April 21, 2025 11:00 am

സുപ്രീംകോടതിക്കും വഖഫ് ഭേദഗതി നിയമത്തിൽ ആശങ്ക

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിലെ മൂന്ന് സുപ്രധാന വിഷയങ്ങളിൽ സുപ്രീംകോടതിക്കും ആശങ്കയുണ്ടെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി.നിയമത്തിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ഇതു സംബന്ധിച്ച ഉത്തരവ് നാളെ പുറപ്പെടുവിക്കും.

ഉപയോഗത്തിലൂടെയുള്ള വഖഫ് അതല്ലാതാക്കുന്നതിനും ജില്ലാ കലക്ടർക്ക് അമിതാധികാരം നൽകുന്നതിനും വഖഫ് കൗൺസിലിലും ബോർഡുകളിലും അമുസ്‍ലിംകളെ കയറ്റുന്നതിനുമുള്ള വ്യവസ്ഥകളിൽ ഹർജിക്കാർ പ്രകടിപ്പിച്ച ആശങ്കകൾ സുപ്രീംകോടതി ശരിവെച്ചു.അവ മരവിപ്പിച്ച് നിർത്താനായി ഇടക്കാല ഉത്തരവ് ഇറക്കാൻ മൂന്ന് നിർദേശങ്ങളും മുന്നോട്ടുവെച്ചു.

ഒന്ന്: രജിസ്ട്രേഷൻ മൂലമോ കോടതി ഉത്തരവാലോ ഉപയോഗത്തിലൂടെയോ മറ്റേതെങ്കിലും നിലക്കോ വഖഫായി കണക്കാക്കുന്ന സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്ത് അതല്ലാതാക്കരുത്.

രണ്ട്: കലക്ടർമാർക്ക് അന്വേഷണം നടത്താമെങ്കിലും പുതിയ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നടപടി അരുത്.

മൂന്ന്: കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും എക്സ് ഒഫീഷ്യോ അംഗങ്ങളല്ലാത്തവർ എല്ലാവരും മുസ്‍ലിംകളായിരിക്കണം.

എന്നാൽ ഇടക്കാല ഉത്തരവിൽ വേറെ വാദം കേൾക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. തുടർന്ന് വ്യാഴാഴ്ച ഉച്ചക്ക് വാദം തുടർന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.

വിശദമായ ചർച്ച ശേഷമാണ് നിയമം ഭേദഗതി ചെയ്തതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 38 സിറ്റിങ്ങുകൾ നടത്തിയതിനു ശേഷം ആണ് നിയമത്തിൽ ഭേദഗതി വരുത്തിയത് . 98.2 ലക്ഷം നിർദേശങ്ങൾ സ്വീകരിച്ചു. 38 ജെ.പി.സി യോഗങ്ങൾ നടന്നു. രജിസ്റ്റർ ചെയ്ത വഖഫ് സ്വത്തുക്കൾ അതേപടി തുടരുമെന്ന് സർക്കാർ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News