April 18, 2025 9:51 pm

മുംബൈ സ്ഫോടനത്തിന് മലയാളി ബന്ധം ?

കൊച്ചി: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ തഹാവൂര്‍ റാണയ്ക്കും ഡേവിഡ്
ഹെഡ്‍ലിക്കും ഭീകര പ്രവർത്തനം നടത്താൻ കൊച്ചിയിൽ നിന്ന് സഹായം ലഭിച്ചതായി സൂചനകൾ പുറത്തുവന്നു. ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയുടെ കസ്റ്റഡിയിലുള്ള സാക്ഷി കൊച്ചിയിൽ നിന്നാണെന്നാണ് വിവരം.

റാണയ്ക്കും ഹെഡ്‍ലിക്കും ഇന്ത്യയില്‍ എത്തിയപ്പോൾ ഇയാളാണ് സഹായം നൽകിയത്. ഇയാൾക്കൊപ്പം തഹാവൂര്‍ റാണയെയും കൊച്ചിയിൽ എത്തിച്ച് തെളിവ് ശേഖരിക്കാൻ എൻഐഎ ഒരുങ്ങുകയാണ്.

റാണയെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥ സംഘത്തിൽ കൊച്ചി എൻഐഎ യൂണിറ്റിലെ രണ്ടു ഉദ്യോഗസ്ഥരുമുണ്ട്. തഹാവൂർ റാണയ്ക്ക് കൊച്ചിയിലടക്കം ആര് സഹായം നൽകി എന്നത് എൻഐഎ അന്വേഷിക്കുന്നുണ്ട്.

ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയിൽ എത്തിയതെന്ന് റാണ പറഞ്ഞുവെന്നുള്ള സൂചനകൾ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് റാണയെയും ഹെഡ്‍ലിയെയും ഇന്ത്യയിൽ സഹായിച്ച ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്തത്.

റാണയുടെ നിർദ്ദേശപ്രകാരമാണ് ഹെഡ്‍ലിയെ ഇന്ത്യയിൽ സ്വീകരിച്ചതെന്ന് ഇയാള്‍ മൊഴി നൽകിയത്. മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത് ദുബായിലെന്നാണ് സൂചന. പാകിസ്ഥാൻ ഏജൻസിയായ ഐഎസ്ഐയുടെ ഏജൻറുമായി തഹാവൂർ റാണ ആദ്യ ചർച്ച നടത്തിയത് ദുബായിൽ വച്ചാണെന്നാണ് എൻഐഎ കണ്ടെത്തിയിട്ടുള്ളത്.

മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ഡേവിഡ് ഹെഡ്‍ലിയുടെ നിർദേശപ്രകാരമായിരുന്നു കൂടിക്കാഴ്ച. ഐഎസ്ഐ ബന്ധമുള്ളയാൾ ഇരുവരുടെയും ബാല്യകാല സുഹൃത്താണെന്നാണ് സൂചന. യു എസ് കൈമാറിയ വിവരത്തിൽ ഇയാളുടെ പേരില്ല.

മുംബൈ സ്ഫോടനം നടക്കുന്നതിന് പത്ത് ദിവസം മുമ്പ് റാണ കൊച്ചിയിൽ വന്ന് താമസിച്ചത് എന്തിനാണെന്നാണ് എൻ ഐ എ പരിശോധിക്കുന്നത്.

റാണ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും എൻഐഎ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News