ക്ഷത്രിയൻ.
ചീറ്റപ്പുലി പതുങ്ങുന്നത് കുതിക്കാനാണ് എന്നത് പോലെയുള്ള സംഗതിയാണ് സിപിഐ പ്രതികരിക്കുന്നത് പിൻവലിക്കാനാണ് എന്നത്.
പ്രതികരിക്കുക, അവസാനം അതിൽനിന്ന് പിൻവാങ്ങുക എന്നത് വലതന്മാരെ സംബന്ധിച്ചെടുത്തോളം പ്രവർത്തന രീതിയുടെ ഭാഗമായിട്ട് കാലമേറെയായി.
കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.ശ്രീ, മാസപ്പടിക്കേസ്, മന്ത്രിസഭയുടെ പേര് എന്നിവയിലാണ് സിപി ഐ അവസാനമായി പ്രതികരിച്ചിട്ടുള്ളത്. എല്ലാ വിഷയത്തിലും വല്യേട്ടൻ കണ്ണുമിഴിച്ചിട്ടുണ്ട്.
ഇടത് മുന്നണിയിലെ തിരുത്തൽ ശക്തിയാണ് സിപിഐ എന്നാണ് സിപി ഐക്കാർ തന്നെ പറയാറുള്ളത്. അത് നൂറുശതമാനം ശരിയുമാണ്. പ്രതികരിക്കുക, വെല്യേട്ടൻ കണ്ണുരുട്ടുമ്പോൾ പിൻവലിക്കുക. അതിൽപ്പരം തിരുത്തൽ പിന്നെന്താണുള്ളത്.
വിശ്വത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളും കണ്ട അപൂർവ മലയാളികളിൽ അപൂർവനാണ് പേരിനൊപ്പവും വിശ്വമുള്ള ബിനോയ് വിശ്വം.
സഞ്ചാര വൈപുല്യം അവബോധം വർധിപ്പിക്കുമെന്നുണ്ട്. അതാണ് ബിനോയ് വിശ്വത്തിൻ്റെയും കുഴപ്പം. ഒരു വിഷയമുണ്ടായാൽ പ്രതികരിക്കുന്നത് കേവലം മലയാളികൾക്ക് മാത്രം മനസിലാകുംവിധം എന്നത് ബിനോയിക്കാകില്ല. കാരണം കക്ഷി വിശ്വമഖിലവും കണ്ടയാളാണ്.
മാസപ്പടിക്കേസിൽ വല്യേട്ടനും കാരണഭൂതനും കാണുന്ന ന്യായമല്ല ബിനോയിയുടേത്. പി.എം.ശ്രീ പദ്ധതിയെക്കുറിച്ചാണെങ്കിലും അങ്ങനെ തന്നെ. എന്നുവച്ച് ബിനോയിക്ക് മറുപടി നൽകാൻ കാരണഭൂതനൊന്നും മുന്നോട്ടുവന്നിട്ടുമില്ല. മന്ത്രി വി.ശിവൻ കുട്ടിയാണ് അതിന് തയാറായത്.
ബിനോയി വിശ്വത്തിൻറെ സ്ഥാനം പരിഗണിച്ച് ഗോവിന്ദൻ മാഷെങ്കിലും വേണമായിരുന്നു മറുപടി നൽകാൻ. വെളിയം ഭാർഗവനോ സി.കെ.ചന്ദ്രപ്പനോ ആയിരുന്നെങ്കിൽ കാരണഭൂതൻ തന്നെ മറുപടി നൽകിയേനെ. ആളുവില കല്ലുവില എന്നാണല്ലോ. ബിനോയിക്ക് മറുപടി നൽകാൻ ശിവൻകുട്ടി മതിയെന്ന് കാരണഭൂതൻ തീരുമാനിച്ചുകാണും.
വെളിയം ആശാനും സി.കെ.ചന്ദ്രപ്പനുമൊക്കെ വെട്ടിത്തെളിച്ച പാതയുണ്ട് സി.പി.ഐയിൽ. വെട്ടൊന്ന്, കഷ്ണം രണ്ട് എന്നതായിരുന്നു അവരുടെ രീതി. അതിൽ മാറ്റം വന്നത് കാനം രാജേന്ദ്രൻ്റെ കാലത്താണ്. വിഷയമെന്തായാലും മൗനം വിദ്വാന് ഭൂഷണമെന്ന തീയറി കണ്ടുപിടിച്ചത് കാനമായിരുന്നു. കാനത്തിനാണെങ്കിൽ അതിന് ‘തൻ്റേതായ’ കാരണവുമുണ്ടായിരുന്നു.
