പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:
ഇന്നലെ വലതു കമ്മ്യൂണിസ്റ്റുകളുടെ (അങ്ങനെയാണല്ലോ ഇടതു കമ്മ്യൂണിസ്റ്റുകൾ അവരെ വിളിച്ചിരുന്നത്, ഇപ്പോൾ അത് ശരിക്കും സത്യവും ആയി) ഒരേ ഒരു പ്രഖ്യാപിത ഇക്കോണോമിസ്റ്റ് വേറെ ഒരു മല്ലു ഇക്കോണമിസ്റ്റുമായി ചേർന്ന് എങ്ങനെ കേരളം ഇത്രയും ധനികരായി?(അതെ അത് തന്നെയാണ് തലക്കെട്ട്) എന്നൊരു ഗമണ്ടൻ “പ്രബന്ധം” (ലോങ്ങ് ഫോം ആർട്ടിക്കിൾ എന്നും പറയാം) വായിച്ചപ്പോൾ കഷ്ടം തോന്നി. മലയാളികളുടെ നിലവാരത്തെക്കുറിച്ച് മേനി പറഞ്ഞു നടക്കുന്ന ഇക്കൂട്ടർ 2016 ശേഷം അവരുടേതായി പ്രചരിപ്പിക്കാൻ തുടങ്ങിയ അരച്ച മാവ് വീണ്ടും അരയ്ക്കുന്നു. ഇടതു പക്ഷം, ഇടതു പക്ഷം ഇടതു പക്ഷം! അത്ര തന്നെ. ഇടതു പക്ഷമെന്നാൽ കേരളം ഭരിച്ച കമ്മ്യൂണിസ്റ്റുകൾ.
കമ്മ്യൂണിസ്റ്റുകൾ കേരളത്തിന് പണമുണ്ടാക്കിക്കൊടുത്തെന്നാണോ?
ഈ ലേഖനത്തിന്റെ തലക്കെട്ടിന് ഒറ്റ വരിയിൽ ഉത്തരം പറയാം.
ദരിദ്രമായിരുന്ന കേരളം അമ്പതു കൊല്ലം കൊണ്ട് പണമുണ്ടാക്കിയത് മലയാളികൾ ഗതി കെട്ട് ഗൾഫിൽ പോകാൻ തുടങ്ങിയതിനു ശേഷം മാത്രം. എങ്ങനെ ഗൾഫിൽ പോയി? അത് പണ്ട് കാലം മുതലേ മലയാളികൾ അങ്ങോട്ട് പോകുമായിരുന്നു, അറബികൾ ഇങ്ങോട്ടു വരുകയും ചെയ്യുമായിരുന്നു എന്നതു കൊണ്ട്. ഗുജറാത്തികൾ ആഫ്രിക്കയിലും, മാർവാഡികൾ ഇന്തോനേഷ്യയിൽ മറ്റും പോയതു പോലെ.വിദ്യാഭ്യാസ നിലവാരം കൊണ്ടാണോ അങ്ങോട്ട് പോയത്? അല്ലെ അല്ല, മുൻഗാമികൾ ഒരു വഴി തുറന്നിട്ടതു കൊണ്ട് ജീവിതം വഴി മുട്ടിയവരെല്ലാം അങ്ങോട്ട് പോയി, അങ്ങനെ ആളുകളുടെ എണ്ണം കൂടി, അവർ അവരെപ്പോലെ ഗതിയില്ലാത്ത ബന്ധുക്കളെയും നാട്ടുകാരെയും കൂടെ കൊണ്ട് പോയി, അങ്ങനെ അവിടെ മലയാളിയ്ക്ക് ഒരു അഡ്രസ്സായി, അറബിക്കിഷ്ടപ്പെട്ടു, വിശ്വസിക്കാൻ പറ്റുന്ന, നന്നായി പണിയെടുക്കുന്ന ഒരു കൂട്ടരാണെന്ന് എസ്റ്റാബ്ലിഷ് ചെയ്തു കഴിഞ്ഞപ്പോൾ അവർക്കും താല്പര്യമായി.
