടെ എണ്ണം 42 ശതമാനത്തിൽ 37 ശതമാനമാക്കി കുറച്ചിരുന്നു.
പാലസ്തീൻ ജനതയ്ക്കും സ്വവർഗാനുരാഗി സമൂഹത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പതാകകളും പ്രതിഷേധക്കാർ പിടിച്ചിരുന്നു.