നക്സൽ വേട്ടയ്ക്കെതിരെ അതിശക്തമായി പ്രതികരിച്ചവരാണ് സിപിഐ. പ്രതിഷേധം കടുത്തപ്പോൾ വല്യേട്ടൻ കണ്ണുരുട്ടി. അക്കാര്യം പിന്നെ മിണ്ടിയതേയില്ല വലതന്മാർ.
കാനം കിനാവ് കണ്ടതനുസരിച്ച് സെക്രട്ടറിക്കസേരയിൽ എത്തിയതാണ് ബിനോയ്. മരിച്ചുപോയ ആളുടെ സ്വപ്നം വ്യാഖ്യാനം നടത്തി പിന്തുടർച്ചക്കാരനെ നിയോഗിക്കുന്ന സമ്പ്രദായം പണ്ടൊക്കെ നാട്ടുരാജ്യങ്ങളിലുണ്ടായിരുന്നു
പ്രതികരിക്കുന്ന നേരങ്ങളിൽ മദമിളകിയ കാട്ടാനകളെപ്പോലെയാകും സിപിഐ നേതാക്കൾ. വല്യേട്ടനൊന്നു മുരണ്ടാൽ മയക്കുവെടികൊണ്ട അരിക്കൊമ്പൻ തോറ്റുപോകും സിപിഐക്കാരുടെ വിനയം കണ്ടിട്ട്.
എല്ലാ പരസ്യങ്ങളിലും മുഖ്യമന്ത്രിയുടെ മാത്രം പടം കാണുന്നതിലായിരുന്നു ഇടയ്ക്ക് സിപിഐക്കാർക്ക് പരിഭവം. പുഴുക്കടിയ്ക്ക് ജാലിം ലോഷൻ എന്ന് പണ്ട് തൂണായ തൂണിലൊക്കെ കണ്ട പരസ്യം പോലെയായിരുന്നുവത്രെ എല്ലാ പരസ്യങ്ങളിലും കാരണഭൂതനെ കാണുമ്പോൾ വലതന്മാർക്ക് തോന്നിയത്. അത് സംബന്ധിച്ച പരാതി പിന്നെയെവിടെപ്പോയെന്ന് അറിഞ്ഞവരാരും ഇല്ല ഈ ഭൂമിമലയാളത്തിൽ.
മന്ത്രിസഭയെ പിണറായി മന്ത്രിസഭ എന്ന് വിളിക്കുന്നതിലെ അസ്ക്യതയും ബിനോയ് വെളിപ്പെടുത്തിയിട്ടുണ്ട്. ഒന്നാം മന്ത്രിസഭയെ ഇ.എം.എസ്.മന്ത്രിസഭ എന്ന് വിളിക്കുന്നതിൽ പണ്ടേ പരിഭവമുള്ളവരാണ് സിപിഐ. സത്യത്തിൽ ആ മന്ത്രിസഭ സിപിഐയുടേതാണ്.
അന്ന് സിപിഎം പിറന്നിട്ട് കൂടിയില്ല. പിറക്കാത്ത സിപി എമ്മിന് ഒന്നാം മന്ത്രിസഭയുടെ പിതൃത്വം പതിച്ചു നൽകുന്നതിലെ പരിഭവമാണ് ബിനോയിയിൽ നുരഞ്ഞുപൊങ്ങുന്നതെന്ന് ശിവൻ കുട്ടിക്കും അറിയാത്തതല്ലല്ലോ.
പിണറായിയെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിലായി അടുത്ത പരിഭവം. മന്ത്രിസഭയെ പിണറായി മന്ത്രിസഭ എന്ന് വിളിക്കുന്നതിലും സിപിഐക്ക് വേദനയുണ്ട്. ഇടത് പക്ഷത്തേക്കുള്ള ഉൾവിളിയിൽ മുഖ്യമന്ത്രിക്കസേരയിൽനിന്ന് പികെവിയെ വിളിച്ചിറക്കിക്കൊണ്ടുവന്നവർക്ക് സങ്കടം ഇല്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.
മന്ത്രിസഭയുടെ പേരിനെച്ചൊല്ലിയുള്ള സങ്കടത്തിൽ ചില്ലറ ശരി ഇല്ലാതെയുമില്ല. കേരളത്തിലെ ഒന്നാം മന്ത്രിസഭ അന്നും ഇന്നും അറിയപ്പെടുന്നത് ഇ.എം.എസ് മന്ത്രിസഭ എന്നാണ്. സത്യത്തിൽ ഇ.എം.എസ് അന്ന് സിപിഎം ആയിട്ടില്ല. സിപിഐ ആയിരുന്നു ഇ.എം.എസിൻ്റെ പാർട്ടി.