കൂലിപ്പണിക്കു പോയവർ പലരും കച്ചവടക്കാരായി, അറബികളുടെ പാര്ട്ണർമാരായി, അവരുടെ പണം ഇൻവെസ്റ്റ് ചെയ്യുന്നവരായി, അവർ കൂടുതൽ ആൾക്കാരെ കൊണ്ട് പോയി, അവിടത്തെ ഇക്കോണമി വളർന്നപ്പോൾ ഒപ്പം മലയാളിയും വളർന്നു. ആശാരിപ്പണിയും കെട്ടിടപ്പണിയും ചെയ്തു തുടങ്ങിയ ജീവിതം ഷോപ്പിംഗ് മാളുകളിലും, കച്ചവട സ്ഥാപനങ്ങളിലും, “സെർവീസസ്” സ്ഥാപനങ്ങളിലും ഒക്കെയായി കുറേശ്ശേ “ബ്ലൂ-വൈറ്റ്” കോളർ പണിയായി മാറി. അവരുടെ പണമാണ് കേരളത്തെ “ധനികമാക്കിയത്”. അത് പോലെ ഏതാണ് മുപ്പതു ലക്ഷത്തോളം ആളുകൾ മറ്റു സംസ്ഥാനങ്ങളിലും ഉണ്ട്. ഇവരുടെ പണത്തിന്റെ കഥ ആരും പറയുന്നുമില്ല.
ഈ കഥയെ വളച്ചൊടിച്ച് മാർക്സിസ്റ്റുകൾ ഭരിച്ച് പരിഷ്കാരവും, ഉന്നത വിദ്യാഭ്യാസവും നൽകി മലയാളിയെ പ്രവാസിയാക്കി എന്ന കള്ളക്കഥ പ്രചരിപ്പിക്കുകയാണ് ഈ വലതു കമ്മ്യൂണിസ്റ്റ്. വായിച്ചാൽ പരിതാപം തോന്നും. ഗൾഫിലും, മറ്റു സംസ്ഥാനങ്ങളിലും ആദ്യം പോയ മലയാളികൾ വിദ്യാസമ്പന്നരായിരുന്നില്ല – ഇന്ന് കേരളത്തിൽ വരുന്ന ബംഗാളികളെപ്പോലെ വേറെ ഒരു മാർഗവും ഇല്ലാത്തവരായിരുന്നു. അതു കൊണ്ടാണ് ബോംബെയിലും, മദ്രാസിലും, കൽക്കട്ടയിലും, ഡൽഹിയിലും, എന്തിനു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പോലും അവർ ചായക്കടകളും, ബേക്കറികളും നടത്താനും മിലിറ്ററിയൽ ഓർഡർലി വേലക്കാരായും, കുക്കുകളായും, സ്വകാര്യ സ്ഥാപനങ്ങളിൽ പീയൂണുകളായും ഒക്കെ പോയത്. ആ പീയൂണുകൾ പിന്നെ അവിടെ പഠിച്ച് ക്ലർക്കായി ഒരു പക്ഷെ സിഇഒ വരെ ആയ കഥകൾ ഉണ്ട്. അതാണ് ചരിത്രം. അതിന് അക്കാലം മുതലുള്ള മലയാളികളുടെ ഇടയിൽ ഒരു സർവ്വേ നടത്തിയാൽ മതി. പകരം, ഈ റെട്രോ-ഫിറ്റ് ചെയ്ത കള്ളകഥ പ്രചരിപ്പിക്കുകയാണ്.
അൺസഹിക്കബിൾ ആയ ഒരു കാര്യം ഈ “കേരളാ മോഡൽ” വീമ്പിളക്കലാണ്. രണ്ടു കാര്യമാണ് എല്ലാ പേരും അറിയേണ്ടത്. കേരളാ മോഡൽ തൊണ്ണൂറുകൾ വരെയുള്ള വികസന ചരിത്രമാണ്. ദേശീയ ശരാശരിയേക്കാൾ താഴെ പ്രതിശീർഷ വരുമാനമുണ്ടായിരുന്നിട്ടും നമ്മുടെ വികസന സൂചികകൾ വളരെ ഉയർന്നതായിരുന്നു എന്നത്. അതിനു കാരണം മാർക്സിസ്റ്റുകൾ അല്ല! മിഷനറിമാർ, തിരുവിതാംകൂർ സർക്കാർ, പിന്നെ സാമൂഹ്യ പരിഷ്കർത്താക്കൾ എന്നിവർ ഒരു നൂറ്റാണ്ടിലേറെ കാലം മുൻപ് തുടങ്ങിയ വച്ച മാറ്റങ്ങളാണ്. സ്വാതന്ത്ര്യത്തിനു മുൻപേ തന്നെ നമ്മുടെ വികസന സൂചികകൾ ദേശീയ ശരാശരിയേക്കാൾ എത്രയോ മുന്നിലായിരുന്നു. ഈ മാർക്സിസ്റ്റുകൾ നമ്മുടെ ഈ പുരോഗന സംസ്കാരത്തിന്റെ വിളവെടുത്ത ചൂഷകരായിരുന്നു എന്ന് വേണം പറയാൻ. തിരുവിതാംകൂർ – കൊച്ചി പ്രദേശത്തെ സാമൂഹ്യ വികസനത്തിന്റെ ഗുണഭോക്താക്കളായിരുന്നു അവർ, തിരിച്ചല്ല. എങ്കിലും ഈ കള്ളക്കഥ പറഞ്ഞു പ്രചരിപ്പിക്കും.
