April 18, 2025 9:01 pm

എഡിജിപി അജിത് കുമാറിന് എതിരെ കേസെടുക്കാൻ ശൂപാർശ

തിരുവനന്തപുരം: എഡിജിപി: പി.വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച എഡി ജി പി: എം ആർ അജിത് കുമാറിൻ്റെ പേരിൽ കേസെടുക്കാമെന്ന് സര്‍ക്കാരിന് സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശ.

വിജയന്‍ നല്‍കിയ പരാതിയിലാണ് പോലീസ് മേധാവി ഈ നിലപാട് കൈക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല അടുപ്പമുള്ള അജിത് കുമാറിന് എതിരായ ഈ ശുപാര്‍ശയില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

കരിപ്പൂര്‍ വിമാനത്താവള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ പരാതിയില്‍ അജിത്കുമാര്‍ കൊടുത്ത മൊഴിക്കെതിരേയാണ് വിജയന്‍ പരാതി നല്‍കിയിരുന്നത്.

സ്വര്‍ണക്കടത്തില്‍ വിജയന് ബന്ധമുണ്ടെന്ന് എസ്.പി:സുജിത് ദാസ് പറഞ്ഞിരുന്നതായാണ് അജിത്കുമാറിൻ്റെ
മൊഴി. ഇത് സുജിത് ദാസ് നിഷേധിച്ചിരുന്നു.

മൊഴി അസത്യമാണെന്നും അതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിജയന്‍, പോലീസ് മേധാവിക്ക് കത്തുനല്‍കുകയായിരുന്നു. അദ്ദേഹം ഈ കത്ത് സര്‍ക്കാരിന് കൈമാറുകയും ചെയ്തു.

തനിക്ക് ബന്ധമുള്ള തിരുവനന്തപുരത്തെ വ്യവസായി മുജീബുമായി വിജയനും ബന്ധമുണ്ടെന്ന് അജിത്കുമാര്‍ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് കാലത്ത് വിജയന്‍ നേതൃത്വം നല്‍കിയ ഭക്ഷണവിതരണ പരിപാടിയില്‍ മുജീബും ബന്ധപ്പെട്ടിരുന്നു.

മാമി തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട ആഷിക്ക് എന്ന വ്യക്തിയുമായി മലപ്പുറത്തെ ‘നന്മ’ എന്ന സംഘടനവഴി വിജയനു ബന്ധമുണ്ടായിരുന്നെന്നും അജിത്കുമാറിന്റെ മൊഴിയിലുണ്ട്. തന്നെ കുറ്റവാളിയാക്കാനുള്ള ശ്രമമാണ് അജിത്കുമാര്‍ നല്‍കിയ മൊഴിയെന്നു കാട്ടിയാണ് വിജയന്‍ പരാതിനല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News