മന്ത്രിസഭ മുഖ്യമന്ത്രിയുടെ പേരിൽ അറിയപ്പെടുന്ന സാഹചര്യമാണ് ഒന്നാം മന്ത്രിസഭയ്ക്ക് സിപിഐ മന്ത്രിസഭ എന്നറിയപ്പെടുന്ന സ്ഥിതി ഇല്ലാതാക്കിയത്. ഇടത് മുന്നണി നേതൃത്വം നൽകുന്ന പിണറായി മന്ത്രിസഭ എന്നാണ് അറിയപ്പെടുന്നതെന്ന ശിവൻ കുട്ടിയുടെ വാദം അംഗീകരിച്ചൽ സിപിഐ നേതൃത്വം നൽകിയ ഇഎംഎസ് മന്ത്രിസഭ എന്നുവേണ്ടേ ഒന്നാം മന്ത്രിസഭ അറിയപ്പെടാൻ.ബിനോയ് ഉദ്ദേശിക്കുന്നതും അത് തന്നെയാകണം.
വല്യേട്ടൻ ജനിക്കുന്നതിന് മുൻപ് ഒന്നിച്ചൊന്നായിരുന്ന കാലത്തും ഒന്ന് പറയുകയും പിന്നീട് മാറ്റിപ്പറയുകയും ചെയ്ത പാരമ്പര്യമുള്ള പാർട്ടിയാണ്. സ്വാതന്ത്ര്യ സമരത്തെ ഒറ്റുക്കൊടുക്കാനും അവസാനം സ്വാതന്ത്ര്യമേ ലഭിച്ചിട്ടില്ലെന്നും പറഞ്ഞവർ സ്വാതന്ത്ര്യാനന്തരം ഡാങ്കേ സിദ്ധാന്തത്തിലൂടെ കോൺഗ്രസിനൊപ്പം ചേർന്നതൊക്കെ ചരിത്രം.
അടിയന്തരവസ്ഥക്കാലത്ത് കോൺഗ്രസിനൊപ്പം. അടിയന്തരാവസ്ഥ കഴിഞ്ഞ എ.കെ.ആൻറണിയും വയലാർ രവിയുമൊക്കെ അടിയന്തരാവസ്ഥയെ തള്ളിപ്പറഞ്ഞിട്ടും കോൺഗ്രസിനൊപ്പം നിന്നവരാണ് സിപിഐ. അവസാനം ഇടത് പാളയത്തിലെത്തിയപ്പോൾ അടിയന്തരാവസ്ഥ കൊള്ളരുതാത്തതായി.
വി.എസ്.അച്യുതാനന്ദൻ മുന്നാറിലേക്ക് മൂന്ന് പൂച്ചകളെ അയച്ചപ്പോൾ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചവരിൽ സിപിഐയുമുണ്ടായിരുന്നു. പൂച്ചകളുടെ മേൽനോട്ടത്തിൽ ജെസിബിയുടെ കൈ സിപിഐ ഓഫീസിലേക്ക് നീണ്ടപ്പോഴാണ് വീണ്ടുവിചാരമുണ്ടായത്.
പാലക്കാട്ടെ ബ്രൂവറിക്കാര്യത്തിൽ സർക്കാറിനെ ഇടങ്ങേറിലാക്കാൻ ഇറങ്ങിത്തിരിച്ചവർ വളരെപ്പെട്ടന്നെ യുടേൺ അടിച്ചത് സമീപകാലം സംഭവം.
ചെമ്മീൻ തുള്ളിയാൽ മുട്ടോളമെന്നുണ്ട്. സിപിഐ ചാടിയാൽ എത്രത്തോളമെന്ന് സിപിഎമ്മിനും അറിയാം. അതിനാൽ ബിനോയിയുടെ പരിഭവം വെള്ളത്തിൽ വരച്ച വരയാകാനേ ഇനിയും സാധ്യതയുള്ളൂ. വല്യേട്ടൻ അംഗീകരിക്കില്ലെന്ന് കരുതി ബിനോയ് പ്രതികരിക്കാതിരിക്കരുത്. ശീലം മറക്കുന്നത് ഉചിതമാകില്ലെന്നാണല്ലോ.