ഇനി ഈ സ്വാതന്ത്ര്യാനന്തര കേരളാ മോഡൽ കാലത്ത് – 1957 മുതൽ 1990 വരെ – എത്ര വർഷമാണ് മാർക്സിസ്റ്റുകൾ കേരളം ഭരിച്ചത്? കഷ്ടിച്ച് ഏഴു കൊല്ലം! ബാക്കി മുഴുവൻ ഭരിച്ചത് കോൺഗ്രസ്സും, കോൺഗ്രസ്സ് പ്രധാന കക്ഷിയായ ഐക്യ മുന്നണിയുമാണ്. അങ്ങനെ നോക്കിയാൽ അവർക്കാണ് കേരളാ മോഡലിന്റെ അവകാശം. ഈ മാർക്സിസ്റ്റുകൾ ഭരണത്തിൽ ഇല്ലാതിരുന്നതു കൊണ്ട് കേരളം രക്ഷപ്പെട്ടു എന്ന് വേണം പറയാൻ. തൊണ്ണൂറുകൾ കഴിഞ്ഞപ്പോൾ എല്ലാം സ്വകാര്യവൽക്കരിക്കപ്പെട്ടു, ഗൾഫ് പണം ഒഴുകാൻ തുടങ്ങി, ഗൾഫിൽ പണം കൂടിയപ്പോൾ നമ്മുടെ പണവും കൂടി. കേരളാ മോഡൽ എന്ന തീസിസ് തന്നെ ഇല്ലാതായി. കേരളം ധനികമായി. ഇന്ന് ആരോഗ്യത്തിന്റെ അറുപതു ശതമാനത്തിലേറെ, വിദ്യാഭ്യാസത്തിന്റെ ബഹുഭൂരിപക്ഷവും (എയ്ഡഡ് ആണെങ്കിൽ പോലും) സ്വകാര്യമാണ്. ഇക്കാണുന്ന കെട്ടിടങ്ങൾ, കടകൾ, മാളുകൾ, മോടി ധാടി എല്ലാം ആ പണമാണ്. സർക്കാരിന് വളരെ തുശ്ചമായ റോൾ മാത്രം.
എങ്ങനെ ഇത്രയും ധനികമായെന്നല്ലേ ചോദ്യം. എത്രയോ വര്ഷങ്ങളായി വന്നു കുമിഞ്ഞു കൂടിയ ലക്ഷക്കണക്കിന് കോടി രൂപ റെമിറ്റൻസ്, അത് തന്നെ! ലോകത്തു തന്നെ ഒന്നോ രണ്ടോ കുട്ടിരാജ്യങ്ങളിൽ അല്ലാതെ ഇങ്ങനെ മൊത്തം വരുമാനത്തിന്റെ സിംഹഭാഗവും റെമിറ്റൻസ് ആയി വരുന്ന ഒരു പ്രദേശമില്ല, അത് തുടങ്ങിയത് മുകളിൽ എഴുതിയതു പോലെ വിദ്യാഭ്യാസ മേന്മ കൊണ്ടല്ല വേറെ മാർഗ്ഗമില്ലാത്ത മലയാളി നാട് വിട്ടോടി പോയതു കൊണ്ടാണ്. ഉർവ്വശീ ശാപം ഉപകാരപ്രദമായ പോലെ.
കേരളാ മൈഗ്രെഷൻ സർവ്വേകൾ പരിശോധിക്കണം. റെമിറ്റൻസ് പണമില്ലായിരുന്നെങ്കിൽ കേരളത്തിന്റെ വാർഷിക വളർച്ച മൂന്നു ശതമാനത്തിൽ ഒതുങ്ങിയേനെ എന്നാണ്. ഇതൊന്നും കണ്ടു പിടിക്കാൻ റോക്കറ്റ് സയൻസ് ഒന്നും അറിയണ്ട, കണക്കറിയുന്ന ഇക്കോണമിസ്റ്റുകൾ മതി, പക്ഷെ നമുക്കുള്ളത് “ഇടത്” ബ്ലാ ബ്ലാ ഇക്കോണോമിസ്റ്റുകളാണല്ലോ. മൈഗ്രേഷൻ സർവ്വേ റിപോർട്ടുകൾ പറയുന്നുണ്ട് നമ്മുടെ ഉപഭോഗത്തിനും, അതിനനുബന്ധമായ ഇൻവെസ്റ്റ്മെന്റിനും എഴുപതു ശതമാനവും ഉപയോഗിക്കുന്നത് ഈ കാശ് തന്നെയാണ് എന്ന്. അല്ലാതെ ഇത്രയും പണം ജനെറേറ്റ് ചെയ്യുന്ന എന്ത് ആഭ്യന്തര ഉത്പാദനമാണ് നമുക്കുള്ളത്?
