April 16, 2025 3:38 pm

പാട്ടുകള്‍ ഉപയോഗിച്ചു; അജിത് സിനിമയ്ക്ക് ഇളയരാജയുടെ നോട്ടീസ്

ചെന്നൈ : നടൻ അജിത് നായകനായ തമിഴ് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യുടെ നിര്‍മാതാക്കള്‍ക്ക് സംഗീത സംവിധായകന്‍ ഇളയരാജ വക്കീല്‍ നോട്ടീസ്‌ അയച്ചു.അനുവാദമില്ലാതെ തന്റെ പാട്ടുകള്‍ ഉപയോഗിച്ചു എന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം.

അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിന് നോട്ടീസ് നല്‍കിയത്. തന്റെ മൂന്ന് പാട്ടുകള്‍ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാണ് ഇളയരാജ പറയുന്നത്.

1996-ല്‍ പുറത്തിറങ്ങിയ ‘നാട്ടുപുര പാട്ട്’ എന്ന ചിത്രത്തിലെ ഒത്ത രൂപൈ തരേന്‍, 1982-ല്‍ പുറത്തിറങ്ങിയ ‘സകലകലാ വല്ലവ’നിലെ ഇളമൈ ഇതോ ഇതോ, 1986-ലെ ‘വിക്ര’ത്തിലെ എന്‍ജോഡി മഞ്ഞക്കുരുവി എന്നീ പാട്ടുകളാണ് ഈ സിനിമയിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത്.

താന്‍ ഈണമിട്ട പാട്ടുകളുടെ യഥാര്‍ഥ ഉടമ താനാണെന്നും അത്തരം സൃഷ്ടികളുടെ ധാര്‍മികവും നിയമപരവുമായ അവകാശങ്ങള്‍ തനിക്കാണെന്നും ഇളയരാജ നോട്ടീസില്‍ പറയുന്നു.

തന്റെ അനുവാദമില്ലാതെ, പാട്ട് വികലമായി ഉപയോഗിച്ചു. ഇത് പകര്‍പ്പവകാശത്തിന്റെ ലംഘനമാണ്. റോയല്‍റ്റി നല്‍കാതെ തന്റെ സൃഷ്ടിയെ വാണിജ്യപരമായി ദുരുപയോഗംചെയ്തുവെന്നും നോട്ടീസില്‍ പറയുന്നു.

ചിത്രത്തില്‍നിന്ന് പാട്ടുകള്‍ നീക്കംചെയ്യണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസില്‍, ഉപാധികളില്ലാതെ മാപ്പുപറയണമെന്നും അഞ്ചുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെടുന്നു. നോട്ടീസിലെ ആവശ്യങ്ങള്‍ ഏഴുദിവസത്തിനുള്ളില്‍ അംഗീകരിക്കാത്ത പക്ഷം നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News