കേരളത്തിന്റെ കള്ളകഥകൾ പൊളിക്കേണ്ട സമയം എന്നെ അതിക്രമിച്ചിരിക്കുന്നു. 2016 ശേഷമാണ് സംഗതി ഇത്രയും വഷളായത്. ഞങ്ങൾക്കു മുൻപ് നരകവും, ഞങ്ങൾക്കു ശേഷം പ്രളയവും എന്ന രീതിയിൽ പോസ്റ്റ്-ട്രൂത് നരേറ്റിവുകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്ന ഒരു വലിയ പരാദ സംഘത്തെയാണ് കഴിഞ്ഞ പത്തു വർഷമായി വളർത്തിയെടുത്തത്. യഥാർത്ഥ ഹീറോ മലയാളിയാണ്, അതിന് വഴി തെളിച്ചത് മിഷനറിമാരും, തിരുവിതാംകൂർ ഭരണകൂടവും, ചില സാമൂഹ്യ നേതാക്കളും അവരുടെ പുരോഗമന പ്രസ്ഥാനങ്ങളും, പിന്നെ കോൺഗ്രസ്സുമാണ്.
അച്യുതമേനോന്റെ 1970-77 നെ ഈ കള്ളക്കഥയ്ക്ക് ബലമുണ്ടാക്കാൻ മാർക്സിസ്റ്റാക്കേണ്ട, അദ്ദേഹം കോൺഗ്രസ്സിനോടടുത്ത ഒരു ഇടതു പക്ഷക്കാരനായിരുന്നു, കോൺഗ്രസ്സിന്റെ സഹായവും, ഇന്ദിരാ ഗാന്ധിയുടെ തന്നെ സഹായവും ആയിരുന്നു അദ്ദേഹത്തിന്റെ വികസന സംരംഭങ്ങളുടെ അടിത്തറ.അങ്ങനെ ഒരു സുവർണ കാലം കേരളത്തിൽ ഇനിയുണ്ടാവുമോ എന്നറിയില്ല. ആഗോളവൽക്കരണം തുടങ്ങിയ കിഴക്കനേഷ്യയിൽ ഇലക്ട്രോണിക്സ് ഇൻഡസ്ട്രി വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു തുടങ്ങിയപ്പോൾ, പൂർണമായും സർക്കാർ സംവിധാനങ്ങൾ മാത്രമുള്ള ഒത്തിരിടത്ത് ആ ഇലക്ട്രോണിക്സ് സംസ്കാരം കൊണ്ട് വരാൻ ശ്രമിച്ച ആ മനുഷ്യന്റെ കൂടെയുണ്ടായിരുന്നത് കോൺഗ്രസ്സായിരുന്നു. അത് പോലെ ശാസ്ത്രീയ, വിദ്യാഭ്യാസ രംഗത്തെ ഉന്നമനത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ. ഇന്ത്യയിൽ ആദ്യമായിട്ടായിരുന്ന അങ്ങനെയൊരു സംരംഭം. അങ്ങനെ തുടങ്ങിയ എല്ലാത്തിനെയും രാഷ്ട്രീയവൽക്കരിച്ച്, പാർട്ടിപരാദങ്ങളെക്കൊണ്ട് നിറച്ച് നശിപ്പിച്ചു കളഞ്ഞതാണ് മാർക്സിസ്റ്റുകളുടെ സംഭാവന.
ചരിത്രം, ഇക്കണോമിക്സ്, രാഷ്ട്രീയ മീമാംസ എന്നീ രംഗങ്ങളിലും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസം ഇത്രയും മോശമായത് കൊണ്ടാണ് എല്ലാ ഗവേഷണങ്ങളും ഈ മാർക്സിസ്റ്റുകളുടെ അച്ചിൽ വാർത്തതായിപ്പോയത്. ശരിക്കുമുള്ള വിദ്യാഭ്യാസം വേണമെന്നുള്ളവർ നാട് വിട്ടു പോയി. ഇന്നും പോയിക്കൊണ്ടിരുന്നു. കേട്ട കള്ളക്കഥകൾ കഥകൾ തന്നെ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു. മാർക്സിസ്റ്റുകളുടെ മക്കൾക്ക് ഇപ്പോൾ മദ്രാസ്, ബോംബെ, ഡൽഹി പിന്നെ യൂറോപ്പ് എന്നിവയാണ് പഥ്യം.